ഇലക്ട്രീഷ്യന്മാർക്കുള്ള സൗജന്യ സൗരോർജ്ജ പ്രതിഷ്ഠാപന പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (16.02.2022) നിർവ്വഹിക്കും.
തിരുവനന്തപുരം ഹോട്ടൽ റെസിഡൻസി ടവറിൽ വച്ചാണ് ചടങ്ങ് നടക്കുന്നത്.
സൗരോർജ്ജ മേഖലയിൽ കേരളം ലക്ഷ്യമിടുന്ന 3,000 മെഗാവാട്ട് സൗരോർജ സ്ഥാപിതശേഷി നേടാൻ മേല്കൂരകളിൽ 10 ലക്ഷം പ്ലാന്റുകളെങ്കിലും സ്ഥാപിക്കേണ്ടതുണ്ട് . ഇതിനായി ഏകദേശം 40 ലക്ഷം മനുഷ്യ ദിനമെങ്കിലും ലഭ്യമാകേണ്ടതുണ്ട്. ഇങ്ങനെ കണക്കാക്കിയാൽ ഏകദേശം 5,000 സാങ്കേതിക പരിശീലനം ലഭിച്ചവരുടെ സേവനം അനിവാര്യമാണ്. ഇവയുടെ പരിപാലനം കൂടി കണക്കിലെടുത്താൽ ഇതിൽ കൂടുതൽ വരും.
22 .12 .2021 ൽ ഊർജ്ജമിത്ര കേന്ദ്രങ്ങള്ക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ വച്ച് ടെക്നീഷ്യന്മാർക്കും ഉർജ്ജമിത്ര സംരംഭകർക്കും സാങ്കേതിക പരിശീലനം നൽകുമെന്നു ഉറപ്പു നൽകിയിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശീലന പരിപാടിയുടെ ഉദ്‌ഘാടനമാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി 2 ദിവസത്തെ സൗജന്യ സൗരോർജ്ജ പരിശീലന പരിപാടിക്ക് അനെർട്ട് അപേക്ഷ ക്ഷണിച്ചു തുടങ്ങി. രജിസ്റ്റർ ചെയ്യുന്ന മുൻഗണന ക്രമത്തിൽ ആയിരിക്കും പരിശീലനം നൽകുന്നത്. പരിശീലനം ലഭിച്ചവര്ക്ക് തൊഴിൽ ദാതാക്കളുടെ സംഗമം നടത്തി ജോലിസാധ്യത വർദ്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. അനെർട്ടും ഈരംഗത്തു പ്രവർത്തിക്കുന്ന വ്യവസായ സംരംഭകരും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലന പരിപാടിയുടെ വിശദ വിവരങ്ങൾ അനെർട്ടിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കോഴ്സ് തൃപ്തികരമായി പൂർത്തിയാക്കിയ ശേഷം അനെർട്ട് പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും