1. കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ വൈദ്യുതി കുടിശ്ശിഖ പിരിച്ചെടുക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക്, 2023 ജൂലൈ 19ലെ ഉത്തരവിലൂടെ അംഗീകാരം നൽകി. 2023 മാർച്ച് 31ലെ കണക്കുകളനുസരിച്ച് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന് വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞു കിട്ടുന്നതിനുള്ള കുടിശ്ശിഖ 3260 കോടിരൂപയോളമാണ്. നിലവിൽ രണ്ടു വർഷമോ അതിൽ കൂടുതലോ വർഷങ്ങളായി കുടിശ്ശിഖ വരുത്തിയിട്ടുള്ള ഉപഭോക്താക്കൾക്കാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിവഴി കുറഞ്ഞ പലിശ നിരക്കിൽ കുടിശ്ശിഖ തീർപ്പാക്കുന്നതിന് അംഗീകാരം നൽകിയിട്ടുള്ളത്.
2. പദ്ധതിയുടെ കാലാവധി 2023 ജൂലൈ 20 മുതൽ 2023 ഡിസംബർ 30 വരെയാണ്.
3. നിലവിൽ, വൈദ്യുതി കുടുശ്ശിഖക്ക് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 18 ശതമാനം പിഴപലിശയാണ് ഇൗടാക്കുന്നത്. എന്നാൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെയുള്ള കുടിശ്ശിഖയ്ക്ക് കേവലം 6% പലിശയും, അഞ്ച് വർഷം മുതൽ പതിനഞ്ച് വർഷം വരെയുള്ള കുടിശ്ശിഖയ്ക്ക് കേവലം 5% പലിശയും കൂടാതെ പതിനഞ്ച് വർഷത്തിൽ കൂടുതലുള്ള കുടിശ്ശിഖയ്ക്ക് കേവലം 4%പലിശയും ടി പദ്ധതിയിൽ നൽകിയാൽ മതി. ഇതുവഴി കുടിശ്ശിഖയുള്ള ഉപഭോക്താക്കൾക്ക് കുടിശ്ശിഖ തുകയിൽ ഗണ്യമായ കുറവുവരുന്നതാണ്.
4. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് മുതലും പലിശയും തിരിച്ചടക്കുന്നതിന് 12 തവണകൾ വരെ അനുവദിക്കുന്നതാണ്.
5. കോടതി നടപടികളിൽ കുടുങ്ങി തടസ്സപ്പെട്ടുകിടക്കുന്ന കുടിശ്ശിഖകളും പദ്ധതിയിൽ ഉൾപ്പെടുത്തി അടച്ചു തീർക്കാവുന്നതാണ്.
6. വർഷങ്ങളായി പ്രവർത്തന രഹിതമായി കിടക്കുന്ന വൈദ്യുതി കുടിശ്ശിഖയുള്ള സ്ഥാപനങ്ങൾക്ക് കാലയളവിൽ അടക്കേണ്ട മിനിമം ഡിമാന്റ് ചാർജ്ജ്, പുനർനിർണ്ണയം ചെയ്ത്, മിനിമം ഡിമാന്റ് ചാർജ്ജിൽ കുറവുവരുത്തി അത് പിരിച്ചെടുക്കുന്നതിന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
7. മുൻകാലങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം തേടിയിട്ടുള്ള ഉപഭോക്താക്കളിൽ പലകാരണങ്ങളാൽ മേൽപദ്ധതി വഴി കുടിശ്ശിഖ തിരിച്ചടക്കാൻ കഴിയാത്തവർക്കും, ഇപ്പോൾ അംഗീകാരം നൽകിയിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
8. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി മികവ് കാണിക്കുന്ന വൈദ്യുതി കുടിശ്ശിഖ പിരിച്ചെടുക്കുന്നതിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ സെക്ഷൻ ഒാഫീസുകൾ, സബ്ഡിവിഷൻ ഒാഫീസുകൾ, ഡിവിഷൻ ഒാഫീസുകൾ, സർക്കിൾ ഒാഫീസുകൾ തുടങ്ങിയവയിലെ ഉദ്യോഗസ്ഥർക്ക് ഉചിതമായ ഇൻസെന്റീവും, പ്രോത്സാഹനവും നൽകണമെന്നും കമ്മീഷൻ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിനോട് നിർദ്ദേശിച്ചിട്ടുണ്ട്.