ജൂൺ 26 മുതൽ ജൂലൈ രണ്ടു വരെ -വൈദ്യുതി സുരക്ഷാ വാരാചരണം

സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തിൽ ജൂൺ 26 മുതൽ ജൂലൈ രണ്ടു വരെ സംഘടിപ്പിക്കുന്ന വൈദ്യുതി സുരക്ഷാ വാരാചരണം സംസ്ഥാന തലത്തിൽ ആരംഭിച്ചു. സംസ്ഥാനത്ത് വൈദ്യുതി സംബന്ധമായ അപകടങ്ങൾ പൂർണമായി ഇല്ലാതാക്കുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തമ്മിൽ യോജിച്ചുള്ള പ്രവർത്തനം ആസൂത്രണം ചെയ്യണം.
വൈദ്യുതി അപകടങ്ങളിൽ ഒരു ജീവൻപോലും പൊലിയരുതെന്ന നിശ്ചയദാർഢ്യത്തോടെ ഓരോ വകുപ്പും പ്രവർത്തിക്കണമെന്നു മന്ത്രി പറഞ്ഞു. ഓരോ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി സുരക്ഷയ്ക്കായി പ്രത്യേക ഇടപെടലുകൾ നടത്താനുള്ള കൂട്ടായ ശ്രമം ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തമ്മിൽ നടത്തണം. പുതിയ സുരക്ഷാ സംവിധാനങ്ങൾ വിപുലവും വ്യാപകവുമായി ഏർപ്പെടുത്തണം. വൈദ്യുതി സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ വിപുലമാക്കണം.

കഴിഞ്ഞ വർഷം ഹൈസ്‌കൂൾ തലത്തിൽ വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലും ചിത്രരചനാ മത്സരത്തിലും വിജയികളായവർക്കു പുരസ്‌കാരങ്ങൾ സമ്മാനിച്ചു. വൈദ്യുതി അപകടങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനു പരിശ്രമം നടത്തിയിട്ടുള്ള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജില്ലാ ഓഫിസ്, കെ.എസ്.ഇ.ബി. ഡിസ്ട്രിബ്യൂഷൻ സർക്കിൾ എന്നിവർക്കുള്ള പുരസ്‌കാരവും ചടങ്ങിൽ വിതരണം ചെയ്തു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ ഏകോപനത്തോടെ വ്യാപാര സമുച്ചയങ്ങളിൽ നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററുമായി സഹകരിച്ചു നടത്തുന്ന വൈദ്യുതി സുരക്ഷാ ഓഡിറ്റ് ധാരണാപത്രത്തിന്റെ കൈമാറ്റം ചടങ്ങിൽ നിർവഹിച്ചു.