Fuel Surcharge – Due to use of expensive imported coal

ഇന്ധന സർചാർജ് ഈടാക്കിയത് കേരളം വൈദ്യുതി വാങ്ങുന്ന താപനിലയങ്ങളിൽ കൽക്കരിക്ഷാമം മൂലം കേന്ദ്ര നിർദ്ദേശപ്രകാരം ഇറക്കുമതി ചെയ്ത വിലകൂടിയ കൽക്കരി ഉപയോഗിച്ചതിനാൽ

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 25.01.2023ലെ ഉത്തരവുപ്രകാരം 1/2/23 മുതൽ 31/5/2023 വരെയുള്ള നാലുമാസത്തെ ഉപഭോഗത്തിനോ 87.07 കോടി രൂപ ഫ്യൂവൽ സർച്ചാർജായി ഈടാക്കി പിരിച്ചെടുക്കുന്നതു വരെയോ (ഏതാണോ ആദ്യം അതുവരെ) സംസ്ഥാനത്തെ എല്ലാ വിഭാഗം ഉപഭോക്താക്കളിൽ നിന്നും യൂണിറ്റ് ഒന്നിന് 9 പൈസ നിരക്കിൽ ഫ്യൂവൽ സർച്ചാർജ് ഈടാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ഇതര വിതരണ ലൈസൻസികളുടെ ഉപഭോക്താക്കൾക്കും ബാധകമാണ്. എന്നാൽ ആയിരം വാട്സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റിൽ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്ത് നിലനിന്ന കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉൽപ്പാദന രംഗത്ത് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ 28.04.22 ന് കേന്ദ്ര ഊർജ്ജ മന്ത്രാലയം എല്ലാ കൽക്കരി അധിഷ്ടിത വൈദ്യുതി ഉൽപ്പാദന നിലയങ്ങളോടും 10% ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിരുന്നു. 26.07.22 ലെ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശപ്രകാരം 20 % വരെ കൽക്കരി ബ്ലെണ്ടിംഗ് അനുവദിച്ചു. രാജ്യത്ത് നിലനിന്ന രൂക്ഷമായ കൽക്കരി ക്ഷാമം മൂലം കേരളം വൈദ്യുതി വാങ്ങുന്ന താപനിലയങ്ങളിൽ ഇറക്കുമതി ചെയ്ത വില കൂടിയ കൽക്കരി ഉപയോഗിക്കേണ്ടി വന്നതും, ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന കൽക്കരി മറ്റ് ഖനികളിൽ നിന്നും എത്തിച്ച് ഉപയോഗിക്കേണ്ടി വന്നതും കാരണം അവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില കുതിച്ചുയർന്നതാണ് 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കേരളത്തിന്റെ വൈദ്യുതി വാങ്ങൽ ചിലവിൽ വർദ്ധനവുണ്ടാക്കിയത്. ഓരോ മാസവും ഇന്ധന വിലയിലുണ്ടായ വ്യതിയാനം കാരണം വൈദ്യുതി വാങ്ങൽ ചെലവിൽ വന്ന അധികചെലവ് അതാത് മാസം തന്നെ കെ എസ് ഇ ബി എൽ ഈ താപനിലയങ്ങൾക്ക് നൽകിയിട്ടുണ്ട്. ഈ തുകയാണിപ്പോൾ ഇന്ധന സർചാർജ് ആയി ഈടാക്കുന്നത്.

വൈദ്യുതി നിയമം 2003 ലെ 62 (4) പ്രകാരവും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു പുറപ്പെടുവിച്ചിട്ടുള്ള 2021ലെ താരിഫ് നിർണയ ചട്ടങ്ങളിലെ 87-ആം ചട്ട പ്രകാരവുമാണ് ഇന്ധന സർചാർജ് ഈടാക്കാനുള്ള അനുമതി റെഗുലേറ്ററി കമ്മീഷൻ നൽകുന്നത്. അധിക ബാധ്യതയും ഇന്ധന സർചാർജിന്റെ രൂപത്തിൽ ഈടാക്കി തരണമെന്നും വൈദ്യുതി വാങ്ങൽ ചെലവിൽ അല്ലെങ്കിൽ ഇന്ധന വിലയിൽ കുറവുണ്ടായാൽ ആയത് താരിഫിൽ ഇളവായി അനുവദിക്കണമെന്നും 87-ആം ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇപ്രകാരം 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഇന്ധന വിലയിലുണ്ടായ വ്യതിയാനം കാരണം വൈദ്യുതി വാങ്ങൽ ചെലവിൽ കമ്മിഷൻ അംഗീകരിച്ച തുകയേക്കാൾ 87.07 കോടി രൂപ അധിക ബാധ്യത ഉണ്ടായതിനാൽ ആയത് യൂണിറ്റ് ഒന്നിന് 14 പൈസ നിരക്കിൽ മൂന്നു മാസത്തേക്ക് ഇന്ധന സർചാർജ് ആയി ഈടാക്കി തരണമെന്ന് കമ്മീഷനോട് ആവശ്യപ്പെടുകയും, കെ എസ് ഇ ബി എൽ സമർപ്പിച്ച കണക്കുകളുടെ സൂക്ഷ്മ പരിശോധനയ്ക്കും, പൊതു തെളിവെടുപ്പിനും ശേഷം റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കുകയും യൂണിറ്റ് ഒന്നിന് 9 പൈസ നിരക്കിൽ ഇന്ധന സർചാർജ് ആയി ഈടാക്കാൻ അനുമതി നൽകുകയുമാണ് ചെയ്തത്.