ശബരിഗിരിയിലും രണ്ടാം പവര്‍ ഹൌസ്; ശേഷി ഇരട്ടിയാകും
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയിലും രണ്ടാം പവർഹൗസ് വരുന്നു. ശബരിഗിരി എക്സ്റ്റെൻഷൻ സ്കീം എന്നാണ് പദ്ധതി അറിയപ്പെടുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ ശബരിഗിരിയുടെ ശേഷി 340 മെഗാവാട്ടിൽ നിന്ന് 600 മെഗാവാട്ടായി ഉയരും. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാപ്കോസിന് (വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവിസസ്) എട്ടരക്കോടി രൂപയ്ക്ക് കരാർ നൽകാൻ തീരുമാനമായി. പദ്ധതിയുടെ വാണിജ്യ സാധ്യത റിപ്പോർട്ട് ഒരുമാസത്തിനകവും പാരിസ്ഥിതിക ആഘാത വിലയിരുത്തൽ അടക്കം ഡി.പി.ആർ. 18 മാസത്തിനകവും വാപ്കോസ് സമർപ്പിയ്ക്കും.
സംസ്ഥാനത്തിന്റെ പീക്ക്‌ലോഡ് വൈദ്യുതി ആവശ്യത്തിനാണ് പ്രധാനമായും ശബരിഗിരി പദ്ധതി ഉപയോഗിക്കുന്നത്. 60 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ടും 55 മെഗാവാട്ട് വീതം ശേഷിയുള്ള നാലും ജനറേറ്ററുകളാണ് (340 മെഗാവാട്ട്) നിലവിൽ ഉള്ളത്. 1968 ൽ കമ്മിഷൻ ചെയ്യുമ്പോൾ 300 മെഗാവാട്ടായിരുന്നു ശേഷി. 2004 – 2009 കാലഘട്ടത്തിൽ നടത്തിയ പുനരുദ്ധാരണത്തിലൂടെയാണ് ശേഷി 340 മെഗാവാട്ടായി ഉയർന്നത്.
പമ്പ നദിയിലാണ് ശബരിഗിരി പദ്ധതിയുടെ പ്രധാന റിസർവോയർ. മൂഴിയാറിൽ സ്ഥിതിചെയ്യുന്ന പവർഹൗസിലേക്ക് 5.138 കി.മീ നീളമുള്ള ടണലിലൂടെ വെള്ളം എത്തിച്ച് 2.6 കി.മീ വീതം നീഉമുള്ള മൂന്ന് പെൻസ്റ്റോക്കുകളിലൂടെയാണ് പവർഹൗസിൽ വെള്ളമെത്തിക്കുന്നത്. പദ്ധതിയുടെ ശേഷി 1.96 ഇരട്ടി വർധിപ്പിച്ച് 666 മെഗാവാട്ട് വരെ ഉയർത്താനുള്ള സാധ്യത നിലവിലുണ്ടെന്ന സിവിൽ ഇൻവെസ്റ്റിഗേഷൻ ചീഫ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിഗിരി വിപുലീകരണ പദ്ധതി എന്ന ആശയത്തിലേക്ക് വൈദ്യുതി ബോർഡ് എത്തിയത്.