Announcing the completion of Anert's Green Income Scheme and inaugurated the distribution of free smart kitchen appliances

വൈദ്യുതി എല്ലാവർക്കും ഉറപ്പാക്കും; ചെലവ് കൂടുന്നതിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കപ്പെടില്ല.

വൈദ്യുതി എല്ലാവർക്കും ഉറപ്പാക്കുമ്പോൾ ചെലവ് കൂടുന്നുവെന്ന പേരിൽ അവകാശങ്ങൾ നിഷേധിക്കപ്പെടില്ലന്ന് അനെർട്ടിന്റെ ഹരിത വരുമാന പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും സൗജന്യ സ്മാർട്ട് കിച്ചൻ ഉപകരണ വിതരണവും ഉദ്ഘാടനം ചെയ്തു.
വൈദ്യുതി ഇനിയും എത്താത്ത ഒറ്റപ്പെട്ട ഇടങ്ങളിൽ വെളിച്ചം എത്തിക്കുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ് സർക്കാർ. അതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ വലിയ ചെലവാണ് കണക്കാക്കുന്നത്. എന്നാൽ അതിന്റെ പേരിൽ ആർക്കും അവകാശങ്ങൾ നിഷേധിക്കില്ല. കുടുംബങ്ങളുടെ എണ്ണം എത്ര കുറവാണെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളാണെങ്കിലും വൈദ്യുതി ഉറപ്പാക്കും. അത് അവരുടെ അവകാശമാണ്. നിലവിലെ പദ്ധതി പ്രകാരം ടെറസ് ഉള്ള വീടുകളിലാണ് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. അതിന്റെ ഗുണം സമീപത്തുള്ള വീടുകളിലും ലഭ്യമാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. അങ്കണവാടികളിലും സോളാർ സംവിധാനം ഒരുക്കും.

സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുത്ത് നടത്തുന്നത്. സൗരോർജ്ജ പദ്ധതി വഴി വൈദ്യുതി ഉറപ്പാക്കുന്നതിനൊപ്പം വരുമാനവും ഉണ്ടാക്കുകയാണ്. 25 വർഷത്തെ വാറണ്ടിയോടുകൂടിയുള്ള സോളാർ പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്. ഇത്തരം പദ്ധതികൾ വഴി സാങ്കേതിക വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾക്ക് തൊഴിലും സർക്കാർ ഉറപ്പാക്കുമെന്നും യോഗത്തിൽ പറഞ്ഞു.
സൗരോർജ്ജ പദ്ധതികളുടെ ആനുകൂല്യങ്ങൾ സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ എത്തിക്കുകയാണ് പദ്ധതിയിലൂടെ സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ലൈഫ് മിഷൻ പദ്ധതി വഴി നിർമ്മിച്ച വീടുകളിലും പട്ടികജാതി-പട്ടിക വർഗ്ഗ ഭവനങ്ങളിലും മൽസ്യത്തൊഴിലാളികളുടെ വീടുകളിലും സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതു വഴി സൗജന്യ വൈദ്യുതിയും അധിക വരുമാനവും ലഭ്യമാക്കുകയാണ്. ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നൽകിയത് പട്ടിക ജാതി- പട്ടികവർഗ വകുപ്പാണ്. അധിക വൈദ്യുതിയിൽ നിന്ന് ഒരു ചെറിയ വരുമാനം കണ്ടെത്താൻ കുടുംബങ്ങൾക്ക് സാധിക്കും. സോളാർ പാനലുകൾക്ക് 25 വർഷം വാറന്റി ലഭിക്കും. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലകളിലായി 305 വീടുകളിൽ 3 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചു.

പദ്ധതിയുടെ ഭാഗമായി ഇൻഡക്ഷൻ സ്റ്റൗ ഗുണഭോക്താവിന് കൈമാറികൊണ്ട് സ്മാർട്ട് കിച്ചൻ എന്ന സങ്കൽപവും യാഥാർത്ഥ്യമാകുകയാണ്.
കുറ്റിക്കാട് കോളനിയിൽ ഏഴ് വീടുകളിലാണ് പ്ലാന്റ് സ്ഥാപിച്ചത്. പദ്ധതി പ്രവർത്തനം തുടങ്ങി മൂന്നുമാസത്തിനുള്ളിൽ തന്നെ വരുമാനം നേടാനാകുന്നുണ്ടെന്ന് ഗുണഭോക്താക്കൾ പറഞ്ഞു. ചേലക്കര നിയോജക മണ്ഡലത്തിലെ രാമൻ കണ്ടത്ത്, കുറ്റിക്കാട്, ഏഴരക്കുന്ന്, അടാട്ട് കുന്ന് തുടങ്ങി എട്ട് കോളനികളിൽ നിന്നായി 42 കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നത്.