ഓരോ വീട്ടിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചുകൊണ്ട് കുടുംബ ബഡ്ജറ്റില്‍ നിന്നും വൈദ്യുതി ചെലവ് മാത്രമല്ല, പാചക വാതകത്തിന്റെ ചെലവും, വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വഴി ഇന്ധന ചെലവും ലാഭിക്കാം: ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ. കൃഷ്ണന്‍ കുട്ടി
ഓരോ വീട്ടിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചുകൊണ്ട് കുടുംബ ബഡ്ജറ്റില്‍ നിന്നും വൈദ്യുതി ചെലവ് മാത്രമല്ല, പാചക വാതകത്തിന്റെ ചെലവും, വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വഴി ഇന്ധന ചെലവും ലാഭിക്കാമെന്ന് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ. കൃഷ്ണന്‍ കുട്ടി അഭിപ്രായപ്പെട്ടു. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പില്‍ സ്ഥിതിചെയ്യുന്ന കുട്ടനാട് 66 കെവി സബ് സ്റ്റേഷന്റെ ശേഷി ഉയര്‍ത്തി 110 കെവി സബ് സ്റ്റേഷന്‍ ആക്കുന്നത്തിനുള്ള നവീകരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാടില്‍ ആധുനിക സോളാര്‍ പമ്പുകള്‍ സ്ഥാപിച്ചാല്‍, വൈദ്യുതി ചെലവ് കുറയുമെന്ന് മാത്രമല്ല, ആവശ്യത്തിലധികമുള്ള വൈദ്യുതി ഗ്രിഡിലേക്ക് നല്‍കി കര്‍ഷകന് അധിക വരുമാനവും ഉറപ്പാക്കാം.
നെടുമുടി സെന്റ് ജെറോംസ് പള്ളി (നസ്രത്ത് പള്ളി) ആഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹു. കുട്ടനാട് എം എല്‍ എ ശ്രീ.തോമസ് കെ തോമസ് അദ്ധ്യക്ഷത വഹിച്ചു.
ഈ പദ്ധതി കേരള സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 19.25 കോടി രൂപ ചെലവില്‍ പ്രളയ പ്രതിരോധ ശേഷിയുള്ള സബ് സ്റ്റേഷനായാണ് പുനര്‍നിര്‍മ്മിക്കുന്നത്. 2018ലെ പ്രളയത്തില്‍ ഈ സബ് സ്റ്റേഷന്‍ അടക്കം കുട്ടനാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വൈദ്യുതി സ്റ്റേഷനുകളും ആഴ്ചകളോളം പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിന് പരിഹാരമായി നൂറ്റാണ്ടിലെ മഹാപ്രളയം ആയി കണക്കാക്കുന്ന 2018ലെ പ്രളയ ജലനിരപ്പിന് മുകളിലാണ് ഈ പദ്ധതിയില്‍ സബ് സ്റ്റേഷനിലെ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത്. 1973ല്‍ സ്ഥാപിതമായ നിലവിലുള്ള 66 കെ.വി. സബ് സ്റ്റേഷന്‍, നെല്‍കൃഷി കാലയളവുകളില്‍ ഏതാണ്ട് 85 ശതമാനത്തോളം ലോഡ് ചെയ്യുന്നുണ്ട്.
സമുദ്രനിരപ്പിന് നാലുമുതല്‍ പത്തുവരെ അടി താഴെ സ്ഥിതിചെയ്യുന്ന കുട്ടനാടിന്‍റെ ഭൂപ്രദേശം ഏറെ സവിശേഷതകള്‍ ഉള്ളതും എന്നാല്‍ പ്രളയം ഏറെ ബാധിക്കുന്നതുമാണ്. ഇവിടെ പ്രളയജലം പമ്പ് ചെയ്ത് കളയുന്നതിനും കൃഷിയാവശ്യങ്ങള്‍ക്കും പൂര്‍ണ്ണമായും വൈദ്യുതിയെയാണ് ആശ്രയിക്കുന്നത്. ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടുകൂടി കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ മങ്കൊമ്പ്, കൈനകരി, ചമ്പക്കുളം, കിടങ്ങറ, പള്ളം പുഞ്ച ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ക്ക് കീഴില്‍ വരുന്ന അര ലക്ഷത്തിന് മുകളില്‍ ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള വൈദ്യുതി ഉറപ്പുവരുത്തുവാന്‍ കഴിയും. കേരളത്തിന്റെ ഒരു ടൂറിസം ഹബ്ബായി കൂടി മാറിക്കൊണ്ടിരിക്കുന്ന കുട്ടനാടിന്റെ ഏറിവരുന്ന വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാൻ ഈ നവീകരണ പദ്ധതി ഏറെ മുതല്‍ക്കൂട്ടാകും.
ചടങ്ങില്‍ കെ.എസ്.ഇ.ബി.എല്‍. ചെയര്‍മാന്‍ ഡോ.ബി.അശോക് IAS സ്വാഗതവും, കെ.എസ്.ഇ.ബി.എല്‍. ഡയറക്ടര്‍ ശ്രീ.രാജന്‍ ജോസഫ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ജി രാജേശ്വരി, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.