സംസ്ഥാനത്ത് വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടിയ വൈദ്യുതി ഉപയോഗം 2022 ഏപ്രിൽ 28 ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 2022 ഏപ്രിൽ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും ആയിരുന്നു. എന്നാൽ ഈ ആഴ്ച പതിനൊന്നാം തീയതി മുതൽ വൈദ്യുതി ആവശ്യകതയും ഉപയോഗവും മുൻകാല റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് പോകുന്ന നിലയാണ്. അങ്ങനെ ഇന്നലെ ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ, (13.04.23) വൈദ്യുതി ഉപഭോഗം 100.30 ദശലക്ഷം യൂണിറ്റും വൈദ്യുതി ആവശ്യകത 4903 മെഗാവാട്ടും ആയി. രണ്ടും സർവ്വകാല റെക്കോർഡ് ആണ്.

വൈദ്യുതി ആവശ്യകത ഏപ്രിൽ, മേയ് മാസങ്ങളിൽ യഥാക്രമം 4700 മെഗാവാട്ട്, 4600 മെഗാവാട്ട് എന്നിങ്ങനെ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ടുള്ള ആസൂത്രണമാണ് നടത്തിയത്. ഇപ്പോൾ പ്രതീക്ഷകൾക്കപ്പുറത്ത് വൈദ്യുതി ആവശ്യകത കൂടിയതായി കാണുന്നു.

ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉല്പാദനം ക്രമീകരിക്കുന്നതിന് വലിയ അണക്കെട്ടുകളിൽ ജൂൺ 1 ന് ശേഷം ഏകദേശം 20 ദിവസത്തേക്കുള്ള ഉല്പാദനം നടത്താൻ പര്യാപ്തമായ കരുതൽ ശേഖരം കണക്കിലെടുത്തുള്ള ആസൂത്രണം നടത്തിയിട്ടുണ്ട്.

ഏകദേശം 8 ശതമാനത്തോളം കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉപയോഗവും, 12 ശതമാനത്തോളം കൂടിയ വൈദ്യുതി ആവശ്യകതയിൽ വർധനവ് വന്നിട്ടും വൈദ്യുതി നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്താതെ തന്നെ നമുക്ക് മാനേജ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആഭ്യന്തര വൈദ്യുതി ഉത്പാദനം ക്രമീകരിച്ചുകൊണ്ടും, കേന്ദ്ര വൈദ്യുതി വിഹിതം, ഹ്രസ്വകാല, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ, പവർ ബാങ്കിംഗ് സംവിധാനം എന്നീ മാർഗ്ഗങ്ങളിലൂടെ ഇത്തവണത്തെ വേനൽക്കാലത്തെ വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപയോഗവും അധിക ഊർജ്ജ ആവശ്യകതയും നിറവേറ്റാൻ സാധിക്കുന്നതാണ്.

പീക്ക് സമയത്തെ വൈദ്യുതി ഉപയോഗമാകട്ടെ കുതിച്ചുയരുകയുമാണ്. വൈകുന്നേരം 6 മുതൽ 11 വരെയുള്ള സമയത്തെ വർദ്ധിച്ച ആവശ്യകതയ്ക്കനുസൃതമായി സംസ്ഥാനത്തിനു പുറത്തുനിന്ന് വലിയ വില നല്കി വൈദ്യുതി വാങ്ങി എത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

രാജ്യവ്യാപകമായി നിലവിലുള്ള കൽക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത, വിലകൂടിയ കൽക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിർദ്ദേശവും കാരണം താപവൈദ്യുതിക്ക് വില നിലവിൽ വളരെകൂടുതലാണ്.

വൈദ്യുതി ഉപയോഗം ഇത്തരത്തിൽ ക്രമാതീതമായി ഉയരുകയും ആഭ്യന്തര ഉത്പാദന സാധ്യത കുറയുകയും ചെയ്താൽ പ്രതിസന്ധി മറികടക്കുന്നത് ബുദ്ധിമുട്ടാകും. എന്നാൽ മാന്യ ഉപഭോക്താക്കൾ അൽപ്പമൊന്ന് മനസ്സുവച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാകുന്നതേയുള്ളു.

ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ പ്രതിസന്ധി നേരിടാൻ നമുക്ക് കഴിയും. വസ്ത്രങ്ങൾ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകൽ സമയത്തോ രാത്രി 11 നു ശേഷമോ ആക്കി ക്രമീകരിക്കുന്നത് നല്ലതായിരിക്കും.

എന്നാൽ, വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും, വൈദ്യുത ദുരുപയോഗം ഒഴിവാക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

വൈദ്യുതി അമൂല്യമാണ്, അത് ജാഗ്രതയോടെ ഉപയോഗിക്കാം