കേരളത്തിന്റെ ഊർജ മേഖലയെ ആഗോള നിലവാരത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ അതിവേഗം നടപ്പാക്കുകയാണ്. സംസ്ഥാനത്തെ ആദ്യ 400 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ കുറവിലങ്ങാട്ട് പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി സേവന–-വിതരണ രംഗത്ത് കേന്ദ്രം അടുത്തിടെ റേറ്റിങ് തയ്യാറാക്കിയതിൽ ആദ്യമെത്തിയ മൂന്നു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. വിശ്വാസ്യത, വൈദ്യുതി വിതരണം എന്നീ രംഗങ്ങളിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചു. ഇങ്ങനെ സേവന നിലവാരം വർധിപ്പിച്ച് ഇനിയും ആഗോളനിലവാരത്തിലേക്ക് എത്തിക്കും.
രാജ്യത്ത് ആദ്യമായി കേരളത്തിൽ വൈദ്യുതി വാഹന നയം പ്രഖ്യാപിച്ചു. ഊർജ മേഖലയെ പരിവർത്തിപ്പിക്കാൻ ലക്ഷ്യമിട്ട് ഊർജ കേരള മിഷൻ ആരംഭിച്ചു. സൗര, ഫിലമെന്റ്‌രഹിത കേരളം, വൈദ്യുതി, ട്രാൻസ്ഗ്രിഡ് 2.0 എന്നിയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ മിഷൻ പൂർണതയിലെത്തിക്കാനാണ് ശ്രമം.
സൗരപദ്ധതിയിലൂടെ 1000 മെഗാവാട്ട് സൗരോർജ ഉൽപ്പാദനം ലക്ഷ്യമിടുന്നു. അതിൽ 500 മെഗാവാട്ട് പുരപ്പുറ പദ്ധതിയിലൂടെയാണ്. ഇതിലൂടെ സൗരോർജ ശേഷി 800 മെഗാവാട്ടിലായി. എൽഇഡി ബൾബുകൾ കുറഞ്ഞനിരക്കിൽ നൽകുന്ന ഫിലമെന്റ്‌രഹിത പദ്ധതിയിലൂടെ ഒന്നര കോടിയിലധികം ബൾബുകൾ നൽകി. കൽക്കരി ആശ്രയത്വം കുറച്ചും പുനരുപയോഗ ഊർജ ഉപയോഗം പ്രോത്സാഹിപ്പിച്ചും സവിശേഷ സംസ്‌കാരം രൂപപ്പെടണം. ജലസംഭരണികളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കണം.
നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികകളിലും നമ്മൾ തുടർച്ചയായി ഒന്നാംസ്ഥാനത്താണ്. താങ്ങാവുന്ന നിരക്കിൽ എല്ലാവർക്കും വൈദ്യുതി നൽകുന്നതിലും പുനരുപയോഗ ഊർജലക്ഷ്യം കൈവരിക്കുന്നതിലും 100 പോയിന്റോടെയാണ് ഈ നേട്ടം.
കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആ നയത്തിന്റെ ഭാഗമായി വൈദ്യുതി വില ഗണ്യമായി കൂടും. ഈ ഘട്ടത്തിലും താഴ്ന്നനിരക്കിൽ വൈദ്യുതി ചാർജ് പരിഷ്‌കരണത്തെ പരിമിതപ്പെടുത്തി, പാവപ്പെട്ടവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും നൽകുന്ന ഇളവുകൾ കേരളം നിലനിർത്തുന്നു. ഇത് സാധ്യമായത് കെഎസ്ഇബിയുടെ കാര്യക്ഷമത നല്ലരീതിയിൽ വർധിപ്പിച്ചതുകൊണ്ടാണ്. കോട്ടയം ലൈൻസ് പാക്കേജും കൂടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.