2014-15 കാലയളവിൽ ഒപ്പുവച്ച ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് അംഗീകാരം നിരസിച്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തീരുമാനം പുനഃ പരിശോധിക്കണമെന്നുള്ള നിർദ്ദേശം സർക്കാർ കമ്മീഷന് നൽകിയിരുന്നു. തുടർന്ന്, വൈദ്യുതി അപ്പലേറ്റ് ട്രിബ്യൂണലിന് മുമ്പാകെ കെഎസ്ഇബിഎൽ നൽകിയിരുന്ന അപ്പീൽ പിൻവലിക്കുന്നതിനും, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പുനപരിശോധനയ്ക്കുള്ള അധികാര പരിധി വിനിയോഗിക്കുന്നതിനും അനുമതി നൽകി അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനസ്ഥാപിക്കുന്നതിനായി പുനപരിശോധനാ ഹർജി സംസ്ഥാന റെഗുലേറ്ററി കമ്മീഷന് മുൻപാകെ കെഎസ്ഇബിഎൽ സമർപ്പിച്ചിട്ടുണ്ട്.
ദുർബല വിഭാഗത്തിൽപ്പെട്ട അർഹരായ ഉപഭോക്താക്കൾക്ക് നിലവിൽ കൊടുത്തു കൊണ്ടിരുന്ന വൈദ്യുതി നിരക്കിലെ സബ്സിഡി ആനുകൂല്യം പിൻവലിക്കാൻ സർക്കാർ തീരുമാനം എടുത്തിട്ടില്ല. ഉപഭോക്താക്കളിൽ നിന്ന് ബോർഡ് പിരിക്കുന്ന ഡ്യൂട്ടിയിൽ തട്ടിക്കിഴിച്ചാണ് ഇതുവരെ സബ്സിഡി നൽകിയിരുന്നത്. ഡ്യൂട്ടി പൂർണ്ണമായും സർക്കാരിന് നൽകാൻ തീരുമാനമായതോടെ സബ്സിഡി വിതരണം തുടരുന്നതിനുള്ള തുക KSEBL ന് നൽകേണ്ടതുണ്ട്. സബ്സിഡി തുടരുന്നതിനായി കെ എസ് ഇ ബി എൽ സമർപ്പിച്ച നിർദ്ദേശം സർക്കാർ പരിഗണനയിലാണ്. ഇക്കാര്യത്തിൽ അടിയന്തരമായി സർക്കാർ ഉചിത തീരുമാനം എടുക്കുന്നതാണ്.
KSEB കമ്പനിയായ വേളയിൽ പെൻഷൻ വിതരണ ക്രമീകരണങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ കരാർ പ്രകാരം സർക്കാർ വിഹിതം നൽകുന്നതിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. പെൻഷനുവേണ്ടിയുള്ള സർക്കാർ വിഹിതവും ഡ്യൂട്ടിയിൽ നിന്ന് തട്ടി കിഴിക്കുകയാണ് ചെയ്തിരുന്നത്. പകരം ക്രമീകരണം സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണ്.