കെ എസ് ഇ ബി എല്‍ പൊതുമേഖലയിൽ നിൽക്കുന്നതു കൊണ്ടാണ് എല്ലാ വിഭാഗം ജനങ്ങൾക്കും വൈദ്യുതി എത്തിക്കാൻ സാധിച്ചത്: ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണന്‍ കുട്ടി
കെ എസ് ഇ ബി എല്‍ പൊതുമേഖലയിൽ നിൽക്കുന്നതു കൊണ്ടാണ് എല്ലാ വിഭാഗം ജനങ്ങൾക്കും വൈദ്യുതി എത്തിക്കാൻ സാധിച്ചതെന്ന് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻകുട്ടി പറഞ്ഞു. എറണാകുളത്ത് പുതുതായി നിർമ്മിച്ച ഗിരിനഗർ സെക്ഷൻ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന പുതിയ പദ്ധതി പ്രകാരം എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സമയബന്ധിതമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കേണ്ടിവരും. അതോടു കൂടി വൈദ്യുതി ചാർജ് മുൻകൂറായി അടയ്ക്കേണ്ട സാഹചര്യമാണ് ഉണ്ടാവുക എന്നും മന്ത്രി അറിയിച്ചു.
റീജിയണല്‍ വെയര്‍ ഹൗസ് കോര്‍പ്പറേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീ.ടി.ജെ വിനോദ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ബഹു. കൊച്ചി കോർപ്പറേഷൻ മേയർ ശ്രീ.എം അനിൽകുമാർ, ശ്രീ.പി.ടി.തോമസ് എംഎൽഎ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. കെ എസ് ഇ ബി എല്‍ ന്റെ ഡയറക്ടർ (ഡിസ്ട്രിബ്യൂഷൻ & ഐ ടി) ശ്രീ. രാജ്കുമാർ സ്വാഗതവും, മധ്യമേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനിയർ ശ്രീ.എം എ ടെൻസൺ റിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ ജനപ്രതിനിധികൾ, കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം ജില്ലയിലെ കൊച്ചി കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന ഗിരിനഗര്‍ ഇലക്ടിക്കല്‍ സെക്ഷന്റെ കീഴില്‍ 28,000 LT ഉപഭോക്താക്കളും 50 HT ഉപഭോക്താക്കളും ഉണ്ട്. പ്രസ്തുത സെക്ഷന്‍ പഴയ ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്വന്തമായി ഒരു കെട്ടിടം പണിയുന്നതിന് 1.05 കോടി രൂപയുടെ ഭരണാനുമതി 2018-ല്‍ കേരള സ്റ്റേറ്റ് ഇലക്ടിസിറ്റി ബോര്‍ഡ് ലിമിറ്റഡ് നല്‍കിയിരുന്നു.
കെ.എസ്.ഇ.ബി.എല്‍.ന്റെ പ്രസരണ വിഭാഗത്തിന്റെ കീഴില്‍ ഗാന്ധിനഗറില്‍ ഉള്ള 15 സെന്റ് സ്ഥലത്ത് 2200 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഓഫീസ് കെട്ടിടം പണി 2020 ഏപ്രില്‍ മാസം ആരംഭിച്ച് 2021 ആഗസ്റ്റ് മാസം പണി പൂര്‍ത്തിയാക്കുകയും ചെയ്തു. കെട്ടിട നിര്‍മ്മാണത്തിന് ഏകദേശം 85 ലക്ഷം രൂപയാണ് ചെലവായത്.
ഉപഭോക്താക്കള്‍ക്ക് സൌകര്യപ്രദമായ രീതിയില്‍ സെക്ഷനോഫിസിന്റെ എല്ലാ സൌകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് കെട്ടിടം സജ്ജീകരിച്ചിട്ടുള്ളത് പുതിയ കെട്ടിടത്തിന്റെ അന്തരീക്ഷം ജീവനക്കാരുടെ ആത്മവിശ്വാസം കൂട്ടുന്നതും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ത്വരിതഗതിയില്‍ ഉറപ്പാക്കുന്നതുമാണ്.