കർഷകർക്കും, സാധാരണക്കാർക്കും വൈദ്യുതി അപ്രാപ്യമാക്കുന്ന വൈദ്യുതി നിയമ (ഭേദഗതി) ബില്‍ 2022 പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറുക
രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതുദ്ദേശിച്ചുള്ള വൈദ്യുതി നിയമ (ഭേദഗതി) ബില്‍ 2022 തിങ്കളാഴ്ച (08-08-2022) 11 മണിക്ക് ലോക്‌സഭയിൽ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം കരട് ബില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായത്തിനായി ലഭിച്ചപ്പോള്‍, പ്രസ്തുത ബില്ലിലെ ചില നിർദ്ദേശങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങളും മറ്റു ചില നിർദ്ദേശങ്ങളിലുള്ള ശക്തമായ വിയോജിപ്പും 2021 മാർച്ച് 15 നുതന്നെ കേന്ദ്ര സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുദ്ദേശിച്ച വൈദ്യുതി നിയമ (ഭേദഗതി) ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന നിയമസഭ ഐക്യകണ്ഠേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
2021 ല്‍ കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യത്തെ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു വൈദ്യുതി നിയമ ഭേദഗതി പിന്‍വലിക്കുക എന്നത്. ഇപ്പോള്‍ ബില്ലവതരിപ്പിക്കാനുള്ള നീക്കം കർഷക സംഘടനകൾക്ക് സമരം അവസാനിപ്പിക്കുമ്പോൾ കേന്ദ്ര സര്‍ക്കാര്‍ എഴുതി നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ്. കര്‍ഷക സംഘടനകളുമായി യാതൊരുവിധ ചര്‍ച്ചയും നടത്താതെ, തികച്ചും ജനാധിപത്യവിരുദ്ധമായി വൈദ്യുതി മേഖലയിലേക്ക് സ്വകാര്യ കുത്തകൾക്ക് പൂർണ്ണമായും കടന്നു വരുവാൻ സൗകര്യമൊരുക്കുന്നതും, രാജ്യത്തിന്റെ പുരോഗതിയിൽ നിർണ്ണായക സംഭാവനകൾ നൽകിയ പൊതുമേഖലാ വൈദ്യുതി യൂട്ടിലിറ്റികളെ തകർക്കുന്നതുമായ വൈദ്യുതി നിയമ (ഭേദഗതി) ബിൽ 2022 പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽത്തന്നെ അവതരിപ്പിക്കാനും പാസാക്കിയെടുക്കാനും കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നു എന്നാണ് മനസ്സിലാകുന്നത്.
കേരളത്തിലെ വൈദ്യുതി വിതരണ മേഖലയെ പൊതുമേഖലയിൽത്തന്നെ നിലനിർത്തുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കർഷകർക്കും, സാധാരണക്കാർക്കും വൈദ്യുതി അപ്രാപ്യമാക്കുന്ന വൈദ്യുതി നിയമ (ഭേദഗതി) ബില്‍ 2022 പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെടുന്നു.