കേരള സർക്കാരിന്റെ ഫ്ലാഗ് ഷിപ്പ് പദ്ധതികളിലൊന്നായ സൗര KSEBL വഴി 100 മെഗാവാട്ട് പുരപ്പുറ സോളാർ സ്ഥാപിത ശേഷി എന്ന നേട്ടം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു. എതാണ്ട് 600 കോടി രൂപയുടെ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റാണ് ഈ നിലയിൽ കേരളത്തിൽ വന്നിട്ടുള്ളത്. ഇതിൽ 500 കോടിയോളം രൂപ മുതൽ മുടക്കിൽ 81 മെഗാവാട്ട് കേന്ദ്ര സബ്സിഡി സ്കീം വഴി ഗാർഹിക ഉപഭോക്താക്കളുടെ വീടിനു മുകളിലായി സ്ഥാപിച്ച സോളാർ നിലയങ്ങളാണ്. ഈ 500 കോടിയുടെ 40 ശതമാനത്തോളം കേന്ദ്ര സബ്സിഡിയും ബാക്കി ഉപഭോക്തൃ വിഹിതവും ആണ്. നോൺ സബ്സിഡി സ്കീം വഴി KSEBL മുതൽ മുടക്കിൽ 19 മെഗാവാട്ടും സ്ഥാപിച്ചു. മറ്റ് സ്വകാര്യ സംരംഭകർ സ്ഥാപിച്ചത് ഉൾപ്പടെ കേരളത്തിലെ ആകെ പുരപ്പുറ സോളാർ സ്ഥാപിത ശേഷി 389 മെഗാവാട്ടും കടന്നിരിക്കുന്നു.
പുതുവർഷത്തിൽ ആദ്യം തന്നെ സബ്സിഡിയോടെ സ്ഥാപിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ മാത്രം പുരപ്പുറങ്ങളിലെ സോളാർ നിലയങ്ങളുടെ സ്ഥാപിത ശേഷി 100 മെഗാവാട്ട് ആകുന്നതാണ്.