കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കുന്ന പി എം കുസും പദ്ധതി നടപ്പാക്കാന്‍ കെ എസ് ഇ ബി തീരുമാനിച്ചു. കൃഷിക്കാരുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്. കര്‍ഷകരുടെ ആവശ്യത്തിനു ശേഷമുള്ള വൈദ്യുതി ഗ്രിഡിലേക്ക് നല്കിയാല് അതിന് അധിക വരുമാനം കര്ഷകന് ലഭിക്കുകയും ചെയ്യും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈ പദ്ധതിയെ കുറിച്ച് പത്ര പരസ്യങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും വലിയ പ്രചാരണം ആണ് നല്‍കിയത്. ഇതിന്റെ ഫലമായി സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിനായി 41 ഏക്കര്‍ സ്ഥലത്തിന്റെ സമ്മതപത്രം ഇതുവരെ വിവിധ കര്‍ഷകര്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, 11 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കാനുള്ള സൗരോര്‍ജ്ജ ഉല്‍പ്പാദകരുടെ അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
കര്‍ഷകരുടെ സഹകരണത്തോടെ ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനായി കെ എസ് ഇ ബിയുടെ വിതരണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതലകള്‍ നല്‍കുന്നതാണ്. വിതരണ വിഭാഗം ചീഫ് എഞ്ചിനീയര്‍മാരെ അതാത് മേഖലകളിലെ സോളാര്‍ പ്രോജക്റ്റ് ചീഫ് ആയും, വിതരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരെ നോഡല്‍ ഓഫീസര്‍മാരായും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ ഓരോ പ്രോജക്റ്റിന്റെയും എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് ആയിട്ടും ക്രമീകരണങ്ങള്‍ വരുത്തുന്നതാണ്.
ഈ പദ്ധതിയുടെ കംബോണന്റ് എ പ്രകാരം, സബ് സ്റ്റേഷനില്‍ നിന്ന് 5 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന, കര്‍ഷകരുടെ കൃഷി യോഗ്യമല്ലാത്തതോ തരിശ്ശോ ആയ ഭൂമിയില്‍, 500 കിലോവാട്ട് മുതല്‍ 2 മെഗാവാട്ട് വരെ ശേഷിയുള്ള സൌരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഈ പദ്ധതിയ്ക്കായി എം.എന്‍.ആര്.ഇ ല്‍ നിന്ന് 40 മെഗാവാട്ടാണ് കെ.എസ്.ഇ.ബി.എല്‍ ന് അനുമതി ലഭിച്ചിട്ടുള്ളത്. പദ്ധതിയ്ക്ക് 30% വരെ കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്നതാണ്.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള മോഡലുകള്‍ ചുവടെ നല്കുന്നു.
മോഡല്‍ 1: കര്‍ഷകര്‍ക്ക് സ്വന്തം ചിലവില്‍ സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ച് അതില്‍ നിന്ന് ലഭിക്കുന്ന സൌരോര്‍ജ്ജം KSEBL ന് വില്‍ക്കാം. ഒരു യൂണിറ്റ് വൈദ്യുതിയ്ക്ക് റഗുലേറ്ററി കമ്മീഷന്റെ അനുമതിയ്ക്ക് വിധേയമായി പരമാവധി 3 രൂപ 50 പൈസ വരെ ലഭിക്കും.
മോഡല്‍ 2 : കര്‍ഷകരുടെ ഭൂമിയില്‍ KSEBL സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുകയും അതില്‍ നിന്ന് ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്ക് യൂണിറ്റിന് റഗുലേറ്ററി കമ്മീഷന്റെ അനുമതിയ്ക്ക് വിധേയമായി 20 പൈസ എന്ന നിരക്കില്‍ 25 വര്‍ഷത്തേക്ക് സ്ഥല വാടക നല്കുന്നതുമാണ് .
ഈ പദ്ധതിയുടെ കംബോണന്റ് സി പ്രകാരം 7.5 എച്ച്പി വരെ ശേഷിയുള്ള 2000 ഗ്രിഡ് കണക്റ്റുചെയ്ത കാർഷിക പമ്പുകളുടെ സൗരോര്‍ജ്ജ വല്‍ക്കരണം ചെയ്യാന്‍ കെ എസ് ഇ ബിയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയ്ക്ക് 30% വരെ കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്നതാണ്.
കര്‍ഷകര്‍ക്ക് സ്വന്തം നിലയ്ക്കോ കുറച്ചു പേര് ചേര്‍ന്നോ/കോ-ഓപ്പറേറ്റീവ്സ്/പഞ്ചായത്ത്/ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന്/ വാട്ടര്‍ യൂസര്‍ ഓര്ഗനൈസേഷന് എന്നീ ഏതെങ്കിലും നിലയിലോ പദ്ധതിയില്‍ പങ്കുചേരാവുന്നതാണ്. ഇതിന്റെ വിശദ വിവരങ്ങള്‍ കെ എസ് ഇ ബി താമസംവിനാ പുറപ്പെടുവിക്കുന്നതാണ്. ,