50,000 എൽ.ഇ.ഡി തെരുവ് വിളക്കുകളുള്ള ഇന്ത്യയിലെ ആദ്യനഗരമായി തൃശ്ശൂർ നഗരം മാറും
ലൈറ്റ് ഫോർ നൈറ്റ് ലൈഫ് പദ്ധതി 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിലൂടെ 50,000 എൽ.ഇ.ഡി തെരുവ് വിളക്കുകളുള്ള ഇന്ത്യയിലെ ആദ്യനഗരമായി തൃശ്ശൂർ നഗരം മാറും. തൃശ്ശൂർ കോർപ്പറേഷൻ ലൈറ്റ് ഫോർ നൈറ്റ് ലൈഫ് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. തൃശ്ശൂർ നഗരം ഒരു മെട്രോപൊളിറ്റൻ സിറ്റിയായി മാറുകയാണ്. നഗരം ശുചിത്വത്തിനും സൗന്ദര്യവൽക്കരണത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകി വിവിധ പദ്ധതികൾ കഴിഞ്ഞ 9 വർഷത്തിനുള്ളിൽ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന വൻ മുന്നേറ്റം നടത്തി എന്നത് നമുക്ക് പകൽപോലെ വ്യക്തമാണ്. കാലഹരണപ്പെട്ട തെരുവു വിളക്കുകൾ മാറ്റി കാലാനുസൃതമായ ആധുനികരീതിയിലുള്ള എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണ് .
നിലവിൽ തെരുവുവിളക്ക് പരിപാലനത്തിന് വൈദ്യുതി ചാർജ്ജ് ഇനത്തിലും മെയിൻറനൻസിനും വലിയ തുകയാണ് കോർപ്പറേഷൻ നൽകിവരുന്നത്. എന്നാൽ പല പ്രദേശങ്ങളിലും ആവശ്യമായ വെളിച്ചം ലഭിക്കുന്നില്ലെന്നും ഉൾപ്പെടെയുള്ള കുറവുകൾ പരിഹരിക്കപ്പെടുകയാണ്. ഇതിനായി തൃശ്ശൂർ കോർപ്പറേഷൻ ആർട്കോയുമായി സഹകരിച്ച് വൈദ്യുതി ചാർജ്ജ് മാത്രം നൽകിക്കൊണ്ട് 10 വർഷക്കാലയളവിലേയ്ക്ക് മെയിൻറനൻസ് ഉൾപ്പെടെ നൽകുന്ന കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ 55 ഡിവിഷനുകളിലും ഡിജിറ്റൽ സർവ്വെ നടത്തി ആവശ്യമായ വെളിച്ചം തെരുവുവിളക്കുകളിൽ നിന്ന് ലഭിക്കാവുന്ന ആധുനിക രീതിയിലുള്ള എൽ.ഇ.ഡി. ലൈറ്റുകൾ ഇതിൻറെ ഭാഗമായി ആർട്കോ സ്ഥാപിക്കും. ഈ പദ്ധതി 6 മാസംകൊണ്ട് പൂർത്തിയാകുമ്പോൾ 50,000 എൽ.ഇ.ഡി. ലൈറ്റുകളും ഹൈമാമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളുംകൊണ്ട് പ്രകാശപൂരിതമാകുമ്പോൾ നഗരം ലൈറ്റ് ഫോർ നൈറ്റിലേയ്ക്ക് മാറും. 2 മാസത്തിനകം സർവ്വേ പൂർത്തീകരിച്ച് 4 മാസത്തികം 50,000 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ച് നഗരം പ്രകാശപൂരിതമാകും.