വൈദ്യുതി ഉൽപ്പാദന രംഗത്ത് സ്വയം പര്യാപ്തത

സംസ്ഥാനത്തെ ശരാശരി വാർഷിക ജല ലഭ്യത 3000 TMC ആയി കണക്കാക്കിയിരിക്കുന്നു. എന്നാൽ, വൈദ്യുതി ഉൽപ്പാദനത്തിനും, ജല സേചനത്തിനും, കുടിവെള്ളത്തിനുമായി ഉപയോഗിക്കുന്നത് വെറും 300 TMC ജലമാണ്. ഈ സ്ഥിതി മാറേണ്ടതുണ്ട്. സംസ്ഥാനത്ത് വൈദ്യുതിയുടെ ചെലവ് കുറയണമെങ്കിൽ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം വൻതോതിൽ വർധിപ്പിക്കേണ്ടിയിരിക്കുന്നു. ചെറുകിട ജല വൈദ്യുതി പദ്ധതിയിലും, പുരപ്പുറ / ഭൌമോപരിതല/ഫ്ലോട്ടിംഗ് സോളാർ പദ്ധതികളിലും വലിയ തോതിലുള്ള ഉത്പാദനം ആരംഭിക്കേണ്ടിയിരിക്കുന്നു. പ്രളയ പ്രതിരോധ അണക്കെട്ടുകൾ ഉൾപ്പടെയുള്ള വിവിധോദ്ദേശ പദ്ധതികൾ സംസ്ഥാനത്ത് ആരംഭിക്കേണ്ടിയിരിക്കുന്നു.
800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ട പദ്ധതിയും, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി, 700 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി പമ്പ്ഡ്‌ സ്റ്റോറേജ് പദ്ധതി, 600 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസിൽ പമ്പ്ഡ്‌ സ്റ്റോറേജ് സ്കീം, ഇടമലയാർ പമ്പ്ഡ്‌ സ്റ്റോറേജ് ജലവൈദ്യുത പദ്ധതികളും നടപ്പിലാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു.
സംസ്ഥാനത്ത് ഏകദേശം 4000 മെഗാവാട്ട് ശേഷിയുള്ള പമ്പ്ഡ്‌ സ്റ്റോറേജ് പദ്ധതികൾക്ക് സാധ്യത ഉണ്ട്. സംസ്ഥാനത്തിന്റെ ഉപ്പുവെള്ള / കായൽ, തരിശായി കിടക്കുന്ന ജലാശയങ്ങൾ എന്നിവിടങ്ങളിൽ 6000 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സൗരോർജനിലയങ്ങൾ സ്ഥാപിക്കാനാകുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പാരിസ്ഥിതിക ആഘാതം കുറഞ്ഞ ഇത്തരം പദ്ധതികൾ കാലതാമസമില്ലാതെ പൂർത്തിയാക്കാവുന്നതാണ്. പുരപ്പുറ സൗരോർജ്ജ പദ്ധതിയിലും ആശാവാഹമായ മുന്നേറ്റം നാം നടത്തിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 630 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.
ഇത്തരത്തിൽ 2030 ഓടെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത പൂർണ്ണമായും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ മുഖേന നിറവേറ്റാൻ സർക്കാർ ലക്ഷ്യമിടുന്നു.