ശ്രീ. കെ.ഡി. പ്രസേനന്‍ എം. എല്‍. എ ഉന്നയിച്ച “കേന്ദ്ര വൈദ്യുതി ചട്ടഭേദഗതിയുടെ ഭാഗമായി വൈദ്യുതി ചാര്‍ജ്ജ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിലൂടെ ഉണ്ടാവാന്‍ പോകുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം ” എന്ന ശ്രദ്ധക്ഷണിക്കലിനുള്ള മറുപടി.

കേന്ദ്ര സര്‍ക്കാര്‍ 29.12.2022ന് പുറത്തിറക്കിയ വൈദ്യുതി ഭേദഗതി ചട്ടങ്ങള്‍ [Electricity (Amendment) Rules, 2022] (ചട്ടം 14) പ്രകാരം ഡിസ്ട്രിബ്യൂഷൻ ലൈസൻസികള്‍ തങ്ങളുടെ വൈദ്യുതി വാങ്ങൽ ചെലവുകൾ സമയബന്ധിതമായി വീണ്ടെടുക്കേണ്ടതാണ് എന്ന് നിഷ്കര്‍ഷിക്കുന്നു.

ചട്ട ഭേദഗതി നിലവില്‍ വരുന്നതിന് മുന്‍പ് ഇന്ധന വിലയിലോ വൈദ്യുതി വാങ്ങൽ ചെലവിലോ ഉള്ള വ്യതിയാനം മൂലം വിതരണ ലൈസൻസിക്കുണ്ടായ അധികഭാരം ഈടാക്കുന്നതിനായി വിതരണ കമ്പനികള്‍ ത്രൈമാസ അടിസ്ഥാനത്തില്‍ റെഗുലേറ്ററി കമ്മീഷനെ സമീപിക്കുകയും കമ്മീഷന്‍ വസ്തുതകള്‍ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം അറിയിക്കുകയുമാണ്‌ ചെയ്തിരുന്നത്. ഇത്തരത്തില്‍ ത്രൈമാസ വിവേക പരിശോധന ലൈസന്‍സികളുടെ വൈദ്യുതി വാങ്ങല്‍ ചെലവ് യുക്തിസഹമാണ് എന്ന് ഉറപ്പുവരുത്താന്‍ സഹായിച്ചിരുന്നു. എന്നാല്‍ പുതിയ ചട്ടങ്ങള്‍ പ്രകാരം ഡിസ്ട്രിബ്യൂഷൻ ലൈസൻസിയുടെ ചെലവിലുണ്ടാക്കുന്ന ആഘാതം ബന്ധപ്പെട്ട റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന ഫോർമുല ഉപയോഗിച്ച് പ്രതിമാസ അടിസ്ഥാനത്തിൽ കണക്കാക്കി ഉപഭോക്താവിലേക്ക് താരിഫിലൂടെ കൈമാറ്റം ചെയ്യേണ്ടതാണ്. ഇതനുസരിച്ച് ഉപഭോക്താക്കളുടെ വൈദ്യുതിയുടെ നിരക്ക് ഇടയ്ക്കിടെ വ്യത്യാസപ്പെടാനുള്ള സാധ്യതയുണ്ട്.

വിലയിരുത്തല്‍ കാലയളവില്‍ ലൈസന്‍സിക്ക് വൈദ്യുതി വാങ്ങല്‍, പ്രസരണ ചെലവ് എന്നിവയിലായി വന്ന ആകെ വര്‍ദ്ധന, വിവിധ സ്രോതസ്സുകളില്‍ നിന്നും വാങ്ങിയ വൈദ്യുതിയുടെ അളവ്, പ്രസരണ-വിതരണ നഷ്ടങ്ങള്‍, ശരാശരി ബില്ലിംഗ് നിരക്ക് എന്നിവ കണക്കിലെടുത്താണ് ഉപഭോക്താവില്‍ നിന്നും പിരിച്ചെടുക്കേണ്ട അധിക തുക കണക്കാക്കുന്നതെന്നും ഓരോ സംസ്ഥാനത്തിനും ബാധകമായ ഫോര്‍മുല തയ്യാറാക്കുന്നതില്‍ അതത് റെഗുലേറ്ററി കമ്മീഷനുകള്‍ താമസം വരുത്തുന്ന പക്ഷം കേന്ദ്ര സര്‍ക്കാര്‍ പൊതുവായി തയ്യാറാക്കിയിട്ടുള്ള ഫോര്‍മുല ഉപയോഗിക്കാം എന്നും ഭേദഗതി നിര്‍ദ്ദേശിക്കുന്നു.

ഇന്ധനച്ചെലവ്, വൈദ്യുതി വാങ്ങല്‍ ചെലവ്, പ്രസരണ ചെലവ് എന്നിവ കമ്മീഷന്‍ മുന്‍കൂട്ടി അംഗീകരിച്ച നിലയില്‍നിന്നും വര്‍ദ്ധിച്ചാല്‍ ആയത് രണ്ട് മാസത്തിനുള്ളില്‍ പിരിച്ചെടുക്കാന്‍ ആണ് നിര്‍ദ്ദേശം. ഈ ഇനത്തില്‍ ഒരുവര്‍ഷം അര്‍ഹതപ്പെട്ടതിലും കൂടുതല്‍ തുക ലൈസന്‍സി പിരിച്ചെടുത്തിട്ടുണ്ട് എന്ന് വാര്‍ഷിക ട്രൂ അപ്പ് സമയം കണ്ടെത്തിയാല്‍ ആയത് റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന കാരിയിംഗ് കോസ്റ്റിന്റെ 1.20 മടങ്ങ് സഹിതം ഉപഭോക്താവിന് തിരികെ നല്‍കണം. മുന്‍കാല ചട്ടങ്ങള്‍ പ്രകാരം ഇന്ധനവില സര്‍ചാര്‍ജ്ജ് ഈടാക്കുന്നതില്‍ കാലതാമസം വരുന്നത് ലൈസന്‍സിക്ക് ലഭിക്കേണ്ട തുക നഷ്ടപ്പെടാന്‍ കാരണമായിരുന്നില്ല. അതുകൊണ്ട് തന്നെ കൊവിഡ്, പ്രളയം തുടങ്ങി ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്ന സാഹചര്യങ്ങളില്‍ സര്‍ചാര്‍ജ്ജ് ഈടാക്കുന്നതില്‍ സര്‍ക്കാര്‍ ലൈസന്‍സികള്‍ ധൃതി കാണിച്ചിരുന്നില്ല. എന്നാല്‍ മാറിയ ചട്ടങ്ങള്‍ പ്രകാരം യഥാസമയം സർചാർജ്ജ് ഈടാക്കിയില്ലെങ്കില്‍ ആയത് വിതരണ ലൈസൻസിയുടെ വീഴ്ചയായി കണക്കാക്കും നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ അധികതുക പിരിച്ചെടുക്കാത്ത പക്ഷം ലൈസന്‍സിക്ക് പ്രസ്തുത തുക പിന്നീട് പിരിച്ചെടുക്കാന്‍ സാധിക്കാത്ത വിധം നഷ്ടപ്പെടും.

നിര്‍ദ്ദിഷ്ട ചട്ടങ്ങള്‍ പ്രകാരം മാസാമാസം ലൈസന്‍സികള്‍ ഈടാക്കുന്ന അധികതുക പിന്നീട് വാർഷിക അടിസ്ഥാനത്തിൽ മാത്രമാകും റെഗുലേറ്ററി കമ്മീഷൻ പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തുന്നത്. നിലവിലെ സമ്പ്രദായത്തിന് വിപരീതമായി, സ്റ്റേറ്റ് റെഗുലേറ്ററിൽ നിന്ന് വിവേകപൂർണ്ണമായ പരിശോധന കൂടാതെ അധിക ചാർജുകൾ വീണ്ടെടുക്കാൻ ഡിസ്കോമുകൾക്ക് അനുവാദമുള്ളതിനാൽ, ഭാവിയില്‍ ലൈസന്‍സികള്‍ മാസാമാസ ചെലവുകള്‍ അധികരിച്ച് കാട്ടാനും ഉപഭോക്താക്കളില്‍നിന്നു അനര്‍ഹമായ തുക പിരിച്ച് എടുക്കാനും ശ്രമിക്കാന്‍ ഇടയുണ്ട്.

ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് വാണിജ്യ-വ്യാവസായിക ഉപഭോക്താക്കള്‍ക്ക്, തങ്ങളുടെ കച്ചവടച്ചെലവ്‌ (business expenditure) കണക്കാക്കുന്നതിന് വൈദ്യുതി നിരക്കിനെ സംബന്ധിച്ച് മുന്‍‌കൂര്‍ ധാരണ ആവശ്യമുണ്ട്. അടിക്കടി മാറുന്ന വൈദ്യുതി നിരക്ക് ഇതിന് വിഘാതമാകാന്‍ സാധ്യതയുണ്ട്. ഇത് നാട്ടില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍നിന്നും സംരംഭകരെ തടയും എന്ന് ഭയപ്പെടുന്നു. അധിക ബാധ്യതയുടെ സാധ്യത മുന്നില്‍കണ്ടുകൊണ്ടാണ് വില നിശ്ചയിക്കുന്നത് എങ്കില്‍ അത് ഉത്പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കാനും സാധാരണക്കാരുടെ ജീവിതച്ചെലവ് വര്‍ദ്ധിക്കാനും ഇടയാക്കും.
കരട് ചട്ടത്തിന്മേല് അഭിപ്രായം തേടിയപ്പോള്‍ തന്നെ ഈ കാര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തിന്റെ ആശങ്കയും, ഒപ്പം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന നിരക്ക് ന്യായയുക്തമാണെന്നും ലൈസൻസികൾ മെറിറ്റ് ഓർഡർ ഡെസ്പാച്ച് പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ സംസ്ഥാന കമ്മീഷന്റെ പരിശോധന ആവശ്യമാണെന്നും കമ്മീഷന്റെ മുന്‍‌കൂര്‍ പരിശോധനയില്ലാതെ വൈദ്യുതി വാങ്ങൽ ചെലവിലെ വ്യതിയാനം ലൈസന്‍സികള്‍ സ്വമേധയാ കണ്ടെത്തി ഈടാക്കുന്ന നിർദ്ദേശത്തോട് സംസ്ഥാനം യോജിക്കുന്നില്ല എന്നും 06.09.2022 തീയതിയിലെ A1/183/2022/PD നമ്പര്‍ അര്‍ദ്ധ ഔദ്യോഗിക കത്ത് മുഖേന കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ ഇത് സംബന്ധിച്ച അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ ചട്ടം അന്തിമമാക്കുന്ന സമയത്ത് പരിഗണിച്ചതായി കാണുന്നില്ല.
വൈദ്യുത മേഖലയിലെ കമ്പനികള്‍ സമര്‍പ്പിക്കുന്ന ചെലവ് കണക്കിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതിയുടെ ഉല്പാദനച്ചെലവ് കണക്കാക്കപ്പെടുന്നത്. അതനുസരിച്ചാണ് KSEBL വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് നിശ്ചയിക്കപ്പെടുന്നതും. വൈദ്യുതി ഉല്പാദക കമ്പനികള്‍ കൂടുതലും സ്വകാര്യ മേഖലയിലുമാണ്. കമ്പനികള്‍ ഉല്‍പാദനച്ചെലവ് ഉയര്‍ത്തി കാട്ടി ചെലവ് സമര്‍പ്പിക്കുകയാണെങ്കില്‍ വൈദ്യുതി വാങ്ങല്‍ നിരക്കും ഉയര്‍ന്നതായിരിക്കും. അതനുസരിച്ചുള്ള നിരക്ക് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കപ്പെടുകയും ചെയ്യും.
വൈദ്യുതി മേഖലയിലെ ഉല്‍പാദന വിതരണ കമ്പനികള്‍ക്കുണ്ടാകുന്ന എല്ലാ ചെലവുകളും യഥാസമയം ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുവാനുള്ള സംവിധാനം ഒരുക്കി സ്വകാര്യ മേഖലയിലെ കമ്പനികളെ വൈദ്യുത വിതരണ രംഗത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത് എന്ന് കാണാവുന്നതാണ്.

 

കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി

വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിന്റെ ആക്കം കൂട്ടുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി 08.08.2022ന് ലോക് സഭയില്‍ അവതരിപ്പിച്ച കേന്ദ്ര വൈദ്യുതി നിയമം 2003 ഭേദഗതി നിര്‍ദ്ദേശവും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. വ്യാപകമായ എതിര്‍പ്പിനെതുടര്‍ന്ന് പ്രസ്തുത ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഊര്‍ജ്ജ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിട്ടിട്ടുള്ള പ്രസ്തുത കരടില്‍ വൈദ്യുതി വിതരണ കമ്പനികളുടെ നഷ്ട സാധ്യത ഒഴിവാക്കുന്നതിനുള്ള അനവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ താരിഫ് നിര്‍ണ്ണയ രീതിയില്‍ വരുന്ന മാറ്റം വലിയതോതിലുള്ള നിരക്ക് വര്‍ദ്ധനയ്ക്ക് ഇടയാക്കുമെന്ന് ഭയപ്പെടുന്നു. നിലവിലെ നിയമത്തില്‍ വൈദ്യുതി താരിഫ് പടിപടിയായി വിതരണത്തിന്റെ ചെലവ് പ്രതിഫലിപ്പിക്കും വിധത്തില്‍ ആകണം എന്ന് നിഷ്കര്‍ഷിക്കുമ്പോള്‍ സെക്ഷന്‍ 61ന്റെ ഭേദഗതി നിര്‍ദ്ദേശത്തില്‍ വൈദ്യുതി വിതരണത്തിനുണ്ടാകുന്ന ന്യായമായ എല്ലാ ചെലവുകളും താരിഫ് മുഖേന വീണ്ടെടുക്കണം എന്ന നിര്‍ബന്ധബുദ്ധി കാട്ടുന്നു. കൂടാതെ സെക്ഷന്‍ 86ലെ ഭേദഗതി ന്യായമായ ചെലവുകള്‍ പൂര്‍ണ്ണമായും വൈദ്യുതി നിരക്കിലൂടെ വീണ്ടെടുക്കുന്ന വിധത്തിലും നിക്ഷേപത്തിന് ന്യായമായ ആദായം നല്‍കി ലൈസൻസികളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട കമ്മീഷന്‍ കൈക്കൊള്ളണം എന്നും നിഷ്കര്‍ഷിക്കുന്നു. കൂടാതെ വര്‍ഷത്തില്‍ നാല് പ്രാവശ്യം വരെ നിരക്ക് മാറ്റം ഉണ്ടാകാം എന്നാണ് കേന്ദ്ര വൈദ്യുതി നിയമത്തിലെ ഒരു ഭേദഗതി നിര്‍ദ്ദേശം
വൈദ്യതി കമ്പനികളുടെ സാമ്പത്തിക സ്ഥിതി ഉടനടി മെച്ചപ്പെടാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഉപകരിക്കും എങ്കിലും ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കില്‍ അടിക്കടിയുള്ള വര്‍ദ്ധനക്ക് ഇത് ഇടയാക്കും. കേന്ദ്ര വൈദ്യുതി നിയമം 2003ല്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം സ്വകാര്യ കമ്പനികള്‍ അനിയന്ത്രിതമായി വൈദ്യുതി വിതരണ രംഗത്തേക്ക് കടന്നുവരുന്ന സാഹചര്യത്തില്‍ വിതരണ കമ്പനികള്‍ സ്വയം താരിഫ് നിശ്ചയിക്കുന്ന രീതി വരുന്നത് അരാജകാവസ്ഥ ഉണ്ടാക്കാന്‍ ഇടയുണ്ട്. ആയത് പരിഗണിക്കുമ്പോള്‍ നിലവില്‍ fuel surcharge പിരിക്കുന്നതിന് കമ്മീഷന്‍ മുന്‍‌കൂര്‍ അനുമതി നല്‍കുന്നത് പോലെയുള്ള സംവിധാനം ആകും ഉചിതം. അതേസമയം ലൈസന്‍സികള്‍ക്ക് അര്‍ഹമായ തുക കാലതാമസം കൂടാതെ ലഭിക്കുന്നതിന് ആവശ്യമായ നിയമ ഭേദഗതി കൊണ്ട് വരുന്നത് ആയിരുന്നു ഉചിതം..

സ്വീകരിക്കാവുന്ന നടപടികള്‍:

(i) വൈദ്യുതി വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഏറ്റവും കുറവ് ഉണ്ടാകാന്‍ സാധ്യതയുള്ള സ്രോതസ്സുകളില്‍ നിന്നും കരാറില്‍ ഏര്‍പ്പെടുവാനും, ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ശ്രമിക്കും.
(ii) വൈദ്യുതി വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ കുറയ്ക്കാനായി പുതിയ സാങ്കേതിക വിദ്യകളായ സ്റ്റോറേജ് സംവിധാനങ്ങള്‍, ഹൈഡ്രജന്‍ ഉത്പാദനം മുതലായവയ്ക്കുള്ള സാധ്യതാ പഠനങ്ങള്‍ ഊര്‍ജ്ജിതമാക്കും
(iii) ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും.
(iv) പ്രസരണ-വിതരണ നഷ്ടം പരമാവധി കുറയ്ക്കും.
(v) വൈദ്യുതി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ യഥാസമയം വിലയിരുത്തുകയും, കുറഞ്ഞ വിലയിലുള്ള വൈദ്യുതി കരാറുകളിൽ ഏർപ്പെടുകയും ചെയ്യും.
(vi) വിതരണ കമ്പനിയുടെ വൈദ്യുതി വാങ്ങൽ ചെലവിൽ അന്തർ സംസ്ഥാന പ്രസരണ ചാർജ്ജ് കൂടി ഉള്‍പ്പെടും. ഈ ഇനത്തില്‍ ചെലവാക്കേണ്ടിവരുന്ന തുകയില്‍ കുറവ് വരുത്തുന്നതിന് ശ്രമിക്കും. പുഗലൂര്‍ – മാടക്കത്തറ HVDC ഇടനാഴി National Asset ആയി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും.
(vii) റൂൾസ് ഭേദഗതിക്കുള്ളിൽ നിന്നുകൊണ്ട് ഉപഭോക്താക്കളുടെയും വിതരണ കമ്പനിയുടെയും താൽപര്യം സംരക്ഷിക്കുന്ന വിധത്തിൽ സർചാർജ്ജ് സംബന്ധിച്ച മാർഗ്ഗരേഖ പുറപ്പെടുവിക്കാനുള്ള നിർദ്ദേശങ്ങൾ പൊതു താൽപര്യം മുൻനിർത്തി വൈദ്യുതി നിയമം 2003 ലെ 108 വകുപ്പ് പ്രകാരം