വൈദ്യുതിയുടെ വില നിർണയത്തിൽ ഉല്പാദന കമ്പനികൾക്ക് അനുകൂലമായ നയങ്ങളും ചട്ടങ്ങളുമാണ് കേന്ദ്രസർക്കാർ അടുത്തകാലത്ത് പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുപുറമേ, വൈദ്യുതി വിതരണരംഗത്തും സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമഭേദഗതിയ്ക്കും ചട്ട ഭേദഗതിയ്ക്കും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. ഇത്തരം നിർദ്ദേശങ്ങൾ രാജ്യത്ത് വൈദ്യുതി വിലയിൽ വലിയ വർധനവിന് ഇടയാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനം 70 ശതമാനം വൈദ്യുതിയും പുറത്ത് നിന്നും വാങ്ങുന്ന നമ്മുടെ സംസ്ഥാനത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
ഒന്നിലധികം വിതരണ കമ്പനികൾക്ക് ഒരേ വിതരണ മേഖലയിൽ പ്രവർത്തിക്കാൻ വ്യവസ്ഥ ചെയ്യുന്നതിനോടൊപ്പം മാതൃനിയമത്തിൽ പറയുന്നതിൽ നിന്നു വ്യത്യസ്തമായി ശൃംഖലാ വികസനത്തിന്റെയും ആയതിന്റെ പരിപാലനത്തിന്റെയും ഉത്തരവാദിത്തത്തിൽ നിന്നും വിതരണ കമ്പനികളെ വിടുതൽ ചെയ്യും വിധമാണ് വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം. എല്ലാ വിതരണ കമ്പനികളും തങ്ങളുടെ പ്രദേശത്ത് പ്രവർത്തിക്കുന്ന മറ്റ് ഏതൊരു വിതരണ കമ്പനികളുടെയും വിതരണശൃംഖല കേവലം ഉപയോക്തൃ-ചെലവ് (wheeling charge) മാത്രം നൽകി ഉപയോഗിക്കാനുള്ള അവകാശം നൽകുന്നു. വൈദ്യൂതി വിതരണത്തിൽ മുഖ്യമായ പണച്ചെലവുള്ളത് ശൃംഖലാ വികസനത്തിനും പരിപാലനത്തിനും ആണെന്നിരിക്കെ ഈ ഉത്തരവാദിത്തത്തിൽ നിന്നും വിതരണ കമ്പനികളെ ഒഴിവാക്കുന്നത്, മൂലധന നിക്ഷേപവും ഉത്തരവാദിത്തവും ഇല്ലാതെ ആർക്കും കടന്നു വരാവുന്ന ഒരു മേഖലയാക്കി വൈദ്യുതി വിതരണരംഗത്തെ മാറ്റുവാൻ സാധ്യതയുണ്ട്.
ഭേദഗതി നിർദ്ദേശത്തിൽ ശൃംഖലാ വികസനത്തിന്റെയും പരിപാലനത്തിന്റെയും ചുമതല ആർക്ക് എന്നത് വ്യക്തമല്ല. സ്വാഭാവികമായും വൻ മൂലധന നിക്ഷേപം ആവശ്യമുള്ളതും, എന്നാൽ വർഷങ്ങൾക്ക് ശേഷം മാത്രം ലാഭം ലഭിക്കാൻ ഇടയുള്ളതുമായ പദ്ധതികളിൽ മുതൽമുടക്കാൻ നിക്ഷേപകർ തയ്യാറാകണമെന്നില്ല. എല്ലാ വിതരണ കമ്പനികൾക്കും ഉത്തരവാദിത്തം എന്നത് ആർക്കും ഉത്തരവാദിത്തം ഇല്ലാത്ത സ്ഥിതി സംജാതമാകാൻ സാധ്യതയുണ്ട്. ഇത് ഭാവിയിൽ വിതരണനഷ്ടം കൂടുന്നതിനും വോൾട്ടേജ് ക്ഷാമം, അടിക്കടിയുണ്ടാകുന്ന വൈദ്യൂതി മുടക്കം, ശൃംഖലയുടെ ശേഷിക്കുറവ് മൂലം ഉണ്ടാകുന്ന ലോഡ്‌ഷെഡിംഗ് എന്നിവയ്ക്കും ഇടയാക്കിയേക്കാം.
വിതരണ രംഗം ലാഭകരമായ നഗരപ്രദേശങ്ങളിൽ മാത്രമായി പ്രവർത്തനം കേന്ദ്രീകരിക്കാനും അവിടെത്തന്നെ ഉയർന്ന വൈദ്യുതി നിരക്ക് നൽകുന്ന ലാഭകരമായ ഉപഭോക്താക്കളെ അടർത്തിയെടുക്കുന്നതിനും സ്വകാര്യകമ്പനികൾ ശ്രമിക്കാനിടയുണ്ട്. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലെ ധനശേഷി കുറഞ്ഞ സാധാരണക്കാർക്കും വൈദ്യുതി നൽകുന്നത് പൊതുമേഖലയുടെ മാത്രം ബാധ്യത ആകും. ലാഭസാധ്യത സ്വകാര്യ സ്ഥാപനങ്ങൾക്കും നഷ്ടസാധ്യത പൊതുമേഖലയ്ക്കും എന്ന അവസ്ഥ പൊതുമേഖലയുടെ തകർച്ചയിലേക്കും ക്രമേണ സാധാരണക്കാരന് വൈദ്യുതി നിഷേധിക്കപ്പെടുന്നതിലേക്കും നയിക്കും. വർഷങ്ങളുടെ പ്രയത്നം മൂലം കേരളം കൈവരിച്ച സമ്പൂർണ്ണ വൈദ്യുതീകരണം, എല്ലാ വിഭാഗങ്ങൾക്കും താങ്ങാൻ ആകുന്ന വിലയ്ക്ക് വൈദ്യൂതി വിതരണം, തുടങ്ങിയ നേട്ടങ്ങൾ നഷ്ടപ്പെടാം. വനാന്തരങ്ങളിലും മറ്റ് വിദൂര പ്രദേശങ്ങളിലും വൈദ്യുതി എത്തിക്കാൻ ഭാവിയിൽ സാധ്യത ഇല്ലാതാകും എന്നും ആശങ്കപ്പെടുന്നു.
കൽക്കരി ക്ഷാമത്തിന്റെ അടിസ്ഥാനത്തിൽ, വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനെന്ന വ്യാജേന കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന പല നടപടികളും സ്വകാര്യകുത്തകകൾക്ക് അധിക ലാഭം ഉണ്ടാക്കുന്നതും രാജ്യത്തെ വൈദ്യുതി വില കുതിച്ചുയർത്തുന്നതുമാണ്. അധിക വൈദ്യുതി ആവശ്യകതയ്ക്ക് അനുസരിച്ച് ഉത്പാദനം നടത്തുന്നതിനുള്ള ആഭ്യന്തര കൽക്കരി ലഭ്യമാകാത്തതിനാൽ അത് മറികടക്കാനായി കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ വിവിധ കാലയളവിലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിൽ, ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കാൻ വൈദ്യുതി ഉത്പാദകർക്ക് നിർദ്ദേശം നൽകി. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ 28-4-2022ലെ നിർദ്ദേശപ്രകാരം 10% ഇറക്കുമതി ചെയ്ത കൽക്കരി (blending) ഉപയോഗിക്കാനും, 26.7.2022-ലെ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് ഇറക്കുമതി ചെയ്ത കൽക്കരി 20% 31.10.2022 വരെ വരെ ഉപയോഗിക്കാനും വൈദ്യുതി ഉത്പാദകർക്ക് നിർദ്ദേശം നൽകുകയുണ്ടായി. തുടർന്ന് 2023 സെപ്റ്റംബർ വരെ 06% ഇറക്കുമതി ചെയ്ത കൽക്കരി (blending) ഉപയോഗിക്കാൻ 09.01.2023-ൽ കേന്ദ്ര ഊർജ്ജ മന്ത്രാലയം ഉത്പാദകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കാനുള്ള കേന്ദ്ര നിർദ്ദേശം കാരണം ഏപ്രിൽ 2022 മുതൽ ഒക്ടോബർ 2022 വരെ ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ചതുമൂലം നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം, കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിനു വൈദ്യുതി വാങ്ങൽ ചിലവിൽ പ്രതിമാസം ശരാശരി 11.07 കോടി രുപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ട്.
ഇതിനിടയിൽ, വൈദ്യുതി വിതരണ ലൈസൻസികൾക്ക് മാസംതോറും വൈദ്യുതിനിരക്ക് വ്യതിയാനം വരുത്തുന്നതിന് അനുമതി നൽകുന്ന വൈദ്യുതിച്ചട്ട ഭേദഗതി 29/12/22 ന് നിലവിൽ വന്നു. ഇതനുസരിച്ച് വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന എല്ലാ അധികചെലവും കമ്മീഷനെ സമീപിക്കാതെ തന്നെ ഉപഭോക്താക്കളിൽ നിന്ന് മാസംതോറും ഈടാക്കാവുന്നതാണ്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളുടെ സൂക്ഷ്മ പരിശോധനയും പൊതു തെളിവെടുപ്പുകളും ഇല്ലാതെ വൈദ്യുതി സർച്ചാർജ് ഏർപ്പെടുത്തുന്നതോടെ പെട്രോൾ, ഡീസൽ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതിനിരക്കും കൂടും.
ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വിൽക്കാൻ രാജ്യത്ത് പുതിയ വിപണിയുണ്ടാക്കാൻ കേന്ദ്ര റഗുലേറ്ററി കമീഷൻ 16/02/23 ലെ ഉത്തരവ് പ്രകാരം അനുമതി നൽകി. യൂണിറ്റിന് പരമാവധി 50 രൂപവരെ വില ഈടാക്കാൻ കഴിയുന്ന വിപണിയാണ് നിലവിൽവരുന്നത്. ഇറക്കുമതി കൽക്കരി, ഇറക്കുമതി ചെയ്ത RLNG, നാഫ്ത എന്നിവ ഉപയോഗിക്കുന്ന വൈദ്യുതി നിലയങ്ങൾ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം എന്നിവയ്ക്കു ഈ വിപണിയിൽ വൈദ്യുതി വിൽക്കാം. മറ്റ് നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയുടെ പവർ എക്‌സ്‌ചേഞ്ച് വഴിയുള്ള വിൽപ്പനയ്‌ക്ക് ഇപ്പോൾ പരമാവധി 12 രൂപ എന്ന നിരക്കാണ്.
20.02.23 ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച അസാധാരണ ഉത്തരവ് പ്രകാരം ഇറക്കുമതി കൽക്കരി ഉപയോഗിച്ച് ഉൽപ്പാദനം നടത്തുന്ന മുഴുവൻ നിലയങ്ങളും പൂർണ്ണതോതിൽ പ്രവർത്തിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
വൈദ്യുതി വാങ്ങൽ വില സമയബന്ധിതമായി നൽകുന്നതിന്റെ പതിവ് അവലോകനം, നിരീക്ഷണം, നടപ്പാക്കൽ എന്നിവ ഉൾപ്പടെയുള്ള എല്ലാ പ്രവർത്തനങ്ങളും പ്രാപ്തി പോർട്ടൽ വഴി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് വൈദ്യുതി വില നൽകുന്നതിന്റെ വിശദാംശങ്ങൾ പ്രസ്തുത പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യേണ്ടതും എന്തെങ്കിലും കുടിശ്ശിക വന്നാൽ, അത് സ്വയമേവ സംസ്ഥാനത്തിന്റെ വൈദ്യുതി വാങ്ങലിൽ നിയന്ത്രണത്തിന് ഇടയാക്കുകയും ചെയ്യും. CERC, APTEL മുതലായ ഫോറങ്ങൾ മുൻപാകെ തർക്ക വിഷയമായി നിലനിൽക്കുന്ന ജനറേറ്റിംഗ് കമ്പനികളും ട്രാൻസ്മിഷൻ കമ്പനികളും നൽകുന്ന ബില്ലുകൾ ഉടനടി അടച്ചുതീർക്കണമെന്ന അടിയന്തിര കേന്ദ്ര നിർദ്ദേശം മൂലം ഈ മാസം വൈദ്യുതി ബോർഡിന് 241.5 കോടി അധിക ചെലവായി. സംസ്ഥാനത്തെ വൈദ്യുതി ലഭ്യത ഉറപ്പ് വരുത്താൻ വേണ്ടി ഈ തുക എതിർപ്പ് രേഖപ്പെടുത്തിക്കൊണ്ട് നൽകുകയാണ് ഉണ്ടായത്.
തൊട്ട് മുമ്പുള്ള സാമ്പത്തിക വർഷത്തെ സർക്കാർ കുടിശ്ശിക പൂർണ്ണമായി അടച്ചു തീർക്കുക, സർക്കാർ വൈദ്യുതി ബോർഡുകൾക്ക് നൽകാനുള്ള പഴയകാല കുടിശ്ശികകൾ എല്ലാം തന്നെ RDSS മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അടച്ചുതീർക്കുക എന്നീ നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമേ വൈദ്യുതി വിതരണ കമ്പനികൾക്ക് വായ്പ നൽകൂ എന്ന് കേന്ദ്രസർക്കാർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നൽകിയ കർശന നിർദ്ദേശങ്ങളും, വികസന പ്രവർത്തനങ്ങൾക്ക് വായ്പ എടുക്കാൻ പോലും കഴിയാതെ സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളെയും സംസ്ഥാന സർക്കാരുകളെയും വരിഞ്ഞു മുറുക്കുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.
രാജ്യത്തെ ഊർജ്ജ മേഖലയിൽ കേന്ദ്രം നിഷ്കർഷിക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന് 0.5% അധിക കടമെടുപ്പ് അനുവദിക്കില്ല എന്ന നിബന്ധന സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് കടിഞ്ഞാൺ ഇടാനും, കേന്ദ്രത്തിന്റെ ഇംഗിതത്തിന് വഴങ്ങി ചൊൽപ്പടിയിൽ നിർത്താനുമുള്ള ഒരു ആയുധമായി ഉപയോഗിക്കുന്നു.
ഇത്തരത്തിൽ വൈദ്യുതി ഉൽപ്പാദന, വിതരണ മേഖലകളിൽ സ്വകാര്യകുത്തകകളെ സഹായിക്കാൻ നടത്തുന്ന കേന്ദ്ര ഇടപെടലുകൾ വൈദ്യുതി നിരക്കിൽ വൻ വർധന സമീപ ഭാവിയിൽ തന്നെ ഉണ്ടായേക്കാം. ചുരുങ്ങിയ നിരക്കിൽ സാധാരണക്കാർക്കും, കർഷകർക്കും വൈദ്യുതി അപ്രാപ്യമാകുന്ന സ്ഥിതിവിശേഷം സംജാതമായേക്കാം.
സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളുള്ള വൈദ്യുതി നിയമ ഭേദഗതിയ്ക്കുള്ള നീക്കം, മാസം തോറും വൈദ്യുതി ചാർജ് വർധിപ്പിക്കാൻ സഹായിക്കുന്ന വൈദ്യുതി ചട്ട ഭേദഗതി, യൂണിറ്റിന് പരമാവധി 50 രൂപവരെ വില ഈടാക്കാൻ കഴിയുന്ന പുതിയ വൈദ്യുതി വിപണി ഏർപ്പെടുത്താനുള്ള തീരുമാനം, ഇറക്കുമതി കൽക്കരി ഉപയോഗിച്ച് ഉൽപ്പാദനം നടത്തുന്ന മുഴുവൻ നിലയങ്ങളും പൂർണ്ണതോതിൽ പ്രവർത്തിക്കണമെന്ന നിർദ്ദേശം എന്നിവയിലൂടെ രാജ്യത്ത് ഊർജ്ജമേഖലയിലെ അടിയന്തരാവസ്ഥയ്ക്കാണ് കളമൊരുങ്ങിയിരിക്കുന്നത്.