Sabarimala Mandala Makarvilak Season- 2022-23; KSEBL sheds light on forest paths

ശബരിമല മണ്ഡല മകരവിളക്ക് സീസൺ- 2022-23; കാനനപാതകളിൽ വെളിച്ചം പകർന്ന് കെ എസ് ഇ ബി എൽ

ശബരിമല പമ്പ പ്രദേശത്ത് വൈദ്യുതി വിതരണം നടത്തുന്നത് പമ്പ-ത്രിവേണി 66 കെ.വി. സബ്സ്റ്റേഷനിൽ നിന്നാണ്. ടി സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത് നിബിഡ വനത്തിലൂടെ ശബരിഗിരി വൈദ്യുതി നിലയത്തിൽ നിന്നും, മുണ്ടക്കയം സബ്സ്റ്റേഷനിൽ നിന്നും, കൊച്ചുപമ്പ സബ്സ്റ്റേഷൻ വഴി നിർമ്മിച്ചിട്ടുള്ള 66കെ.വി. ലൈൻ വഴിയാണ്. ത്രിവേണി 66കെ.വി. സബ്സ്റ്റേഷന്റെ ശേഷി 20 എം.വി.എ. ആണ്. ത്രിവേണി സബ്സ്റ്റേഷൻ, 66കെ.വി. ലൈനുകൾ തുടങ്ങിയവയുടെ സീസൺ പൂർവ്വ അറ്റകുറ്റപണികൾ കാര്യക്ഷമമായി പൂർത്തീകരിച്ചിട്ടുണ്ട്. ശബരിമല-പമ്പ മേഖലയിൽ വൈദ്യുതി വിതരണത്തിനായി 16.4 കിലോമീറ്റർ ഹൈ ടെൻഷൻ (11 കെ.വി.) / ലോടെൻഷൻ( LT )ലൈനും 2 km LT ലൈൻ ഉം 38ട്രാൻസ്ഫോർമറുകളും നിലവിലുണ്ട്.

കേരളത്തിൽ നിലവിലുള്ള പൂർണ്ണമായും കവചിതമായ (Insulated) ആയ ഏക വൈദ്യുതി വിതരണ സംവിധാനമാണ് ശബരിമലയിൽ ഉള്ളത്. ഇവിടെ നിലവിലുള്ള എല്ലാ ലൈനുകളും (ഹൈ ടെൻഷൻ ലൈനുകളും ലോ ടെൻഷൻ ലൈനുകളും) ഏരിയൽ ബഞ്ച്ഡ് കേബിളുകൾ (ABC) ഉപയോഗിച്ചുള്ളതാണ്. ശബരിമല-പമ്പ മേഖലയിൽ യാതൊരു തടസ്സങ്ങളുമില്ലാതെ പരാതിരഹിതമായി വൈദ്യുതി നൽകിവരുന്നുണ്ട്.
വൈദ്യുതി വിതരണം കൂടാതെ ശബരിമല-പമ്പാ മേഖലയിലെ ലൈറ്റുകളുടെ (Public Lights) പരിപാലനവും കെ.എസ്.ഇ.ബി.യാണ് നിർവ്വഹിക്കുന്നത്. ഈ മേഖലയിൽ 2486 എൽ.ഇ.ഡി. ലൈറ്റുകളും 520 ട്യൂബ് ലൈറ്റുകളും, സോഡിയം ലാമ്പുകളും ഉള്ള ഒരു സ്ഥിരം ലൈറ്റിംഗ് സംവിധാനം കെ.എസ്.ഇ.ബി. സ്ഥാപിച്ച് പരിപാലിച്ച് വരുന്നുണ്ട്.

ഇതിന് പുറമേ 515 എൽ.ഇ.ഡി. ലൈറ്റുകളും, 625 ട്യൂബ് ലൈറ്റുകളും, 27 സോഡിയം വേപ്പർ ലാമ്പുകളും താൽകാലികമായും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ദേവസ്വം ബോർഡ്, പോലീസ് തുടങ്ങിയ ഏജൻസികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് ലൈറ്റുകൾ സ്ഥാപിച്ച് നൽകി വരുന്നുണ്ട്.
സീസൺ സമയത്ത് കാര്യക്ഷമമായ വൈദ്യുതി വിതരണവും ലൈറ്റുകളുടെ പരിപാലനവും ഉറപ്പുവരുത്തുന്നതിനായി ഒരു അസിസ്റ്റന്റ് എൻഞ്ചിനിയറുടെ നേതൃത്വത്തിൽ 24 പേരുടെ പ്രത്യേക സംഘത്തെ നിയോഗിക്കുന്നുമുണ്ട്. KSEB ltd ന്റെ നിയന്ത്രണത്തിൽ ഈ വർഷം മുതൽ സ്ഥിരമായി പമ്പ ത്രിവേണിയിൽ ഒരു ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുവാൻ തയ്യാറായിട്ടുണ്ട്. ഒരേ സമയം 3 വാഹനങ്ങൾക്ക് ചാർജ് ചെയ്യാവുന്ന തരത്തിലാണ് ഈ ചാർജിങ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്.

നിലയ്ക്കൽ

നിലയ്ക്കൽ ബേസ് ക്യാമ്പിൽ വൈദ്യുതി വിതരണം നിർവ്വഹിക്കുന്നതിനായി 6.8 കിലോമീറ്റർ ഹൈ ടെൻഷൻ ലൈനുകളും 28.2 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്. കക്കാട് 110 കെ.വി സബ്സ്റ്റേഷനിൽ നിന്നും എരുമേലി 110 കെ.വി. സബ്സ്റ്റേഷനിൽ നിന്നും 11 കെ.വി. ഫീഡറുകൾ നിലക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വൈദ്യുതി എത്തിക്കുന്നു. ഫീഡറുകളുടെ വനാതിർത്തി മുതലുള്ള ഭാഗങ്ങൾ 22.8 km ഭൂഗർഭ കേബിളുകൾ ആണ്. നിലയ്ക്കൽ ബേസ് ക്യാമ്പിൽ ശബരിമല പോലെ തന്നെ പൊതു ലൈറ്റുകളുടെ സ്ഥാപനവും പരിപാലനവും കെ.എസ്.ഇ.ബി.യാണ് ചെയ്യുന്നത്. ആയതിനായി 952 ട്യൂബുകളും 78 എൽ.ഇ.ഡി. ലൈറ്റുകളും, 74 സോഡിയം വേപ്പർ ലാമ്പുകളും സ്ഥാപിച്ച് പരിപാലിച്ച് പോകുന്നുണ്ട്.

നിലയ്ക്കൽ ബേസ് ക്യാമ്പിലുള്ള എല്ലാ ലൈനുകളും സമഗ്രമായ അറ്റകുറ്റപണികൾ നടത്തി തടസ്സ രഹിതമായി വൈദ്യുതി വിതരണം നടത്തുന്നുണ്ട്. ലൈനുകൾ പൊട്ടി വീഴാതിരിക്കാനും ലോ ടെൻഷൻ ലൈനുകളിൽ 1700 സ്പേസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമേ താൽക്കാലിക കണക്ഷനുകളും അവിടെ നൽകിയിട്ടുണ്ട്. വൈദ്യുതി തടസ്സമില്ലാതെ നൽകുന്നതിനും ലൈറ്റുകൾ പരിപാലിക്കുന്നതിനും രണ്ടു സബ് എൻഞ്ചിനിയറുടെ നേതൃത്വത്തിൽ ആറു പേരടങ്ങുന്ന ഒരു സംഘത്തെ അവിടെ നിയോഗിച്ചിട്ടുണ്ട്. മണ്ഡല മകരവിളക്ക് തീർ‍ഥാടന കാലത്ത് നിലയ്ക്കലും പമ്പയിലും ശബരിമല സന്നിധാനത്തും 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനായി ഉള്ള എല്ലാ മുന്നൊരുക്കങ്ങളും കെഎസ്‌ഇബി നടത്തിയിട്ടുണ്ട്. ഇതിന് പുറമെ മണ്ഡല മകരവിളക്ക് കാലത്ത് പ്രവർ‍ത്തിക്കുന്ന താൽ‍ക്കാലിക കടകൾ‍ക്ക് വൈദുതി ലഭ്യമാക്കാൻ ഉള്ള നടപടികളും എടുത്തിട്ടുണ്ട്. ശബരിമലയിൽ‍ പ്രവർ‍ത്തിക്കുന്ന വിവിധ വകുപ്പുകൾ‍ക്കും സേവനം നൽകുന്നുണ്ട്. സാധാരണ സമയങ്ങളിൽ‍ രണ്ട് ലൈൻ‍മാൻ‍ മാത്രമുള്ള ഇവിടെ, മണ്ഡലകാലം ആരംഭിക്കുന്നതോടെ ജീവനക്കാരുടെ എണ്ണം 24 ആയി വർധിപ്പിച്ചിട്ടുണ്ട്. ഓരോ ആഴ്ചയും ഇവരെ മാറ്റിക്കൊണ്ടിരിക്കും.

സന്നിധാനത്തെ കെഎസ്‌ഇബി ഓഫീസ് അസിസ്റ്റൻ്റ് എ‍ഞ്ചിനിയറുടെയും പമ്പ-ത്രിവേണിയിലെ ഓഫീസ് സബ് എഞ്ചിനിയറുടെയും നിയന്ത്രണത്തിലാണ് പ്രവർ‍ത്തിക്കുന്നത്. സന്നിധാനം, മരക്കൂട്ടം, പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്, മാളികപ്പുറം എന്നിവിടങ്ങളിൽ മുഴുവൻ‍ സമയവും കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.