Make the most of solar energy projects: Minister of State for Power Shri K Krishnan Kutty

 

കുടുംബ ബജറ്റിന് വലിയ ആശ്വാസമാണ് പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങളെന്ന്‍ ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ മിനി വൈദ്യുതി ഭവനത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ചാര്‍ജ് കുറയ്ക്കാമെന്ന് മാത്രമല്ല, വൈദ്യുത വാഹന ഉപയോഗത്തിലൂടെ ഇന്ധന ചെലവ് കുറയ്ക്കാനുമാകും. പാചകവും വൈദ്യുതിയിലാക്കിയാല്‍ പാചക വാതക വിലയും ലാഭിക്കാം. 3 KW വരെ 40 % സബ്സിഡിയും അതിന് പുറമേ കെ എസ് ഇ ബിയുടെ മുതല്‍മുടക്കോടെയുമാണ് പുരപ്പുറ സോളാര്‍ പദ്ധതിയുടെ കേരള മോഡല്‍ നടപ്പാക്കുന്നത്. കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പി എം കുസും പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ നമ്മുടെ കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതികൊണ്ട് അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക മാത്രമല്ല, അവരുടെ ഉപയോഗം കഴിഞ്ഞുള്ള അധിക വൈദ്യുതി ഗ്രിഡിലേക്ക് നല്‍കിക്കൊണ്ട് അധിക വരുമാനം നേടുകയും ചെയ്യാം. ഇത്തരം പദ്ധതികള്‍ ജനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് ബഹു. മന്ത്രി ആഹ്വാനം ചെയ്തു.

ചിത്ര കമ്മ്യൂണിറ്റി ഹാള്‍, പട്ടാമ്പിയില്‍ നടന്ന ചടങ്ങില്‍ ബഹു. പട്ടാമ്പി എം. എല്‍. എ. ശ്രീ. മുഹമ്മദ്‌ മുഹസിന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി.ഒ ലക്ഷ്മികുട്ടി, പട്ടാമ്പി നഗര സഭ ചെയര്‍ പേഴ്സൺ, ശ്രീമതി.സജിതാ വിനോദ്, പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് പട്ടാമ്പി, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ കെ എസ് ഇ ബി എല്‍ ട്രാൻസ്‍ഗ്രിഡ് ചീഫ് എന്‍ജിനീയര്‍ ശ്രീ. കെ ബി സ്വാമിനാഥന്‍ സ്വാഗതവും കെ എസ് ഇ ബി എല്‍ കോഴിക്കോട് വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ ടി എസ് സന്തോഷ്‌ കുമാര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കേരള സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ ലിമിറ്റഡിന്റെ ഉത്തരമേഖലാ വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുന്ന ഷൊര്‍ണ്ണൂര്‍ ഇലക്ടിക്കല്‍ സര്‍ക്കിളിന്‌ കീഴില്‍ വരുന്ന പട്ടാമ്പി ഇലക്ട്രിക്കല്‍ ഡിവിഷന്റെ കീഴില്‍ പട്ടാമ്പി, തൃത്താല എന്നീ 2 ഇലക്ടിക്കല്‍ സബ്‌ ഡിവിഷനാഫീസുകളും തൃത്താല, കുമ്പിടി, കൂട്ടുപാത, പടിഞ്ഞാറങ്ങാടി, പെരിങ്ങോട്‌, ചാലിശ്ശേരി, പട്ടാമ്പി, കൊപ്പം, വിളയൂര്‍, തിരുവേഗപ്പുറ, മുതുതല, വല്ലപ്പുഴ, ഓങ്ങല്ലൂര്‍ എന്നീ 13 ഇലക്ട്രിക്കല്‍ സെക്ഷനാഫീസുകളും പ്രവര്‍ത്തിച്ചു വരുന്നു. 2 ലക്ഷത്തോളം വരുന്ന വൈദ്യുതി ഉപഭോക്താക്കള്‍ക്ക്‌ “സേവനം വാതില്‍പ്പടിയില്‍ ” ഉള്‍പ്പടെയുള്ള മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്‌ ഈ ഓഫീസുകള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചുവരുന്നു.

പട്ടാമ്പി ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസും പട്ടാമ്പി ഇലക്ട്രിക്കല്‍ സബ്‌ ഡിവിഷന്‍ ഓഫീസും പട്ടാമ്പി സെക്ഷനാഫീസും ഇപ്പോള്‍ വിവിധ വാടക കെട്ടിടങ്ങളില്‍ പരിമിതമായ സൗകര്യങ്ങളിലാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. പട്ടാമ്പി മരുതൂരിലുള്ള 33 കെ.വി. സബ്സ്റ്റേഷനു സമീപത്ത്‌ സ്വന്തമായ ഒരു കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ ഈ മൂന്ന്‌ ഓഫീസുകളും ഒരൊറ്റ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയും ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ സൗകര്യപ്രദമാവുകയും ചെയ്യും.

ഏകദേശം 1 കോടി മുതല്‍ മുടക്കില്‍ 5200 ചതുരശ്ര അടിയില്‍ രണ്ടു നിലയുള്ള ഒരു മിനി വൈദ്യുതി ഭവനത്തിന്റെ നിര്‍മ്മാണത്തിനാണ് ഇവിടെ തുടക്കമിട്ടത്.