ANERT project for hydrogen production; Hydrogen Valley Innovation Clusters in 3 districts

ഹൈഡ്രജൻ ഉൽപ്പാദനത്തിന്‌ അനെർട്ട്‌ പദ്ധതി ; 3 ജില്ലകളിൽ ഹൈഡ്രജൻവാലി ഇന്നൊവേഷൻ ക്ലസ്‌റ്ററുകൾ

ഹൈഡ്രജൻവാലി ഇന്നൊവേഷൻ ക്ലസ്‌റ്ററുകൾ സ്ഥാപിക്കാനുള്ള നടപടികളുമായി കേരളം. മൂന്നു ജില്ലകളിൽ ക്ലസ്‌റ്ററുകൾ സ്ഥാപിക്കാൻ വിശദ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കുകയാണ്‌. എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളെ ബന്ധപ്പെടുത്തി അനെർട്ടിന്റെ നേതൃത്വത്തിലാണ്‌ പദ്ധതി.
ഗതാഗത, ഊർജ, വ്യാവസായിക മേഖലകളെ ലക്ഷ്യമിട്ടാണ്‌ ക്ലസ്‌റ്ററുകൾ. ആദ്യഘട്ടത്തിൽ വാഹനങ്ങൾക്കും യാനങ്ങൾക്കുമുള്ള ഇന്ധനമായി ക്ലസ്‌റ്ററുകളിൽനിന്നുള്ള ഹൈഡ്രജൻ ഉപയോഗിക്കും. ഒപ്പം, സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റാനും പ്രയോജനപ്പെടുത്തും. ഹൈഡ്രജൻ ഉൽപ്പാദനവും വിതരണവും മാത്രമല്ല, ഈ രംഗത്തെ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ലക്ഷ്യമിടുന്നു. ക്ലസ്‌റ്റർ മൂന്നു ജില്ലകളിലാണെങ്കിലും സംസ്ഥാനവ്യാപകമായി ഗുണകരമാകുന്ന വിധത്തിലായിരിക്കും പദ്ധതി.
കേന്ദ്ര ശാസ്‌ത്രസാങ്കേതികവകുപ്പിന്റെ ചുരുക്കപ്പട്ടികയിൽ അനെർട്ടിന്റെ പ്രാഥമിക പദ്ധതി റിപ്പോർട്ട്‌ ഇടംപിടിച്ചിരുന്നു. ഭാവിയിലെ ഇന്ധനമെന്നാണ്‌ ഹൈഡ്രജനെ വിശേഷിപ്പിക്കുന്നത്‌. പുനരുപയോഗ ഊർജസ്രോതസ്സുകളിൽനിന്ന്‌ ഉൽപ്പാദിപ്പിക്കുന്നതാണ്‌ ഹരിത ഹൈഡ്രജൻ. 2040ഓടെ നൂറുശതമാനം പുനരുപയോഗ ഊർജ അധിഷ്‌ഠിത സംസ്ഥാനമായി മാറുകയാണ്‌ കേരളത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ്‌ ‘ക്ലീൻ എനർജി’ എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിനുള്ള സംസ്ഥാനത്തിന്റെ അനുകൂല അന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തുന്നത്‌. പരിസ്ഥിതിസൗഹൃദ വികസനമെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനും ഇത്‌ സഹായിക്കും.
കേന്ദ്ര–-സംസ്ഥാന ഫണ്ടുകളോടെ പദ്ധതി യാഥാർഥ്യമാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. അനെർട്ട്‌ സമർപ്പിക്കുന്ന വിശദ പദ്ധതിരേഖയ്‌ക്ക്‌ അംഗീകാരമായാൽ ശാസ്‌ത്രസാങ്കേതികവകുപ്പിന്റെ ഫണ്ട്‌ ലഭിക്കും. ഇതടക്കം ഹൈഡ്രജൻ സാധ്യത പ്രയോജനപ്പെടുത്തുന്ന മറ്റു പദ്ധതികൾക്കും സംസ്ഥാനം തുടക്കമിട്ടുകഴിഞ്ഞു. എറണാകുളം ജില്ലയിൽ ഹൈഡ്രജൻ ഉൽപ്പാദന പ്ലാന്റിനുള്ള നടപടികളുമായി കെഎസ്‌ഇബി മുന്നോട്ടുപോവുകയാണ്‌. ഹൈഡ്രജനെ വിവിധ മാർഗങ്ങളിലൂടെ വൈദ്യുതിയാക്കാം. ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഉയർന്ന ആവശ്യകതയുള്ള സമയത്ത്‌ (പീക്ക്‌ ഡിമാൻഡ്‌) വിതരണം ചെയ്യുകയുമാകാം.