ഇടുക്കി ജില്ലയിലെ മറയൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 33 കെ. വി സബ് സ്റ്റേഷന്റെ ഉദ്ഘാടനം ബഹു. വൈദ്യുതി വകപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി ഇന്ന് ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമില്‍ രാവിലെ 11.30 ന് നിര്‍വ്വഹിച്ചു. മറയൂര്‍ എം എല്‍ എ ശ്രീ. എ. രാജ, മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയും ആയ ശ്രീ. എം. എം മണി, കെ എസ് ഇ ബി യുടെ Independent Director അഡ്വ.വി മുരുഗദാസ്, മറയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഈ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെ എസ് ഇ ബി യുടെ ട്രാന്‍സ് മിഷന്‍ ഡയറക്ടര്‍ ശ്രീ. രാജന്‍ ജോസഫ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.
മറയൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന വാഗുവരൈ, മറയൂര്‍, കൊവില്‍കടവ്, കാന്തല്ലൂര്‍, ചിന്നാര്‍ എന്നീ സ്ഥലങ്ങളിലേക്ക് പള്ളിവാസല്‍ സബ് സ്റ്റേഷനില്‍ നിന്നും 50 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള 11 കെ വി ലൈനുകള്‍ മുഖേനയാണ് വൈദ്യുതി വിതരണം ചെയ്തു വന്നിരുന്നത്. ഇതുമൂലം മേന്മയുള്ള വൈദ്യുതി ലഭ്യമായിരുന്നില്ല. കൂടാതെ പലവിധ കാരണങ്ങളാലുള്ള വൈദ്യുതി തടസ്സങ്ങളും അനുഭവപ്പെട്ടിരുന്നു. മറയൂര്‍ 33 കെ വി സബ് സ്റ്റേഷന്‍ പൂര്‍ത്തീകരണത്തോടെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട എന്നീ പഞ്ചായത്തുകളില്‍ പെട്ട പതിനായിരത്തോളം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മേന്മയുള്ള വൈദ്യുതി ലഭ്യമാകുകയും വൈദ്യുതി തടസ്സങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുകയും ചെയ്യും.
5 എം വി എ ശേഷിയുള്ള രണ്ട് 33/11 കെ. വി ട്രാന്‍സ്ഫോര്‍മറുകളും അനുബന്ധ ഉപകരണങ്ങളും വൈദ്യുതി വിതരണത്തിനായി നാല് 11 കെ വി ഫീഡറുകളും അടങ്ങുന്നതാണ് മറയൂര്‍ സബ് സ്റ്റേഷന്‍ പദ്ധതി. പള്ളിവാസല്‍ പവര്‍ ഹൌസില്‍ നിന്ന് 16 എം വി എ, 66/33 കെ. വി ട്രാന്‍സ്ഫോര്‍മര്‍ കമ്മീഷന്‍ ചെയ്ത്, അതില്‍ നിന്ന് 55 കിലോമീറ്റര്‍ 33 കെ. വി ലൈന്‍ വലിച്ചാണ് മറയൂരില്‍ 33 കെ. വി വൈദ്യുതി എത്തിച്ചത്.
ഈ സബ് സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി 440 ലക്ഷം രൂപയും അനുബന്ധ ലൈനിന്റെ നിര്‍മ്മാണത്തിനായി 800 ലക്ഷം രൂപയും പള്ളിവാസല്‍ പവര്‍ ഹൗസില്‍ 66/33 കെ. വി ട്രാന്‍സ്ഫോര്‍മര്‍ ബേ നിര്‍മ്മിച്ച വകയില്‍ 685 ലക്ഷം രൂപയും ചെലവായിട്ടുണ്ട്.