കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളിൽ ഊർജ വിതരണശൃംഖല ശക്തിപ്പെടുത്താൻ 12,031.33 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഹരിതോർജ ഇടനാഴി പദ്ധതിയുടെ രണ്ടാംഘട്ടമായാണ് ഇതു നടപ്പിലാക്കുന്നത്. കേരളം, ഗുജറാത്ത്, ഹിമാചൽപ്രദേശ്, കർണാടക, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 20 ജിഗാവാട്ട് പുനരുപയോഗ ഊർജ വിതരണ പദ്ധതികൾക്ക് ഇത് ഉപയോഗിക്കും. പദ്ധതിച്ചെലവിന്റെ 33% (3970.34 കോടി രൂപ) കേന്ദ്രം വഹിക്കും. 2025–26 വരെയാണ് പദ്ധതിയുടെ കാലാവധി. പ്രസാരണ സംവിധാനവും സബ്സ്റ്റേഷനുകളുടെ ശേഷിയും വർധിപ്പിക്കും. 2030ൽ 450 ജിഗാവാട്ട് പുനരുപയോഗ ഊർജമാണ് ഇന്ത്യ ലക്ഷ്യമിടുന്നത് 10,141.68 കോടി രൂപയുടെ ആദ്യഘട്ട പദ്ധതി ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം പൂർത്തിയാകും. ഇന്ത്യയ്ക്കും നേപ്പാളിനുമിടയിൽ ധാർചുലയിൽ മഹാകാളി നദിയിൽ പാലം പണിയും. ഹരിതോർജ ഇടനാഴി പുനരുപയോഗിക്കാവുന്ന ഊർജ പദ്ധതികളും പരമ്പരാഗത വൈദ്യുതോൽപാദന പദ്ധതികളും ചേർത്ത് വൈദ്യുതി വിതരണം സുഗമമാക്കാൻ 2015–16ൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമാണിത്. ഒരു രാജ്യം ഒറ്റ ഗ്രിഡ് എന്ന ലക്ഷ്യത്തിൽ വൈദ്യുതി വിതരണം കാര്യക്ഷമവും ചെലവു കുറഞ്ഞതുമാക്കാനാണു പദ്ധതി. കാറ്റ്, സൗരോർജം തുടങ്ങിയ സ്രോതസ്സുകളിൽനിന്ന് ഉൽപാദിപ്പിക്കുന്ന പുനരുപയോഗ ഊർജം ദേശീയ വൈദ്യുതി ഗ്രിഡിലേക്കു സംയോജിപ്പാക്കാനുള്ള ദൗത്യമാണ് ഇതുവഴി വിഭാവനം ചെയ്തിരിക്കുന്നത്. ധാർചുല പാലം ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് ധാർചുല. നിലവിൽ ഇവിടെ തൂക്കുപാലമാണുള്ളത്. ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലാണ് ഇന്ത്യൻ ഭാഗത്തെ ധാർചുല. വാണിജ്യബന്ധം മെച്ചപ്പെടുത്താൻ പുതിയ പാലം സഹായിക്കും. 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കും. English Summary: Green energy corridor
