കാർഷികോൽപ്പന്നങ്ങൾ കേടു കൂടാതെ സംരക്ഷിച്ച്, കർഷകർക്ക് ഗുണകരമായ രീതിയിൽ ഉപയോഗിക്കുന്നതിനായി ആനയറ വേൾഡ് മാർക്കറ്റിൽ അനെർട്ട് സൗരോർജ കോൾഡ് സ്റ്റോറേജ് സ്ഥാപിച്ചു. കൃത്യമായ പരിപാലനം നടത്തി കേടുകൂടാതെ ശീതസംഭരണി നിലനിർത്തും.
സീസൺ സമയത്തുണ്ടാകുന്ന പച്ചക്കറികൾ ശേഖരിച്ച് സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജിലൂടെ സാധിക്കും. വിലനിലവാരത്തിലെ വ്യതിയാനം സംഭവിക്കുന്ന പക്ഷം കേടുകൂടാതെ സൂക്ഷിക്കുന്ന പച്ചക്കറികളും പഴങ്ങളും മറ്റും മൂല്യ വർധിത ഉൽപ്പന്നങ്ങളിലേക്ക് മാറ്റാൻ കഴിയണം. സാരോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി ബിൽ ഇനത്തിൽ ലാഭമുണ്ടാകും. നിലവിലെ കാർഷിക പമ്പുകൾ സൗരോർജത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ സർക്കാർ തുടരുകയാണ്.
ആദ്യ ഘട്ടത്തിൽ രണ്ട് ലക്ഷം പമ്പുകൾ സോളാറിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. കാർഷികോൽപ്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നത് നിലവിൽ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിയാണ്. ഇതിനുള്ള ശാസ്ത്രീയ പരിഹാരമാണ് സൗരോർജ ശീതികരണ സംഭരണി. തിരുവനന്തപുരം നഗരത്തെ പൂർണമായും സൗരോർജ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അനെർട്ട് നടപ്പിലാക്കുന്ന സോളാർ സിറ്റി പദ്ധതിയുടെ ഭാഗമായാണ് സോളാർ കോൾഡ് സ്റ്റോറേജ് സ്ഥാപിച്ചത്.