Bill amount can be paid online while taking meter reading

മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ബിൽ തുക ഓൺലൈനായി നൽകാം

മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ബിൽ തുക ഓൺലൈനായി അടയ്ക്കാൻ സൗകര്യമൊരുക്കുന്ന കെ എസ് ഇ ബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വൻവിജയം.
മീറ്റർ റീഡർ റീഡിംഗ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കൾക്ക് അനായാസം ബിൽ തുക അടയ്ക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേനയോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങിയ ഭാരത് ബിൽ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്ക്കാൻ കഴിയും. യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാൻ കഴിയാത്തവർക്കും ഓൺ ലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും വലിയ തോതിൽ സഹായകരമാണ് ഈ പദ്ധതി. ബില്ലടയ്ക്കാൻ മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഇത് സഹായകമാകും.
കാനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബിൽ പേയ്‌മെന്റ് സേവനത്തിന് സർവീസ് ചാർജോ, അധിക തുകയോ നൽകേണ്ടതില്ല. കെ എസ് ഇ ബിയെ സംബന്ധിച്ച് റീഡിംഗ് എടുക്കുന്ന ദിവസം തന്നെ ബിൽ തുക ലഭ്യമാകും എന്ന ഗുണവുമുണ്ട്.
നവംബർ 15 മുതൽ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹജനകമായ സമീപനത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.