സാധാരണക്കാരന് സംരക്ഷണം ഉറപ്പ് വരുത്തുന്ന വൈദ്യുതി ചാർജ് പരിഷ്കരണം
ജനങ്ങള്‍ക്ക് വലിയ ബാധ്യത ഉണ്ടാകാതെയും കെ എസ് ഇ ബി എല്‍ ന്റെ നിലനില്‍പ്പും കണക്കാക്കിക്കൊണ്ടാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി നിരക്ക് പുതുക്കിയിരിക്കുന്നത്. 2019 ജൂലൈ മാസം എട്ടാം തീയതി ആണ് അവസാനമായി വൈദ്യുത നിരക്ക് വർധിപ്പിച്ചത്. അതിനുശേഷം കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൊത്ത വിലസൂചികയില്‍ 19 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയെങ്കില്‍, വൈദ്യുതി നിരക്ക് വർധിപ്പിച്ചിരിക്കുന്നത് 6.6 ശതമാനം മാത്രമാണ്. ദുര്‍ബല വിഭാഗങ്ങള്‍ക്കും, കാര്‍ഷിക ഉപഭോക്താക്കള്‍ക്കും, ചെറുകിട വ്യവസായങ്ങള്‍ക്കും, ചെറുകിട കര്‍ഷകര്‍ക്കും താരിഫ് വര്‍ധനയില്ല എന്ന കാര്യം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.
താരിഫ് വർധനയില്ലാത്ത വിഭാഗങ്ങള്‍
• ആയിരം വാട്സ് വരെ കണക്ടഡ് ലോഡും, പ്രതിമാസം 40 യൂണിറ്റുവരെ ഉപഭോഗവും ഉള്ളവരുമായ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധനയില്ല
• പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് വർദ്ധനവ് ഇല്ല. ഏകദേശം 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
• അനാഥാലയങ്ങൾ വൃദ്ധസദനങ്ങൾ അംഗൻവാടികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് താരിഫ് വർധനയില്ല ഏകദേശം 35,200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്
• ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ആയിരം വാട്സ് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളോ, സ്ഥിരമായ അംഗവൈകല്യം ബാധിച്ചവർക്ക് താരിഫ് വർധനയില്ല
• എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യ നിരക്ക് അതേപടി നിലനിർത്തിയിരിക്കുകയാണ്
• ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്സിൽ നിന്നും 2000 വാട്സായി വർധിപ്പിച്ചിട്ടുണ്ട് ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.
• കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാർജ് വർധിപ്പിച്ചിട്ടില്ല. ഏകദേശം 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും
• 10 കിലോവാട്ട് വരെ കണക്ടഡ് ലോഡ് ഉള്ള ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകൾ, തയ്യൽ ജോലി ചെയ്യുന്നവർ, തുണി തേച്ചു കൊടുക്കുന്നവർ, തുടങ്ങിയ ചെറുകിട സംരംഭകർക്ക് വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരുന്നതാണ്. ഈ വിഭാഗങ്ങൾക്ക് ശരാശരി യൂണിറ്റിന് 15 പൈസയുടെ താരിഫ് വര്‍ധന മാത്രം.
• പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധന യൂണിറ്റിന് 25 പൈസയില്‍ താഴെമാത്രമാണ്. ഏകദേശം 28 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും