പൊതുമേഖലയിൽ, ഒറ്റ സ്ഥാപനമായി നിലനില്‍ക്കുന്ന കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് രാജ്യത്തിന് മാതൃക
എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചുകൊണ്ട്, പൊതുമേഖലയിൽ ഒറ്റ സ്ഥാപനമായി കേരള സംസ്ഥാന വൈദ്യുതി ബോർഡിനെ നിലനിർത്തിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയാക്കിയിരിക്കുകയാണ് കേരളം. കഴിഞ്ഞ സാമ്പത്തിക വർഷം 736.27 കോടി രൂപ പ്രവർത്തന ലാഭത്തിൽ എത്തിക്കാനും, വൈദ്യുതി ഉൽപാദന കമ്പനികള്‍ക്ക് യാതൊരുവിധത്തിലുള്ള കുടിശ്ശികയും വരുത്താതിരിക്കാനും ഈ പൊതുമേഖല സ്ഥാപനത്തിന് കഴിയുകയുണ്ടായി. വൈദ്യുതി പ്രസരണ വിതരണ നഷ്ടം രാജ്യത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ നിലനിർത്താൻ സാധിക്കുന്നുണ്ട്.
ലോക്സഭയിൽ അവതരിപ്പിച്ച വൈദ്യുതി നിയമഭേദഗതി ബില്‍ സംബന്ധിച്ച് ചില നിർദ്ദേശങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങളും മറ്റു ചില നിർദ്ദേശങ്ങളിലുള്ള ശക്തമായ വിയോജിപ്പും രേഖാമൂലം 23.9.2022ന് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്.
പുനരുപയോഗ ഊർജ്ജമേഖലയിൽ ഒരു വലിയ കുതിച്ചുചാട്ടത്തിന്റെ പാതയിലാണ് കേരളം. 3000 മെഗാ വാട്ട് വൈദ്യുതി 2027 ഓടുകൂടി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും പുനരുപയോഗ ഊർജ്ജസ്രോതസ്സുകളിലൂടെ ഉല്പാദിപ്പിക്കാൻ നാം ലക്ഷ്യമിടുന്നത്. കാസർഗോഡ് ജില്ലയിലെ ചീമേനിയിൽ 100 മെഗാവാട്ടിന്റെ സോളാർ പാർക്ക് കമ്മീഷൻ ചെയ്തു കഴിഞ്ഞു.
കേരളത്തിലെ ബില്ലിംഗ് എഫിഷ്യൻസി 92 ശതമാനവും കളക്ഷൻ എഫിഷ്യൻസി 99 ശതമാനത്തില്‍ അധികവുമായതിനാല്‍, സ്മാര്‍ട്ട് മീറ്ററിന് പകരം വൈദ്യുതി വിതരണ മേഖലയിലെ അടിസ്ഥാന സൌകര്യ വികസനത്തിനും ആധുനികവല്‍ക്കരണത്തിനുമാണ് ശ്രദ്ധ പതിപ്പിക്കുന്നത് . സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര സഹായം 15 ശതമാനത്തില്‍ നിന്ന് 60 ശതമാനം ആക്കും.
കേരളത്തിലെ വൈദ്യുതി വിതരണത്തിൽ ഉണ്ടാകുന്ന നഷ്ടം വളരെ കുറവായതിനാൽ, വിതരണ നഷ്ടം ഇനിയും കുറയ്ക്കുന്നതിന് വലിയ തോതിലുള്ള നിക്ഷേപം നടത്തേണ്ടതുണ്ട്. അടുത്ത അഞ്ചുവർഷംകൊണ്ട് വൈദ്യുതി വിതരണ മേഖലയില്‍ 30,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്.
സംസ്കാരം, ഭൂമിശാസ്ത്രം, ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗം എന്നിവയിൽ ഓരോ സംസ്ഥാനവും കേന്ദ്രഭരണ പ്രദേശവും വ്യത്യസ്തമായതിനാൽ എല്ലാവരോടും ഒരേ പോലെയുള്ള സമീപനം സ്വീകരിക്കുന്നത് ഉചിതമല്ല എന്ന് നീതിയോഗിന്റെ ഒരു റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചിരിക്കുന്നത് തീർത്തും ശരിയാണ്. കേരളത്തിലെ പ്രത്യേക സാഹചര്യവും, കെ ഫോണിന്റെ സാധ്യതകളും പരിഗണിച്ചുകൊണ്ട് പ്രീ പെയ്ഡ് സ്മാർട്ട് മീറ്റർ നടപ്പിലാക്കുന്നതിന് ശ്രമിക്കും.
കേരളത്തിൽ വാർഷിക ജല ലഭ്യത 3000 ടിഎംസി ആയിരിക്കെ, വൈദ്യുതി ഉൽപാദനത്തിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് വെറും 300 ടിഎംസി ആണെന്നുള്ള യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിൽ, പര്യവേഷണത്തിലും എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ഘട്ടത്തിലുമുള്ള 120 ൽ പരം ചെറുകിട ജല വൈദ്യുത പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതികൾ എത്രയും വേഗം ലഭ്യമാക്കാൻ വേണ്ട നടപടികള്‍ കേന്ദ്രസർക്കാരിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്.
കേരളം ഹൈഡ്രോ കൈനറ്റിക് സാങ്കേതിക വിദ്യയിലൂടെ വൈദ്യുതി ഉല്പാദനത്തിനുള്ള പൈലറ്റ് പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തിലാണ്. ഇത്തരം പദ്ധതികൾക്കും, മറ്റു ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും, പംപ്ഡ് സ്റ്റോറേജ് സ്റ്റേഷനുകൾക്കും സബ്സിഡിയും മറ്റാനുകൂല്യങ്ങളും വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്ങിലൂടെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിൻറെ ഇടപെടൽ ഉണ്ടാകണം.
വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി നൂറിൽപരം ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും, ആയിരത്തിലധികം ഇരു ചക്ര, മുച്ചക്ര വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകളും കമ്മീഷൻ ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ഫെയിം-2 പദ്ധതിയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു കൊണ്ട് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണത്തിന് സഹായം നൽകേണ്ടതാണ്.
കൽക്കരി അധിഷ്ടിത വൈദ്യുതി ഉല്പാദനത്തിന് ഇറക്കുമതി ചെയ്ത കൽക്കരിയും ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വൈദ്യുതി നിരക്കില്‍ 1.85 രൂപയുടെ വര്‍ദ്ധന ഉണ്ടാക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതിന് ഒരു ദീർഘകാല പരിഹാരം എന്ന നിലയിൽ ആഭ്യന്തര കൽക്കരി ഉൽപാദനം വർദ്ധിപ്പിക്കണമെന്നും, വൈദ്യുതി ഉൽപാദന നിലയങ്ങൾക്ക് കൂടുതൽ കല്‍ക്കരി വിഹിതം ലഭ്യമാക്കും.
കരട് വൈദ്യുതി ചട്ട ഭേദഗതി പ്രകാരം, ഇന്ധന വിലയിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾക്ക് അനുസൃതമായി വൈദ്യുതി താരിഫിൽ ഓരോ മാസവും വർദ്ധന വരുന്ന രീതി അംഗീകരിക്കാനാവില്ല . താരിഫ് നിർണയത്തിൽ റെഗുലേറ്ററി കമ്മിഷനുകളുടെ കർശനപരിശോധന ആവശ്യമാണ്. എന്നാൽ, സർച്ചാർജിന്റെ കാര്യത്തിൽ വർഷത്തിലൊരിക്കൽ റെഗുലേറ്ററി കമ്മിഷൻ പരിശോധിച്ചാൽ മതിയെന്ന കേന്ദ്രനിർദേശം ഉപഭോക്താക്കൾക്ക് വലിയ ദ്രോഹകരമാണ്.
ഇക്കഴിഞ്ഞ ദിവസം വൈദ്യുതി കേന്ദ്ര ഊർജ്ജ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം വൈദ്യുതി പ്രസരണ ലൈനുകൾ നിശ്ചിതകാലത്തേക്ക് സ്വകാര്യമേഖലയ്ക്ക് കൈമാറി പണമുണ്ടാക്കാൻ കേരളം തയ്യാറല്ല . ഈ നിർദ്ദേശം നടപ്പിലായാല്‍, പ്രസരണ ലൈനുകളുടെ അറ്റകുറ്റ പണികൾ അവതാളത്തിലാക്കുമെന്നും, നമ്മുടെ സംസ്ഥാനത്തിന്റെ അനുഭവങ്ങൾ പ്രകാരം സംസ്ഥാനത്തെ വൈദ്യുതി വികസനത്തിന് ധനകാര്യസ്ഥാപനങ്ങൾ അകമഴിഞ്ഞ പിന്തുണ നൽകുന്നതായാണ് കാണുന്നതെന്നും വിശദീകരിച്ചു. ഈ രീതി മറ്റ് സംസ്ഥാനങ്ങളിലെ പ്രസരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അനുകരിക്കാവുന്നതാണ് .