ഊർജസംരക്ഷണത്തിലെ കേരള മാതൃകയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം
2024ലെ നാഷണൽ എനർജി കൺസർവേഷൻ അവാർഡിലെ (NECA) സംസ്ഥാന ഊർജ കാര്യക്ഷമതയിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ ഊർജ കാര്യക്ഷമത സൂചികയിൽ ഗ്രൂപ്പ് രണ്ട് വിഭാഗത്തിലാണ് കേരളത്തിന് പുരസ്കാരം ലഭിച്ചത്.
കാർഷിക രംഗം, വൈദ്യുത വിതരണരംഗം, ഗതാഗതം, വ്യവസായികരംഗം, വൻകിട കെട്ടിടങ്ങൾ, ഗാർഹിക മേഖല എന്നീ വിഭാഗങ്ങളിൽ ഊർജ കാര്യക്ഷമത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും, ഈ മേഖലയിലെ ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സർക്കാർ ഇതര സ്ഥാപങ്ങളുടെ ധനസഹായത്തോടെ നടത്തിവരുന്ന പദ്ധതികളും പ്രവർത്തനങ്ങളും കണക്കിലെടുത്താണ് കേരളത്തിന് പുരസ്കാരം ലഭിച്ചത്. വൈദ്യുതി മന്ത്രാലയം നൽകുന്ന ഈ അവാർഡ് ഊർജ സംരക്ഷണ മേഖലയിൽ സംസ്ഥാനം നടപ്പിലാക്കുന്ന മാതൃകാപരമായ പദ്ധതികൾക്കുള്ള അംഗീകാരം കൂടിയാണ്.
കേരളത്തിലെ ഊർജ കാര്യക്ഷമത പ്രവർത്തനങ്ങൾ ഏറെ വൈവിധ്യം നിറഞ്ഞതാണ്. ഊർജ കാര്യക്ഷമതയെക്കുറിച്ചുള്ള സംസ്ഥാന പ്രവർത്തന പദ്ധതി (SAPEE) സംസ്ഥാനത്തുടനീളം ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ലക്ഷ്യങ്ങളും മേഖലാ തിരിച്ചുള്ള പ്രവർത്തനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. സുസ്ഥിര ഊർജ ഉൽപ്പാദനത്തിനും ഉപഭോഗത്തിനുമായി ഡാറ്റാധിഷ്ഠിത നവീകരണങ്ങളിലും ഗവേഷണ പരിപാടികളിലും കേരളം ശ്രദ്ധ ചെലുത്തുന്നുണ്ട്.
കേരള സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളാണ് മറ്റൊരു പ്രധാനപ്പെട്ട പ്രവർത്തനം. മികച്ച ഊർജ സംരക്ഷണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കേരള സർക്കാർ എനർജി മാനേജ്‌മെൻ്റ് സെൻ്റർ (ഇഎംസി) മുഖേന കേരള സ്റ്റേറ്റ് എനർജി കൺസർവേഷൻ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. 7 വിഭാഗങ്ങളിലായി അവാർഡുകൾ നൽകുന്നു. വലിയ, ഇടത്തരം, ചെറുകിട ഊർജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങളും സംഘടനകളും, ഊർജ്ജ കാര്യക്ഷമതയുള്ള ഉൽപ്പന്നങ്ങളുടെ പ്രമോട്ടർമാർ, വാസ്തുവിദ്യാ സ്ഥാപനങ്ങൾ & ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസികൾ, അംഗൻ ജ്യോതി പ്രോഗ്രാം എന്നിവയാണവ. ഇൻ്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെൻ്റ് സർവീസസ് (ഐസിഡിഎസ്) സ്‌കീമിന് കീഴിലുള്ള ഇഎംസിയുടെ അംഗൻ ജ്യോതി സംരംഭം, അങ്കണവാടികളെ കാർബൺ-ന്യൂട്രൽ, ഊർജ-കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആദ്യത്തെ ഊർജ കാര്യക്ഷമത പരിപാടിയാണ്. ഈ സംരംഭം 2070-ലെ ഇന്ത്യയുടെ നെറ്റ്-സീറോ എമിഷൻ ലക്ഷ്യത്തെ പിന്താങ്ങുന്നതാണ്.
ഇലക്ട്രിക് കുക്കിംഗും വാഹനങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഗോ ഇലക്ട്രിക് കാമ്പയിൻ സംസ്ഥാനത്ത് ഏറെ പ്രചാരത്തിലുള്ളതാണ്. ഇതിലൂടെ പുനരുപയോഗ ഊർജത്തെ ഉപയോഗപ്പെടുത്തി സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ കേരളം ശ്രമിക്കുന്നു. ഇലക്ട്രിക് ഇൻഡക്ഷൻ സ്റ്റൗകളും, എൽഇഡി ലെെറ്റുകളും ബിഎൽഡിസി ഫാനുകളും പോലുള്ള ഊർജ കാര്യക്ഷമതയുള്ള ഉപകരണങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം വൈദ്യുത വാഹനങ്ങൾക്കായി കൂടുതൽ ചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കാനും അതിലൂടെ കാർബൺ എമിഷൻ ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിടുന്നു. ഇതിലൂടെയുള്ള വൈദ്യുതി ലാഭവും ഊർജ ലാഭവും സാമ്പത്തികമായും സംസ്ഥാനത്തെ മുന്നോട്ട് നയിക്കും.
അംഗൻ ജ്യോതി സംരംഭം, സർക്കാർ കെട്ടിടങ്ങളിൽ ഊർജ ഓഡിറ്റ് നടത്തുകയും ഊർജ കാര്യക്ഷമത നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിട്ടുള്ള ഊർജയൻ പദ്ധതി, ഊർജ സംരക്ഷണ ബിൽഡിംഗ് കോഡ് (ഇസിബിസി), ആരോഗ്യമേഖലയിൽ ഊർജ കാര്യക്ഷമതയിൽ ഊന്നൽ നൽകുന്ന ചൈതന്യം പദ്ധതി, ഊർജ കാര്യക്ഷമതയ്ക്ക് ഊന്നൽ നൽകുന്ന വ്യാവസായിക നയങ്ങളും അവാർഡുകളും, കുറഞ്ഞ പലിശ നിരക്കിൽ ഊർജ കാര്യക്ഷമത പദ്ധതികളെ പിന്തുണയ്ക്കുന്നതിനുള്ള കേരള സംസ്ഥാന ഊർജ സംരക്ഷണ ഫണ്ട്, വിതരണ ശൃംഖലയിൽ ഊർജ സംരക്ഷണ പരിപാടികളുടെ സംയോജനം, ഇൻ്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള (IEFK) തുടങ്ങിയവയെല്ലാം കേരളത്തെ പുരസ്കാരത്തിലേക്ക് നയിച്ച നിർണ്ണായക പ്രവർത്തനങ്ങളാണ്.
BARC, ISRO, വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്, CSTEP, AEEE, ഇന്ത്യ സ്മാർട്ട് ഗ്രിഡ് ഫോറം എന്നിങ്ങനെയുള്ള പ്രമുഖ സംഘടനകളിൽ നിന്നുള്ള പങ്കാളിത്തത്തിലൂടെയും വിജ്ഞാന വിനിമയം, നയ ചർച്ചകൾ, ഊർജ മേഖലയിലെ മുന്നേറ്റങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും കേരളത്തിൻ്റെ ഈ ഏകീകൃത പരിശ്രമം, ഇന്ത്യയുടെ സുസ്ഥിര ലക്ഷ്യങ്ങളിൽ ഗണ്യമായ സംഭാവന നൽകിക്കൊണ്ട് ഊർജ കാര്യക്ഷമതയിൽ സംസ്ഥാനത്തെ മുന്നിട്ട് നിർത്തുന്നു.