"Samraksha" - Electricity Licensing Board services now online
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ്, ബോർഡ് ഓഫ് എക്സാമിനേഴ്‌സ് ഫോർ സിനിമ ഓപ്പറേറ്റർസ് എന്നിവ മുഖേന ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ഓൺലൈൻ ആയി ലഭ്യമാക്കുന്നതിനായി “സംരക്ഷ” എന്ന പേരിൽ സോഫ്റ്റ്‌വെയർ  പുറത്തിറക്കി. പ്രസ്തുത ബോർഡുകൾ മുഖേന ഇലക്ട്രിക്കൽ വയർമാൻ, ഇലക്ട്രിക്കൽ സൂപ്പർവൈസർ, ഇലക്ട്രിസിറ്റി വർക്കർ, ഇലക്ട്രിക്കൽ കോൺട്രാക്ടർ, വയർമാൻ അപ്രന്റിസ്, സിനിമ ഓപ്പറേറ്റർ, സിനിമ ഓപ്പറേറ്റർ അപ്രന്റിസ് തുടങ്ങിയ ലൈസൻസുകളും/പെർമിറ്റുകളും നൽകി വരുന്നുണ്ട്. 
 
സംരക്ഷ സോഫ്റ്റ്‌വെയർ മുഖേന പൊതുജനങ്ങൾക്ക് മേൽപ്പറഞ്ഞ സേവനങ്ങൾക്കായി ഓൺലൈനായി അപേക്ഷിക്കുവാനും ആഫിസിൽ വരാതെ തന്നെ ലൈസൻസ്/പെർമിറ്റ് എന്നിവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുവാനും ഇതുമൂലം സാധിക്കും. അപേക്ഷകളുടെ സൂക്ഷ്മപരിശോധന ഓൺലൈനായി തന്നെ നടത്തുന്നതിനാലും കത്തിടപാടുകളും മറ്റും ഒഴിവാക്കുന്നതിനാലും സേവനങ്ങൾ കാലതാമസം ഇല്ലാതെ നൽകുവാൻ കഴിയും. 
 
സ്റ്റാർട്ട് അപ്പ് മിഷന്റെ സഹായത്തോടെ ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയെ  കണ്ടെത്തിയാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയർ https://samraksha.ceikerala.gov.in/ എന്ന ലിങ്ക് മുഖേന ലഭ്യമാണ്. കൂടാതെ “SAMRAKSHA” എന്ന പേരിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ്.
 
സംരക്ഷ സോഫ്റ്റ്‌വെയറിൽ ലഭ്യമായിട്ടുള്ള സേവനങ്ങൾ

• പുതിയ ലൈസൻസിനുള്ള അപേക്ഷ (കോൺട്രാക്ടർ ഗ്രേഡ് ‘എ’, ‘ബി’, ‘സി’, സിനിമാ ഓപ്പറേറ്റർ)
• പുതിയ പെർമിറ്റുകൾക്കുള്ള അപേക്ഷ (സൂപ്പർവൈസർ ഗ്രേഡ് ‘എ’, ‘ബി’, ‘മൈൻസ്’, വയർമാൻ, ഇലക്ട്രിസിറ്റി വർക്കർ)
• വയർമാൻ അപ്രന്റീസിനും സിനിമാ ഓപ്പറേറ്റർ അപ്രന്റീസിനുമുള്ള അപേക്ഷ
• ലൈസൻസ്/പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ
• സ്കോപ്പ് റിവിഷനുള്ള അപേക്ഷ (സൂപ്പർവൈസർ/കോൺട്രാക്ടർ)
• കോൺട്രാക്ടറുടെ  കീഴിൽ സ്റ്റാഫ് എൻറോൾമെന്റിനുള്ള അപേക്ഷ
• ഇതിനകം നൽകിയ ലൈസൻസ്/പെർമിറ്റ് രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം 
• ലൈസൻസ്/ പെർമിറ്റ് എന്നിവയുടെ കാലാവധി പരിശോധിക്കുവാനുള്ള സംവിധാനം
• കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡും ബോർഡ് ഓഫ് എക്സാമിനേഴ്‌സ് ഫോർ സിനിമ ഓപ്പറേറ്റർസ് നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കുവാനുള്ള സൗകര്യം 
• പരീക്ഷ/പ്രാക്ടിക്കൽ/ഇന്റർവ്യൂ തുടങ്ങിയവയുടെ കോൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള സംവിധാനം
• അപേക്ഷകളുടെ തൽസ്ഥിതി അറിയുവാനുള്ള സൗകര്യം