നിര്‍മ്മാണം പുരോഗമിക്കുന്ന ജല വൈദ്യുത പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 70 ശതമാനത്തിലകം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പദ്ധതിപ്രദേശത്ത് എത്തിയ അദ്ദേഹം ജീവനക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കൃത്യമായ ഇടവേളകളില്‍ പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നുണ്ട്. ഓരോ പദ്ധതിയും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. യോഗത്തില്‍ നടത്തിയ വിലയിരുത്തല്‍ പ്രകാരം 2022 മേയ് മാസത്തോടെ തോട്ടിയാര്‍ പദ്ധതി പൂര്‍ത്തിയാക്കി വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിയുന്നതാണ്.
നിര്‍മ്മാണം പുരോഗമിക്കുന്ന 24 മെഗാവാട്ട് ശേഷിയുള്ള പെരിങ്ങല്‍കുത്ത് എക്സ്ടെന്‍ഷന്‍ പദ്ധതി പ്രദേശം കഴിഞ്ഞമാസം ബഹു.മന്ത്രി സന്ദര്‍ശിക്കുകയും 2022 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്യുകയുണ്ടായി.