സംസ്ഥാനത്തെ ഊര്‍ജ്ജ ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കും: കെ കൃഷ്ണന്‍കുട്ടി
സംസ്ഥാനത്തെ ഘട്ടം ഘട്ടമായി ഊര്‍ജ്ജ ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കാന്‍ ശ്രമിക്കുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഊര്‍ജ്ജ ഉത്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ പുറത്തു നിന്ന് വാങ്ങുന്ന വൈദുതിയുടെ അളവ് കുറച്ചു കൊണ്ട് വരാന്‍ സാധിക്കുമെന്നും ഇതിലൂടെ ഗാര്‍ഹിക ഇലക്ടിസിറ്റിയുടെ വിലയില്‍ കുറവ് വരുത്താനാവുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വ്യവസായങ്ങള്‍ക്കുള്‍പ്പെടെ ചുരുങ്ങിയ ചിലവില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചെറിയ വൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പുരപ്പുറ സോളാര്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ഓരോ വീടും വൈദ്യുതി ഉത്പാദന കേന്ദ്രമാക്കി മാറ്റാന്‍ പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബറോടെ ഇടുക്കി ജലവൈദ്യുത പദ്ധതി രണ്ടാം ഘട്ടത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇത് നടപ്പിലായാല്‍ വൈദ്യുത ചാര്‍ജ്ജ് കുറയുമെന്ന് മന്ത്രി ഉറപ്പ് നല്‍കി .
കഞ്ചിക്കോട് 220 കെ.വി സബ്‌സ്റ്റേഷന്‍ കോംബൗണ്ടില്‍ നടന്ന ചടങ്ങില്‍ കെ പ്രഭാകരന്‍ എം .എല്‍ .എ അധ്യക്ഷനായി. വി കെ ശ്രീകണ്ഠന്‍ എം പി മുഖ്യാതിഥി ആയി . പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, കെ എസ് ഇ ബി ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ വി മുരുകദാസ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീദ, പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം പത്മിനി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ സുന്ദരി, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍ മിന്‍മിനി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെഎസ്ഇബി ലിമിറ്റഡ് റീസ്, സൗര, സ്‌പോര്‍ട്‌സ്, വെല്‍ഫെയര്‍ ഡയറക്ടര്‍ ആര്‍.സുകു, കെ.എസ്. ഇ.ബി ചെയര്‍മാന്‍& മാനേജിങ് ഡയറക്ടര്‍ ബി. അശോക്, ഉദ്യോഗസ്ഥര്‍ തുടങിയവര്‍ പങ്കെടുത്തു.
ഫോട്ടോ :- കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
ഫോട്ടോ :- കഞ്ചിക്കോട് 220 കെ.വി സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി പവര്‍ ഹൗസ്