ഇലക്ട്രിക് വാഹന ചാർജിങ് ലളിതമാക്കി കെഎസ്ഇബി
ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയം കൂടിയതോടെ അതിവേഗ ചാർജിങ്ങും പാതയോര ചാർജിങ് സ്റ്റേഷനുകളും ലളിതവും വ്യാപകവും ആക്കാൻ കെഎസ്ഇബി. പാതയോരങ്ങളിൽ വൈദ്യുതി പോസ്റ്റുകളിൽ പഴയകാല കോയിൻ ടെലിഫോൺ ബൂത്ത് പോലുള്ള ചാർജിങ് സംവിധാനങ്ങളാണ് ഒരുക്കുന്നത്.
ചാർജ് ചെയ്യുന്നതിന് ആദ്യം chargeMOD എന്ന മൊബൈൽ ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യണം. ഈ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ, User name & പാസ്‌വേഡ് നൽകിയശേഷം ഓൺലൈൻ പെയ്മെൻറ് വാലറ്റുമായി ബന്ധിപ്പിക്കണം. ഓൺലൈൻ ബാങ്ക് അക്കൗണ്ട്, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ഏത് വാലറ്റും ഉപയോഗിക്കാം.
ചാർജ് ചെയ്യാൻ ഒരുങ്ങുമ്പോൾ ആദ്യം ഈ മൊബൈൽ ആപ്പ് തുറക്കണം. ചാർജിങ് ഓപ്ഷൻ എടുത്താൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ വരും. ആ സമയത്ത് ചാർജിങ് യൂണിറ്റിന് പുറത്ത് കാണിച്ചിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യണം. അതിനുശേഷം വാഹനത്തിന്റെ പ്ലഗ് വയർ എടുത്ത് നിശ്ചിത സ്ഥലത്ത് ഘടിപ്പിച്ച വാഹനവുമായി ബന്ധിപ്പിക്കണം. പിന്നീട് സ്റ്റാർട്ട് ചാർജിങ് അമർത്തണം. ചാർജിങ് പൂർത്തിയാവുകയോ, മതിയെന്ന് തോന്നുമ്പോഴോ, മൊബൈൽ ഫോണിലെ സ്റ്റോപ്പ് അമർത്തി ചാർജിങ് നിർത്തണം. അതിനുശേഷം പ്ലഗ് വയർ ശ്രദ്ധയോടെ ഊരിയെടുക്കണം. അതോടെ ചാർജ് ചെയ്തതിനുള്ള തുക വാലറ്റിൽ നിന്ന് ഓട്ടോമാറ്റിക്കായി എടുക്കും. യൂണിറ്റ് നിരക്കിലാണ് തുക കണക്കാക്കുക.