A power purchase agreement of 500 MW was handed over to Solar Energy Corporation

സോളാർ എനർജി കോർപ്പറേഷനുമായുള്ള 500 മെഗാവാട്ടിന്റെ വൈദ്യുതിവാങ്ങൽ കരാർ കൈമാറി

കേരളത്തിന് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനെർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കെ എസ് ഇ ബി കരാറിലേർപ്പെട്ടിരിക്കുകയാണ്. സോളാർ എനെർജി കോർപ്പറേഷനുവേണ്ടി ജനറൽ മാനേജർ (കൊമേഷ്യൽ) എ. കെ. നായിക്കും, കെ എസ് ഇ ബി എൽ നുവേണ്ടി ചീഫ് എഞ്ചിനീയർ (കൊമേഷ്യൽ) സജീവ് ജി. യുമാണ് കരാറിൽ ഒപ്പുവച്ചത്. സെക്രട്ടേറിയറ്റിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ, കെ എസ്‌ ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ, ഡയറക്ടർ (ഫിനാൻസ്) ശ്രീ.ആർ.ബിജു, ശ്രീ.ശബാശിഷ് ദാസ്‌, പ്രോജക്റ്റ് ഹെഡ് (SECI) മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
13,000 കോടി രൂപയോളം ചിലവു വരുന്ന വൈദ്യുതി വാങ്ങൽ പ്രക്രിയയിൽ സൂക്ഷ്മ ശ്രദ്ധ ചെലുത്തുന്നതും, വിലകുറഞ്ഞ വൈദ്യുതി കരാറുകളിൽ ഏർപ്പെട്ടുകൊണ്ട് ആ ഇനത്തിൽ പത്ത് ശതമാനമെങ്കിലും കുറവ് വരുത്തുവാൻ കടുത്ത ശ്രമങ്ങൾ നടത്തി വരുന്നതിന്റെ ഭാഗമായാണ് ഈ കരാറിൽ ഏർപ്പെട്ടത്. സംസ്ഥാനത്ത് വൈദ്യുതി ലഭ്യതക്കുറവ് രൂക്ഷമായ വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭ്യമാകുന്ന കരാറാണ് ഇന്ന് ഒപ്പുവച്ചിരിക്കുന്നത്. പകൽ സമയത്ത് സൗരോർജ്ജ വൈദ്യുതിയും പീക്ക് സമയത്ത് 2 മണിക്കൂർ നേരം ബാറ്ററി സ്റ്റോറേജ് സിസ്റ്റം വഴിയുള്ള വൈദ്യുതിയുമാണ് ലഭ്യമാകുക. വൈകീട്ട് മണിക്കൂറിൽ 250 മെഗാവാട്ട് എന്ന നിലയിൽ തുടർച്ചയായി 2 മണിക്കൂറോ തവണകളായോ ആവശ്യാനുസരണം ഈ വൈദ്യുതി ഉപയോഗിക്കാനാകും. യൂണിറ്റിന് താരതമ്യേനെ കുറഞ്ഞ നിരക്കായ 3.49 രൂപയ്ക്ക് വൈദ്യുതി ലഭ്യമാകും എന്ന സവിശേഷതയുമുണ്ട്. 2026 സെപ്റ്റംബറോടെ ഈ കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമായിത്തുടങ്ങും. 25 വർഷമാണ് കരാർ കാലാവധി.