ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ – കേരള- എന്ന പേരിൽ ഒരു പ്രത്യേക ഉദ്ദേശ്യ കമ്പനി രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകി
കേരളത്തിൽ ഹൈഡ്രജൻ വാലി പദ്ധതി നടപ്പിലാക്കുന്നതിനായി അനർട്ടിന്റെ നേതൃത്വത്തിൽ “ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ – കേരള” (എച്ച്വിഐസി-കേരള) എന്ന പേരിൽ ഒരു പ്രത്യേക ഉദ്ദേശ്യ കമ്പനി രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകി
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കേരളത്തിൽ ഹൈഡ്രജൻ വാലി പദ്ധതി നടപ്പിലാക്കുന്നതിന് അനർട്ടിന്റെ നേതൃത്വത്തിൽ കമ്പനി ആക്ട് 2013 ലെ സെക്ഷൻ 8 പ്രകാരം “ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ – കേരള” (എച്ച്വിഐസി-കേരള) എന്ന പേരിൽ ഒരു പ്രത്യേക ഉദ്ദേശ്യ കമ്പനി രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകി.
ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ലക്ഷ്യമിടുന്നത് പ്രാദേശിക ഹൈഡ്രജൻ ആവാസവ്യവസ്ഥയെ വികസിപ്പിക്കുകയും സുസ്ഥിര ഊർജ്ജത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിന് വലിയ സംഭാവന നൽകുകയും ചെയ്യും. ഇത് പുതിയ സാമ്പത്തിക അവസരങ്ങൾക്ക് വഴിയൊരുക്കുകയും ഈ മേഖലയിലെ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുകയും ചെയ്യും. ഏകദേശം 133 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.
ഗതാഗത, ഊർജ, വ്യാവസായിക മേഖലകളെ ലക്ഷ്യമിട്ടാണ് ക്ലസ്റ്ററുകൾ. ആദ്യഘട്ടത്തിൽ വാഹനങ്ങൾക്കും യാനങ്ങൾക്കുമുള്ള ഇന്ധനമായി ക്ലസ്റ്ററുകളിൽനിന്നുള്ള ഹൈഡ്രജൻ ഉപയോഗിക്കും. ഒപ്പം, സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റാനും പ്രയോജനപ്പെടുത്തും. ഹൈഡ്രജൻ ഉൽപ്പാദനവും വിതരണവും മാത്രമല്ല, ഈ രംഗത്തെ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ലക്ഷ്യമിടുന്നു.
ഈ പദ്ധതിയ്ക്ക് കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഭാവിയിലെ ഇന്ധനമെന്നാണ് ഹൈഡ്രജനെ വിശേഷിപ്പിക്കുന്നത്. പുനരുപയോഗ ഊർജസ്രോതസ്സുകളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്നതാണ് ഹരിത ഹൈഡ്രജൻ. 2040ഓടെ നൂറുശതമാനം പുനരുപയോഗ ഊർജ അധിഷ്ഠിത സംസ്ഥാനമായി മാറുകയാണ് കേരളത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ‘ക്ലീൻ എനർജി’ എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിനുള്ള സംസ്ഥാനത്തിന്റെ അനുകൂല അന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തുന്നത്. പരിസ്ഥിതിസൗഹൃദ വികസനമെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനും ഇത് സഹായിക്കും.
താഴെ കൊടുത്തിരിക്കുന്ന രീതിയിൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു.
(i). ചെയർമാനും മാനേജിംഗ് ഡയറക്ടറും (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ-അനെർട്ട്)
(ii). കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പ്രതിനിധി
(iii). HVIC യുടെ ഓഹരി ഉടമകളുടെ/പങ്കാളികളുടെ പ്രതിനിധികൾ (പരമാവധി – 2)
(iv). സർക്കാർ പ്രതിനിധികൾ (വൈദ്യുതി വകുപ്പും ധനകാര്യ വകുപ്പും)
(v). സ്വകാര്യ അല്ലെങ്കിൽ പൊതു വ്യവസായ മേഖലയിൽ നിന്നുള്ള പ്രധാന അംഗങ്ങളുടെ പ്രാതിനിധ്യം (പരമാവധി 2)