ഉണർവ് രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു
വിദ്യാർഥികൾക്കും അധ്യാപകർക്കുമായി എനർജി മാനേജ്മെന്റ് സെന്റർ നടത്തുന്ന ഊർജ്ജസംരക്ഷണ അവബോധപരിപാടി ഉണർവിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം എനർജി മാനേജ്മെന്റ് സെന്ററിൽ നടന്നു.
അധ്യാപകരും വിദ്യാർഥികളും എനർജി മാനേജ്മെന്റ് സെന്റർ സന്ദർശിച്ച് ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്ന പരിപാടിയാണ് ‘ഉണർവ്വ്’. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി ഊർജ്ജ സംരക്ഷണ ക്ലാസ്സുകൾ, ഊർജ്ജകാര്യക്ഷമതാ ലാബ് സന്ദർശനം, ഇലക്ട്രിക് വാഹനം, ഇലക്ട്രിക് പാചകം എന്നിവ പരിചയപ്പെടുത്തും.
ഉദ്ഘാടന ദിവസം ഗവ. യു. പി സ്കൂൾ, വെഞ്ഞാറമൂട്, ഗവ. യു. പി സ്കൂൾ, നേമം, ഗവ. യു. പി സ്കൂൾ, പാറയ്ക്കൽ, മിസ്റ്റിക്കൽ റോസ്, വെട്ടുകാട് എന്നീ സ്കൂളുകളിൽ നിന്നും 260 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികളും അധ്യാപകരും ഇ.എം.സി ലാബ് സന്ദർശിച്ച് ഇലക്ട്രിക് സൈക്കിളുകൾ പരിചയപ്പെട്ടു.
ചടങ്ങിന് വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ആശംസ അറിയിച്ചു. ഇ. എം. സി. ഡയറക്ടർ ഡോ. ആർ. ഹരികുമാർ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി മീഡിയ അഡ്വൈസർ ചന്ദ്രശേഖര റെഡ്ഡി, ഇ.എം. സി. റജിസ്ട്രാർ സുഭാഷ് ബാബു, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ സിന്ധു എസ് കുമാർ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഒന്നാം ഘട്ടത്തിൽ 64 സ്കൂളുകളിൽ നിന്ന് 4400 പേർ ഇ.എം.സി സന്ദർശിച്ചിരുന്നു.