Attappady is coming up with a 72 MW project to generate wind power.

അട്ടപ്പാടിയിലെ അഗളിയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള 72 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പിലാക്കുന്നതിന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ കളക്റ്ററേറ്റില്‍ ഉന്നതതല യോഗം നടന്നു. പദ്ധതി പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജനുവരി 27 ന് വിളിക്കാന്‍ ജില്ലാ കളക്റ്ററെ ചുമതലപ്പെടുത്തി. കൂടാതെ 4 മാസത്തിനുള്ളില്‍ പദ്ധതി പ്രദേശത്തിന്റെ സര്‍വ്വേ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.

പദ്ധതിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ഭൂമി ആദിവാസി മേഖലയില്‍ ഉള്‍പ്പെട്ടതായതിനാല്‍, പദ്ധതി കാലാവധിയായ 25 വര്‍ഷത്തേക്ക് NHPC യ്ക്ക് Right to Use അടിസ്ഥാനത്തിലാണ് പ്രസ്തുത ഭൂമി ലഭ്യമാക്കുന്നത്. പദ്ധതിയ്ക്കായി സ്ഥലം വിട്ടുകൊടുക്കുന്ന ആദിവാസികള്‍ ഉള്‍പ്പടെയുള്ള ഭൂവുടമകള്‍ക്ക് ഒരു നിശ്ചിത ശതമാനം വരുമാനം ഉറപ്പ് വരുത്തുന്നരീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 72 മെഗാവാട്ട് ഗ്രിഡിലേക്ക് കടത്തിവിടാന്‍ ആവശ്യമായ 220 കെ വി സബ് സ്റ്റേഷന്റെയും 220 കെ വി ലൈനിന്റെയും പ്രവര്‍ത്തി ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യാനും കേന്ദ്ര സര്‍ക്കാരിന്റെ Green Corridor ഫണ്ടിംഗ് നേടിയെടുക്കാനും ലക്ഷ്യമിടുന്നു.

യോഗത്തില്‍ കെ.എസ്.ഇ.ബി.എല്‍. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.അശോക് ഐ.എ.എസ്, പാലക്കാട്‌ ജില്ലാ കളക്റ്റര്‍ മൃണ്‍മയി ജോഷി ഐ.എ.എസ്., പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ NHPC യിലെ ഉന്നത ഉദ്യോഗസ്ഥര്‍, കെ.എസ്.ഇ.ബി.എല്‍ ലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.