Amendment of Electricity Act-Actions only after seeking legal advice

വൈദ്യുതി വിതരണ ലൈസൻസികൾക്ക് മാസംതോറും വൈദ്യുതിനിരക്ക് വർദ്ധിപ്പിക്കുന്നതിന് അനുമതി നൽകുന്ന വൈദ്യുതിച്ചട്ട ഭേദഗതി നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് കേരളം മുമ്പേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത് വിതരണക്കമ്പനികൾക്ക് അനർഹമായ നേട്ടമുണ്ടാക്കുമെന്നും ഉപഭോക്താക്കൾക്ക് ദുരിതമാകുമെന്നുമാണ് കേരളത്തിന്റെ അഭിപ്രായം. കേരളത്തിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വർധന ഉൾപ്പടെ വൈദ്യുതി വാങ്ങുന്നതിനുള്ള അധിക ചെലവിന് ആനുപാതികമായി സർച്ചാർജ് വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തി എല്ലാ മാസവും ഈടാക്കാമെന്ന് കേന്ദ്രം തീരുമാനമെടുത്തത്. ഭേദഗതി ചട്ടം നടപ്പാക്കിയാൽ പെട്രോൾ, ഡീസൽ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതിനിരക്കും കൂടും. താരിഫ് നിർണയത്തിൽ റെഗുലേറ്ററി കമ്മിഷനുകളുടെ കർശനപരിശോധന ആവശ്യമാണ്. എന്നാൽ, സർച്ചാർജിന്റെ കാര്യത്തിൽ വർഷത്തിലൊരിക്കൽ റെഗുലേറ്ററി കമ്മിഷൻ പരിശോധിച്ചാൽ മതിയെന്ന കേന്ദ്രനിർദേശം കമ്മിഷനുകളുടെ അധികാരത്തിൽ വെള്ളം ചേർക്കുന്നതാണെന്നും കേരളം കേന്ദ്ര ഊർജമന്ത്രാലയത്തെ അറിയിച്ചിരുന്നു.

വാർഷിക വൈദ്യുതി ആവശ്യകതയുടെ 30% മാത്രം ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ, വൈദ്യുതിച്ചട്ട ഭേദഗതി നിർദ്ദേശങ്ങൾ നിലവിൽ വന്ന സാഹചര്യത്തിൽ കേരളത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് 10.01.23 ന് ചർച്ച നടത്തി. ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിലൂടെ പ്രതിമാസ വൈദ്യുതി ആവശ്യകതയുടെ 50% ൽ അധികം നിറവേറ്റാൻ കഴിയുന്ന, മഴ ലഭിക്കുന്ന ആറുമാസക്കാലം വൈദ്യുതി വാങ്ങൽ ചിലവുകൾ കുറവായതുകൊണ്ട് ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്ന കാര്യം പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു. മറ്റുമാസങ്ങളിൽ ചെലവുകൾ പരമാവധി കുറച്ചുകൊണ്ട് സർച്ചാർജ് ഈടാക്കാതെ മുന്നോട്ട് പോകാൻ ശ്രമിക്കണമെന്നും നിർദ്ദേശിച്ചു.

മേൽ വിവരിച്ച വിഷയങ്ങളിൽ നിയമോപദേശം തേടിയതിനു ശേഷം വൈദ്യുതി ചട്ട ഭേദഗതി നടപ്പാക്കുന്നതിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്