അങ്കണവാടികളെ ഊർജ സ്വയംപര്യാപ്തമാക്കാൻ അങ്കണജ്യോതി പദ്ധതി
സംസ്ഥാനത്തെ 33,115 അങ്കണവാടികളെയും ഊർജ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതും ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ‘അങ്കണജ്യോതി’. മിക്ക അങ്കണവാടികളിലും ഉച്ചഭക്ഷണവും പോഷകാഹാരങ്ങളും പാകം ചെയ്യുന്നതിനായി എൽപിജി / വിറകാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇതിന് ബദലായി കാർബൺ ബഹിർഗമനമില്ലാത്തതും പൂർണസുരക്ഷിതത്വമുള്ളതും വേഗത്തിലുള്ള പാചകം ഉറപ്പു വരുത്തുന്നതിനായി വൈദ്യുത ഊർജം വഴി പ്രവർത്തിക്കുന്ന വൈദ്യുത ഇൻഡക്ഷൻ അടുപ്പുകളും, അനുബന്ധ പാത്രങ്ങൾ, ഫാനുകൾ, ഊർജക്ഷമത കൂടിയ അനുബന്ധ ലൈറ്റുകൾ, ഇരുചക്ര മുച്ചക്ര വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ ‘അങ്കണജ്യോതി പദ്ധതിയിലൂടെ സ്ഥാപിക്കും.
പദ്ധതിയുടെ ആദ്യ ഘട്ടമായി 5 അങ്കണവാടികളിൽ 2 kW ന്റെ ഇൻഡക്ഷൻ കുക്കർ, ഇഡലി കുക്കർ, പ്രഷർ കുക്കർ, റൈസ് പോട്ട്, ഉരുളി, ടീ പോട്ട് എന്നിവ ഇതിനോടകം നൽകി. എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലേയും 10 അങ്കണവാടികളിൽ വീതം എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ പദ്ധതി വ്യാപിപ്പിക്കും. അനർട്ടിന്റെ നേതൃത്വത്തിൽ 100 അങ്കണവാടികളിൽ 2 kW ഓൺഗ്രിഡ് സൗരോർജ പദ്ധതികൾ നടപ്പിലാക്കും.