Entrepreneurs will be encouraged to generate electricity from wind

കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ സംരംഭകരെ പ്രോത്സാഹിപ്പിക്കും

കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ തയ്യാറായി വരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. അത്തരം നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരിക്കും കൈക്കൊള്ളുക. കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദനം നാം പ്രതീക്ഷിച്ച വേഗതയിൽ മുന്നേറിയിട്ടില്ലായെന്നത് വസ്തുതയാണ്. കേരളത്തിൽ ആകെ കാറ്റാടി നിലയശേഷി 70 മെഗാവാട്ട് മാത്രമാണ്.

2030-ഓടുകൂടി 10000 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്ത് ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം വൈദ്യുതി വില പിടിച്ചുനിർത്താൻ ചെലവ് കുറഞ്ഞ വൈദ്യുതി ബാഹ്യസ്രോതസ്സുകളിൽ നിന്നും കണ്ടെത്തും. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഉദ്ദേശം 3000 മെഗാവാട്ട് സൗരോർജ്ജ നിലയങ്ങളിൽ നിന്നും 700 മെഗാവാട്ട് കാറ്റാടിപ്പാടങ്ങളിൽ നിന്നും 2325 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളിൽ നിന്നും 3100 മെഗാവാട്ട് കൽക്കരി നിലയങ്ങളിൽ നിന്നും കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വൈകുന്നേരങ്ങളിൽ വൈദ്യുതി ലഭ്യമാക്കുന്ന പമ്പ്ഡ് സ്റ്റോറേജ്, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം എന്നിവയ്ക്കും വലിയ പ്രാധാന്യം നൽകി പ്രോത്സാഹിപ്പിക്കേണ്ടതാണ്. അത്തരം കാര്യങ്ങളും ആലോചനകൾ ഉണ്ടാകേണ്ടതാണ്. രാത്രികാലങ്ങളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് അധിക വില നൽകുന്ന കാര്യവും പരിഗണനയിലാണ്.

പദ്ധതികൾ സുതാര്യമായാണ് കെഎസ്ഇബി. തയ്യാറാക്കുന്നത്. നിക്ഷേപകർക്ക് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. അഴിമതി ഒരുതരത്തിലും ഉണ്ടാവാത്ത തരത്തിൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്ന് കെഎസ്ഇബി. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ പറഞ്ഞു. യഥേഷ്ടം ഉപഭോക്താക്കൾക്ക് വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബി. സജ്ജമാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.