അക്ഷയ ഊർജ്ജ രംഗത്ത് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതും മികച്ച സംഭാവനകൾ നൽകിയതുമായ വ്യാവസായിക വാണിജ്യ സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, വ്യക്തികൾ, ഗവേഷണ സ്ഥാപനങ്ങൾ, ഊർജ്ജ രംഗത്തെ വ്യവസായികൾ, യുവ സംരംഭകർ എന്നിവർക്ക് സംസ്ഥാന സർക്കാർ അനെർട്ട് മുഖാന്തരം അവാർഡ് നൽകി ആദരിക്കുന്നു.
കേരള സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ് 2022 ന്, 2021 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണ് പരിഗണിക്കുന്നത്. സർക്കാർ സംസ്ഥാനതലത്തിൽ രൂപീകരിച്ച മോണിട്ടറിംഗ് കമ്മറ്റിക്കാണ് അവാർഡ് നിർണ്ണയിക്കുന്നത്തിനുള്ള മേൽനോട്ട ചുമതല. അവാർഡിനുള്ള അപേക്ഷകൾ പരിശോധിച്ച് ജേതാക്കളെ ശുപാർശ ചെയ്യുന്നത് ഇതിനായി നിയോഗിച്ചിട്ടുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
അപേക്ഷാ ഫോം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അനെർട്ട് വെബ്‌സൈറ്റിൽ (www.anert.gov.in) ലഭ്യമാണ്. നിശ്ചിത അപേക്ഷകൾ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, അനെർട്ട്, വികാസ് ഭവൻ PO, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ മാർച്ച് 15ന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പർ 1800-425-1803 ൽ ബന്ധപ്പെടണം