പെട്രോൾ, ഡീസൽ വാഹനങ്ങളിൽനിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമ്പോഴുള്ള സാമ്പത്തികനേട്ടം ജനങ്ങൾക്ക് ബോധ്യപ്പെടുന്നതിനായുള്ള സംവിധാനങ്ങൾ കൊണ്ടുവരും. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജസംരക്ഷണം നടപ്പാക്കുക, പെട്രോളിയം ഇന്ധനങ്ങളുടെ വില വർധന മൂലമുള്ള പ്രയാസങ്ങളിൽനിന്നു രക്ഷനേടുക തുടങ്ങിയ ഉദ്ദേശങ്ങൾ മുൻനിർത്തിയാണു സംസ്ഥാന സർക്കാർ ഇ-മൊബിലിറ്റി നയം പ്രഘ്യപിച്ചിരിക്കുന്നത്.ഇതിനായി കെ.എസ്.ഇ.ബി. ഇ-മൊബിലിറ്റി കോൺക്ലേവ് ‘ഇ-വാട്ട്സ് 22’ സംഘടിപ്പിച്ചു.
സാധാരണ പെട്രോൾ ഇന്ധനത്തിൽ ഓടുന്ന ഒരു ഓട്ടോറിക്ഷ ഇലക്ട്രിക് ഓട്ടോയിലേക്ക് മാറിയാൽ ദിവസം 900 രൂപ വരെ ലഭിക്കാൻ കഴിയും. ദിവസം അഞ്ചു ലിറ്റർ ഡീസൽ നിറയ്ക്കുന്ന കാറുടമയ്ക്ക് പ്രതിമാസം 12,000 രൂപ വരെ ലാഭിക്കാൻ സാധിക്കും. ഈ കണക്കു വിശദമായി ജനങ്ങളിലെത്തിക്കാൻ സാധിച്ചാൽ വലിയ മാറ്റമുണ്ടാക്കാനാകും.
ഇ-വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകളുടെ കാര്യത്തിൽ സ്വകാര്യ മേഖലയ്ക്കു കൂടുതൽ പങ്കുവഹിക്കാനാകും. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്ന ഹോട്ടലുകളിൽ ചാർജിങ് സ്റ്റേഷൻ ഉണ്ടാവുകയാണെങ്കിൽ അത് ചാർജിങ് സൗകര്യത്തോടൊപ്പം ഹോട്ടൽ നടത്തിപ്പുകാർക്ക് അധിക വരുമാനമുണ്ടാക്കും. ബാങ്കുകളുമായി ധാരണയുണ്ടാക്കി ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാക്കണം. ഇ-വാഹനങ്ങൾ ചാർജ് ചെയ്യാൻ 70 ലധികം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുമുൾപ്പെടെ വിപുലമായ സൗകര്യമാണു കേരളത്തിലുള്ളത്. ഇതു ദേശീയശ്രദ്ധ ആകർഷിച്ച ഒന്നാണ്.