തൊഴിൽ സാധ്യതകൾ മനസ്സിലാക്കിയുള്ള പരിശീലനങ്ങൾക്ക് മുൻഗണന
തൊഴിൽ സാധ്യതകൾ മനസ്സിലാക്കിയുള്ള പരിശീലനങ്ങൾക്ക് മുൻഗണന നൽകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. നൈപുണ്യ പരിശീലനങ്ങൾ നൽകുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ്, പാലക്കാട് ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കാലഘട്ടത്തിൽ തൊഴിലിന്റെ സ്വഭാവ രീതികൾ മാറുകയാണെന്നുള്ള വസ്തുത പരിഗണിച്ചായിരിക്കണം പരിശീലനം. വിദ്യാഭ്യാസ യോഗ്യതയ്ക്കുപരി തൊഴിൽ ശേഷിക്ക് പ്രാധാന്യം ലഭിക്കുന്നതാണ് ഇപ്പോഴത്തെ തൊഴിൽ സംസ്‌കാരം. പ്രായം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഉപരിയായി വലിയ നേട്ടങ്ങൾ കൈവരിക്കുന്ന കുട്ടികൾ അടക്കമുള്ളവരുടെ അനുഭവം ഇത് ഉറപ്പിക്കുന്നതാണ്. വസ്ത്രത്തിൽ അഴുക്ക് പറ്റാത്ത ജോലിയാണ് നല്ലത് എന്ന ചിന്ത മാറി ജോലിചെയ്യാനുള്ള മനോഭാവം വളർത്തിയെടുക്കണം. കാർഷിക മേഖലയിലും പ്രത്യേകിച്ച് പ്രിസിഷൻ ഫാമിങ് രംഗത്തുമുള്ള വലിയ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും ശാസ്ത്രീയ ചിന്തകൾക്ക് പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സൂര്യ രശ്മി കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷത വഹിച്ചു. പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ മുഖ്യാതിഥിയായി. ജില്ലാ പ്ലാനിങ് ഓഫീസർ എൻ.ശ്രീലത, കെ.എ.എസ്.സി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി.വി വിനോദ്, ജില്ലയിൽ പ്രവർത്തിക്കുന്ന പൊതു സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തൊഴിലന്വേഷകർക്ക് നൈപുണ്യ വികസനത്തിനുള്ള അവസരം നൽകി വിവിധ വ്യാവസായിക മേഖലകളിൽ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് അവരെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.