തോട്ടിയാർ വൈദ്യുത പദ്ധതി 10 മെഗാവാട്ട് ജനറേറ്ററിന്റെ മെക്കാനിക്കൽ സ്പിന്നിങ് വിജയകരമായി നിർവഹിച്ചു. 40 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്നലെ വിജയകരമായി പരീക്ഷിച്ചത്.
പെൻ സ്റ്റോക്കിൽ വെള്ളം നിറച്ച ശേഷം ജനറേറ്ററിന്റെ ടർബൈനിലേക്ക് വെള്ളം പ്രവേശിപ്പിച്ച് പരീക്ഷണാർത്ഥം തിരിക്കുകയാണ് മെക്കാനിക്കൽ സ്പിന്നിങ്ങിൽ ചെയ്യുന്നത്. സ്പിന്നിങ്ങിൽ എന്തെങ്കിലും പിഴവുകൾ കണ്ടെത്തിയാൽ അത് പരിഹരിക്കും. ഇത് പൂർത്തിയാക്കിയ ശേഷമാണ് വൈദ്യുതോല്പാദനം നടത്തുന്നത്. വൈദ്യതോൽപാദനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
10 മെഗാവാട്ട് പദ്ധതിയിൽ ഉൽപാദനം പൂർത്തിയാക്കുമ്പോൾ ഒരു ദിവസം രണ്ട് ലക്ഷത്തി നാല്പതിനായിരം യൂണിറ്റ് വൈദ്യുതി കേരളത്തിന് ലഭിക്കും. വൈദ്യതോൽപാദനം എത്രയും വേഗം ആരംഭിക്കുന്നതിനുള്ള സത്വര നടപടി ഉറപ്പുവരുത്തിക്കഴിഞ്ഞു.
പ്രകൃതിയോട് പൂർണ്ണമായും യോജിച്ചു കൊണ്ടുള്ള പദ്ധതിയാണിത്.