വൈദ്യുതി മേഖലയിൽ സമഗ്ര മാറ്റത്തിന് പദ്ധതി
സംസ്ഥാന ഗ്രിഡിൽ വൈദ്യുതി പ്രസരണ വിതരണ നഷ്ടം 10 ശതമാനത്തിൽ താഴെ എത്തിക്കാനും പ്രതി യൂണിറ്റ് നഷ്ടം 30 പൈസയിൽ നിന്ന് പൂജ്യമാക്കി കെ.എസ്.ഇ.ബി. അടക്കമുള്ള 40-ലധികം പൊതുമേഖലാ വിതരണ കമ്പനികളുടെ നഷ്ടം ഒഴിവാക്കാനുമുള്ള കേന്ദ്ര വിതരണ പരിഷ്കാര പദ്ധതി (RDSS) വൈദ്യുതി മേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമിടുന്നു. 12,200 കോടി രൂപയുടെ പദ്ധതിയില്‍ 4000 കോടി രൂപയിലധികം ചിലവിട്ട വിതരണ ശൃംഖലാനഷ്ടം കുറയ്ക്കുന്ന സാങ്കേതിക പരിപാടിയും, 8200 കോടി രൂപയോളം ചിലവിട്ട് 40 ലക്ഷം ഉപഭോക്താക്കൾക്ക് 2023-ൽ മുൻകൂർ പണമടയ്ക്കുന്ന സ്മാർട്ട് മീറ്ററുകൾ ഘടിപ്പിക്കാനുമാണ് പദ്ധതി. വൈദ്യുതി പ്രസരണ വിതരണ മേഖലയില്‍ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ വൈദ്യുതി തടസ്സങ്ങള്‍ ഒഴിവാക്കി, ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കും.
4 വർഷം കൊണ്ട് 200 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും മുൻകൂർ പണമടയ്ക്കേണ്ട മീറ്ററുകൾ രാജ്യത്താകെ നിലവിൽ വരും. എല്ലാ സർക്കാർ-പൊതുമേഖലാ ഉപഭോക്താക്കൾക്കും വ്യവസായ., വാണിജ്യ ഉപഭോക്താക്കൾക്കും 2023-നകം സ്മാർട്ട് മീറ്ററുകൾ കേന്ദ്രം മീറ്ററിംഗ് ചട്ടം ഭേദഗതി ചെയ്ത് നിർബന്ധമാക്കിയിരുന്നു. പത്തുവർഷം സ്മാർട്ട് മീറ്റർ സ്ഥാപിച്ച് പരിശോധിക്കുന്നതിന്റെയും ഇതിനെ കെ.എസ്.ഇ.ബി. കമ്പ്യൂട്ടർ ശൃംഖലയുമായി ഘടിപ്പിക്കുന്നതിന്റെയും ചിലവ് പ്രതി മീറ്റർ 6000 രൂപയായി കേന്ദ്രം കണക്കാക്കുന്നു. ഇതിന്റെ 15 ശതമാനം കേന്ദ്രവിഹിതമായി ലഭിക്കും. പദ്ധതിക്കായി സ്മാർട്ട് മീറ്ററുകൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് വാങ്ങി നൽകുക.
മൊബൈൽ പ്രീപെയ്ഡ് സംവിധാനം പോലെ കെ.എസ്.ഇ.ബി. അംഗീകൃത ആപ് മുഖേനയാവും ഇനിമുതൽ സ്മാർട്ട് മീറ്ററിൽ വൈദ്യുതി ഷെഡ്യൂൾ ചെയ്യേണ്ടത്. ആവശ്യമായ യൂണിറ്റുകൾക്ക് മാത്രം ഉപഭോക്താക്കൾ മുൻകൂർ പണമടച്ചാൽ മതി.
കേന്ദ്ര പദ്ധതി പൊതു ഉപദേഷ്ടാക്കളായി കേന്ദ്ര പവർ ഫിനാൻസ് കോർപ്പറേഷനേയും സ്മാർട്ട് മീറ്റർ നടപ്പിലാക്കുന്നതിന് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനേയും അംഗീകാരം നേടിയ കൺസൾട്ടന്റുമാരായി നിയമിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം ആദ്യഘട്ടത്തിൽ തന്നെ പദ്ധതി സമർപ്പിച്ച സംസ്ഥാനങ്ങളിൽ കേരളം പെടുന്നു.
ചൊവ്വാഴ്ച നടന്ന വീഡിയോ കോൺഫറൻസിൽ കേന്ദ്ര ഊർജ്ജ സെക്രട്ടറി അലോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പദ്ധതി അവലോകന യോഗം കേരളത്തിൽ പദ്ധതി അടങ്കൽ മാറ്റം കൂടാതെ അംഗീകരിച്ചതായാണ് സൂചന. കേരള ഊർജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, വൈദ്യുതി ബോർഡ് കമ്പനി ചെയർമാൻ ഡോ. ബി. അശോക് എന്നിവർ കേരളത്തെ പ്രതിനിധീകരിച്ചു.
വൈദ്യുതി പ്രസരണ വിതരണ മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി കാതലായ മാറ്റങ്ങൾ കമ്പ്യൂട്ടർവൽകൃത മീറ്ററിംഗ്, എനർജി അക്കൌണ്ടിംഗ് എന്നിവയിലൂടെ നിലവിൽ വരും.