KSEB introduces remote operating system for quick resolution of power outage

വൈദ്യുതി തകരാറുകളുടെ ദ്രുതപരിഹാരത്തിന് റിമോട്ട് ഓപ്പറേറ്റിങ്‌ സംവിധാനം അവതരിപ്പിച്ച് കെ.എസ്.ഇ.ബി

വൈദ്യുതി വിതരണത്തിലും സുരക്ഷയിലും പുതിയ മുന്നേറ്റവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) സംസ്ഥാനത്ത് റിമോട്ട് ഓപ്പറേറ്റിങ് സംവിധാനം വ്യാപിപ്പിക്കുന്നു. വിദൂര മേഖലകളിലുൾപ്പെടെ വേഗത്തിൽ വൈദ്യുതി വിച്ഛേദിക്കാനും പുനഃസ്ഥാപിക്കാനും കഴിയുന്ന അതിനൂതന സംവിധാനമാണ് റിമോട്ട് ഓപ്പറേറ്റിങ്‌ സിസ്റ്റം. വൈദ്യുതി അപകടങ്ങൾ ഉണ്ടായാൽ ആ പ്രദേശത്തെമാത്രം വൈദ്യുതി തകരാറുകൾ അതിവേഗം പരിഹരിച്ച് മറ്റ് ഭാഗങ്ങളിൽ വൈദ്യുതി വിതരണം തുടരാൻ ഈ സംവിധാനം സഹായിക്കും.

കെഎസ്ഇബി വികസിപ്പിച്ച റിമോട്ട് ഓപ്പറേറ്റിങ് സംവിധാനം ലൈൻ ഫാൾട്ട് പാസേജ് ഡിറ്റക്ടറിൽ നിന്ന് മെസേജ് ലഭിച്ചയുടൻ, ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ വഴി 11 കെവി ഫീഡറുകൾ നിയന്ത്രിക്കാനാകും. 11 കെവി ലൈനിൽ ഘടിപ്പിച്ച റിംഗ് മെയിൻ യൂണിറ്റിനോടൊപ്പം റിമോട്ട് ഓപ്പറേറ്റിങ് യൂണിറ്റ് സംയോജിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, വയനാട്ടിലെ കാട്ടിക്കുളം എന്നിവിടങ്ങളിൽ റിമോട്ട് ഓപ്പറേറ്റിങ് സംവിധാനം പരീക്ഷണം വിജയിച്ചതിനെ തുടർന്ന് പൈലറ്റ് പ്രോജക്ടായി തിരുവനന്തപുരത്ത് കണിയാപുരം, എറണാകുളം മഞ്ഞപ്ര കല്ലല പ്ലാന്റേഷൻ, കൂത്താട്ടുകുളം എന്നിവിടങ്ങളിലും സ്ഥാപിച്ചു.
റിമോട്ട് ഓപ്പറേറ്റിങ്‌ സംവിധാനം മുഖേന വയനാട്ടിൽ 8000 ഉപഭോക്താക്കൾക്ക് സേവനം ലഭിച്ചു. ആദ്യഘട്ടത്തിന്റെ ഭാഗമായി 20 എണ്ണംകൂടി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ഇബി.

റിമോട്ട് ഓപ്പറേറ്റിങ് സംവിധാനത്തിന്റെ വിജയകരമായ നടപ്പാക്കൽ വൈദ്യുതി വിതരണ ശൃംഖലയിലെ കെ.എസ്.ഇ.ബിയുടെ നേട്ടമാണ് . വിതരണ തടസ്സങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും, അപകട സാധ്യത കുറയ്ക്കാനും, വൈദ്യുതി പുനഃസ്ഥാപനം വേഗത്തിലാക്കാനും ഈ പുതിയ സംവിധാനം നിർണായകമാകും. ഭാവിയിലെ വൈദ്യുതി സേവന രംഗത്തെ ദിശാമാറ്റം കുറിച്ചുകാണിക്കുന്ന ഈ സാങ്കേതിക നവീകരണം, സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും ഉൽപ്പാദനത്തിനും പ്രയോജനപ്രദമാകും.