North Malabar region's first gas insulated switchgear 220 KV At Sub Station Thalassery

ഉത്തരമലബാർ മേഖലയിലെ വൈദ്യുതി ആവശ്യകത 2030-ഓടുകൂടി 1900 MW ആയി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്തരത്തിൽ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയ്ക്ക് ആനുപാതികമായി പ്രസരണമേഖലയുടെ ശേഷി വർദ്ധിക്കപ്പെടേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ട്രാൻസ്‍ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി തലശ്ശേരിയിൽ നിലവിലുണ്ടായിരുന്ന 110 കെ.വി. സബ്സ്റ്റേഷൻ നവീകരിച്ച് 220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മിക്കാനും കാഞ്ഞിരോട് മുതൽ തലശ്ശേരി വരെ 31 കിലോമീറ്റർ പ്രസരണലൈൻ 220/110 കെ.വി. മൾട്ടിസർക്യുട്ട് മൾട്ടിവോൾട്ടേജ് ലൈനാക്കി ശേഷി വർദ്ധിപ്പിക്കുവാനും നടപടി സ്വീകരിച്ചത്. ഉത്തരമലബാറിലെ ആദ്യത്തെ ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ കൂടിയാണ് തലശ്ശേരി 220 കെ.വി. സബ്‌സ്റ്റേഷൻ.

ചുരുങ്ങിയ സ്ഥലത്ത് ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സബ്‌സ്റ്റേഷനെന്നതാണ് തലശ്ശേരി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷന്റെ പ്രത്യേകത. സാധാരണ 220 കെ.വി. എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷന് അഞ്ച് ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണ്. എന്നാൽ സമാനമായ ജി.ഐ.എസ്. സബ്ബ്സ്റ്റേഷനാകട്ടെ കേവലം ഒരു ഏക്കറിൽ താഴെ മാത്രം സ്ഥലം മതിയാവും. നൂതന സാങ്കേതിക വിദ്യയിലുള്ള സബ്സ്റ്റേഷൻ പൂർണ്ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവർത്തിപ്പിക്കുവാനും വിദൂരത്തുള്ള മാസ്റ്റർ കൺട്രോൾ സെൻറ്റർ, സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെൻറ്റർ കളമശ്ശേരി, ബാക്കപ്പ് ലോഡ് ഡെസ്പാച്ച് സെൻറ്റർ തിരുവനതപുരം തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും ഭാവിയിൽ നിയന്ത്രിക്കുവാനും കഴിയുന്നതാണ്.

പദ്ധതിയുടെ നിർമാണോദ്ഘാടനം 17.08.2020-ൽ ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷന്റെ നിർമ്മാണം കൊൽക്കത്ത ആസ്ഥാനമായുള്ള ടെക്നോ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് എന്ന കമ്പനിയാണ് ടേൺകീ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് പൂർത്തിയാക്കിയത്. കാഞ്ഞിരോട് നിന്നും തലശ്ശേരിയിലേക്കുള്ള 220/110 കെ.വി. മൾട്ടിസർക്യൂട്ട് മൾട്ടിവോൾട്ടേജ് ലൈനിന്റെ നിർമ്മാണം സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് എന്ന കമ്പനിയാണ് നിർവ്വഹിച്ചത്. ഈ പ്രവൃത്തികൾക്ക് ആവശ്യമായ തുക കിഫ്ബി വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. തലശ്ശേരി സബ്ബ്സ്റ്റേഷൻ നിർമ്മാണത്തിന് 60 കോടി രൂപയും കാഞ്ഞിരോട് നിന്ന് തലശ്ശേരിയിലേക്കുള്ള ലൈൻ നിർമ്മാണത്തിന് 110 കോടി രൂപയും ചെലവായിട്ടുണ്ട്.

തലശ്ശേരി താലൂക്കിലുൾപ്പെട്ട കതിരൂർ വില്ലേജിലെ, പൊന്ന്യം ദേശത്ത്, പറാംകുന്നിലാണ് പുതിയ 220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ്ബ്സ്റ്റേഷൻ നിർമ്മിച്ചിട്ടുള്ളത്. 100 MVA ശേഷിയുള്ള രണ്ട് 220/110 കെ.വി ട്രാൻസ്ഫോർമറുകളും, 20 MVA ശേഷിയുള്ള രണ്ട് 110/11 കെ.വി. ട്രാൻസ്ഫോമറുകളുമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.

തലശ്ശേരി, കൂത്തുപറമ്പ്‌, പാനൂർ നഗരസഭകൾ ഉൾപ്പെട്ട പ്രദേശങ്ങളിലും പിണറായി, കതിരൂർ, പെരളശ്ശേരി, വേങ്ങാട്, പാട്യം, എരഞ്ഞോളി, ചൊക്ലി, ന്യൂമാഹി, കുന്നോത്ത്പറമ്പ, ധർമ്മടം, പന്ന്യന്നൂർ തുടങ്ങിയ ഗ്രാമപഞ്ചായത്ത് പരിധിയിൽപെട്ട പ്രദേശങ്ങളിലും നേരിട്ടും, കണ്ണൂർ കോർപറേഷൻ പരിധിയിൽ ഭാഗികമായും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജില്ലയിലെ വ്യവസായ, കാർഷിക മേഖലകൾക്കും പുതിയ സബ്‌സ്റ്റേഷൻ ഉണർവ് പകരും. പ്രസരണ വിതരണ സംവിധാനങ്ങൾ കാര്യക്ഷമമാകുന്നതോടെ വ്യാവസായിക, കാർഷിക, ഗാർഹിക ഉപഭോക്താക്കൾക്ക് ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കാൻ കഴിയും.

 

first gas-insulated switchgear 220 KV