നിലാവിൽ തിളങ്ങി കേരളം
പ്രകാശിച്ചത് 2,51,893 എൽഇഡി ബൾബുകൾ
—
സംസ്ഥാനത്ത് വെളിച്ചമില്ലാത്ത ഒരു പൊതുനിരത്തും ഉണ്ടാകരുതെന്ന സർക്കാരിന്റെ തീരുമാനമാണ് നിലാവ് പദ്ധതി ആവിഷ്ക്കരിക്കാൻ ഇടയാക്കിയത്. കെഎസ്ഇബി തദ്ദേശ സ്വയംഭരണ വകുപ്പ് വഴി നടപ്പിലാക്കി വരുന്ന ‘നിലാവ്’പദ്ധതി അതിന്റെ പൂർണ്ണതയിലേക്കുളള സഞ്ചാരത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തെരുവുവിളക്കുകൾ എൽഇഡിയിലേക്ക് മാറിയതോടെ ഊർജ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി ആഘാതവും ലഘൂകരിക്കാൻ കഴിഞ്ഞു. കേരളത്തിലെ പരമ്പരാഗത തെരുവുവിളക്കുകൾ മാറ്റി എൽഇഡി ലൈറ്റുകളിലേക്കുള്ള മാറ്റത്തിലാണിപ്പോൾ. നിലാവെളിച്ചം പോലെ വെളിച്ചം നൽകുന്ന ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് .
കിഫ്ബിയുടെ സഹായത്തോടെ 289.82 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ കെഎസ്ഇബിയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം കെഎസ്ഇബി ലൈറ്റുകൾ വാങ്ങി പോസ്റ്റുകളിൽ സ്ഥാപിച്ചു വരികയാണ്. ഈ ലൈറ്റുകളുടെ പരിപാലന ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്.
സംസ്ഥാനത്താകെയുള്ള 16.24 ലക്ഷം തെരുവ് വിളക്കുകളിൽ 10.05 ലക്ഷം പരമ്പരാഗത ഇലക്ട്രിക്ക് ബൾബുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ നിലാവ് പദ്ധതിപ്രകാരം എല്ലായിടത്തും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു വരുന്നു. പദ്ധതിയിലൂടെ വൈദ്യുതി വിതരണത്തിലെ ഊർജ നഷ്ടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബിൽ ഇനത്തിൽ നൽകി വരുന്ന അധിക ചിലവും ഒഴിവാക്കാൻ കഴിയും. വൈദ്യുതി ബോർഡിന്റെ കണക്കനുസരിച്ച് 2,51,893* (ഫെബ്രുവരി 19 വരെ) ലക്ഷം എൽഇഡി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത് പൂർത്തീകരിച്ചു. എന്നും നിലനിൽക്കുന്ന നിലാവായി സംസ്ഥാനത്തെ തെരുവോരങ്ങളിൽ ഊർജസംരക്ഷണം ഉറപ്പാക്കി കൂടുതൽ വെളിച്ചമേകി നിലാവ് പദ്ധതി മുന്നോട്ടാണ്.