കേരളത്തിൽ ഇതുവരെ വൈദ്യുതി എത്തിക്കാൻ കഴിയാതിരുന്ന 7 ജില്ലകളിലെ 97 ആദിവാസി കോളനികളിലെ വീടുകളിൽ 2023 മാർച്ച് 31 ന് മുമ്പായി വൈദ്യുതി എത്തിക്കാൻ തീരുമാനമായി.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം പൂർത്തിയായിട്ടും വിവിധ കാരണങ്ങളാൽ വൈദ്യുതി എത്തിക്കാൻ കഴിയാതിരുന്ന ഉൾവനങ്ങളിലെ ആദിവാസി കോളനികളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പും വൈദ്യുതി വകുപ്പും തമ്മിൽ ചർച്ച നടത്തി.
സംസ്ഥാനത്ത് വൈദ്യുതീകരിക്കാത്തതായി 7 ജില്ലകളിലെ 97 ആദിവാസി കോളനികളാണുള്ളത്. ഈ കോളനികളിലെ എല്ലാ വീടുകളിലും 2023 മാർച്ച് 31 ന് മുമ്പായി വൈദ്യുതി എത്തിക്കാൻ യോഗത്തിൽ തീരുമാനമായി. ലൈനുകൾ / കേബിളുകളിലൂടെ വൈദ്യുതി എത്തിക്കാൻ പറ്റുന്ന കോളനികളിൽ KSEB യുടെ ചുമതലയിൽ വൈദ്യുതി എത്തിക്കാനും, അതിന് ബുദ്ധിമുട്ടുള്ള ദുർഘടമായ വനാന്തരങ്ങളിലുള്ള കോളനികളിൽ സോളാർ / ഹൈബ്രിഡ് പദ്ധതി നടപ്പാക്കാൻ അനർട്ടിനെയും യോഗം ചുമതലപ്പെടുത്തി.
കോളനി വൈദ്യുതീകരണത്തിന്റെ ഫണ്ട് പട്ടിക വർഗ്ഗ വികസന വകുപ്പിൽ നിന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും, കെ എസ് ഇ ബിയുടെ കോർപ്പസ് ഫണ്ടിൽ നിന്നും, അനർട്ടിനുള്ള സർക്കാർ ഫണ്ടിൽ നിന്നും, കമ്പനികളുടെ CSR ഫണ്ടിൽ നിന്നും കണ്ടെത്തുന്നതിനുള്ള സാധ്യത പരിശോധിക്കാൻ യോഗത്തിൽ തീരുമാനമായി. തദ്ദേശവാസികളുടെ പൂർണ്ണമായ പങ്കാളിത്തം തുടക്കം മുതൽ തന്നെ ഉറപ്പാക്കുന്നത് പദ്ധതി രൂപീകരണ വേളയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വൈദ്യുതീകരണത്തിനുള്ള പദ്ധതി രൂപീകരിച്ച് പൂർത്തിയാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനായി ജില്ലാ തലത്തിൽ കളക്റ്റർമാരുടെ നേതൃത്വത്തിൽ, വൈദ്യുതി ബോർഡ്, അനർട്ട്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനം വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ജില്ലാതല സമിതികൾ രൂപീകരിക്കുവാൻ തീരുമാനിച്ചു.
കോളനികളിൽ സാമൂഹിക ആവശ്യങ്ങൾക്കുള്ള പൊതുസ്ഥലം തയ്യാറാക്കി ടെലിവിഷൻ സൗകര്യം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ആദിവാസി കോളനികളിലെ ചെറുപ്പക്കാർക്ക് കെ എസ് ഇ ബി മുതലായ സ്ഥാപനങ്ങളിൽ മതിയായ പരിശീലനം നൽകി സ്ഥിര വരുമാനം ഉറപ്പാക്കുന്ന തൊഴിൽ നൽകാനും യോഗത്തിൽ തീരുമാനമായി. ആദിവാസികളുടെ കൈവശമുള്ള കൃഷിയോഗ്യമായ ഭൂമിയിൽ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃഷി രീതികളും മൈക്രോ ഇറിഗേഷൻ സാങ്കേതിക വിദ്യയും നടപ്പിലാക്കി അധികവരുമാനം ലഭ്യമാക്കാനുള്ള പദ്ധതിയ്ക്ക് ജില്ലാതലത്തിൽ ക്രോഡീകരണം നൽകുവാനും തീരുമാനിച്ചു.