Purapura solar power project that radiates light: Solar power plants in 22079 households in the state

പ്രകാശം പരത്തുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതി: സംസ്ഥാനത്ത് 22079 വീടുകളിൽ സൗരോർജ പ്ലാന്റുകൾ

ഉയർന്നു വരുന്ന വൈദ്യുത ഉപയോഗം മൂലമുണ്ടാകുന്ന പ്രതിസന്ധി തരണം ചെയ്യുകയെന്ന ഉദ്ദേശത്തോടു കൂടി KSEB സൗര പ്രൊജക്ടിന്റെ ഭാഗമായ പുരപ്പുറ സൗരോർജ പദ്ധതിയിലൂടെ സംസ്ഥാനത്ത് 22079 വീടുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ചു. 96.24 മെഗാ വാട്ട് വൈദ്യുതിയാണ് ഇതുവഴി ഉത്പാദിപ്പിക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഉത്പാദിപ്പിച്ച് വീടുകളിൽ വൈദ്യുതി ചിലവ് കുറയ്ക്കുന്നതിനും പദ്ധതി വഴി സാധിക്കുന്നു.

3 കിലോവാട്ടിൽ താഴെയുള്ള സോളാർ പ്ലാന്റുകൾക്ക് 40 %-വും 3 മുതൽ മുകളിലേക്ക് 20 %-വുമാണ് സബ്‌സിഡി ലഭിക്കുക. ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിന് ഏകദേശം 42,000 രുപ ചിലവ് വരും. ഒരു കിലോവാട്ട് പ്ലാന്റിനായി 100 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. ഒരു കിലോ വാട്ട് പ്ലാന്റിൽ നിന്ന് പ്രതിദിനം 4 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. സാധാരണ ഒരു കുടുംബത്തിന് ഒരുദിവസം ഗാർഹിക ആവശ്യത്തിനായി 6 മുതൽ 8 യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. ഗാർഹിക ആവശ്യത്തിന് ഉപയോഗിച്ചതിനുശേഷം അധികമുള്ള വൈദ്യുതി ഇലക്ട്രിസ്റ്റി ബോർഡ് ഗ്രിഡ് വഴി വാങ്ങുകയും വർഷത്തിൽ ഇതിന്റെ തുക ഉപഭോക്താക്കൾക്കു നൽകുകയും ചെയ്യും. നിലവിൽ സംസ്ഥാനത്ത് 10 കിലോവാട്ടിൽ താഴെയുള്ള പ്ലാന്റുകളാണ് വീടുകളിൽ സ്ഥാപിച്ചിരിക്കുന്നത്.

നിരപ്പായ പ്രതലത്തിലുള്ള പുരപ്പുറങ്ങളാണ് പ്ലാന്റ് നിർമിക്കാൻ അനുയോജ്യം. തെക്കൻ ചായ്‌വിൽ നിന്നുള്ള വെയിൽ ലഭിക്കുന്നതിന് 10 ഡിഗ്രീ തെക്കോട്ട് ചായ്ച്ചാണ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്. ചരിഞ്ഞ പ്രതലങ്ങളുള്ള പുരപ്പുറങ്ങൾ ഉപയോഗിക്കുമ്പോൾ സ്റ്റാൻഡുകൾക്കും ഫാബ്രിക്കേഷൻ ജോലികൾക്കും അധിക ചിലവ് ആവശ്യമായി വരും. സൂര്യപ്രകാശത്തിനു തടസം സൃഷ്ടിക്കുന്ന നിഴൽ വരുത്തുന്ന മരങ്ങൾ,വലിയ കെട്ടിടങ്ങൾ എന്നിവ പാനൽ സ്ഥാപിക്കുന്നതിനു തടസമാകും. താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യാൻ ഇ-കിരണം പോർട്ടൽ https://ekiran.kseb.in/) സന്ദർശിയ്ക്കുക.

KSEB എംപാനൽ ചെയ്ത ഏജൻസികളാണ് പ്ലാന്റുകൾ നിർമ്മിച്ച് നൽകുന്നത്. ഏജൻസികളെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. പ്ലാന്റുകൾ പൂർത്തിയായശേഷം KSEB ഉപഭോക്താക്കളുമായി വൈദ്യുതി വിൽക്കുന്നതിനുള്ള കരാർ ഏർപ്പെടും. പ്ലാന്റുകൾ നിർമിക്കുന്നതിനുള്ള തുക ഉപഭോക്താക്കൾ കണ്ടെത്തുകയും നിർമാണം പൂർത്തിയായ ശേഷം സബ്‌സിഡി തുക തിരികെ ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് ഇ-കിരണം പോർട്ടൽ വഴി 88384 അപേക്ഷകളാണ് ഇതുവരെ (20.10.2022) ലഭിച്ചട്ടുള്ളത്. ഇത്രയും അപേക്ഷകൾ പൂർത്തികരിയ്ക്കുമ്പോൾ ഏകദേശം 319.02 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിയ്ക്കാനാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഇത് സംസ്ഥാനത്തെ ഊർജ്ജ പ്രതിസന്ധിയെ വലിയ അളവിൽ സഹായിയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. തുടക്കത്തിലെ മുതൽ മുടക്ക് ഒഴിവാക്കിയാൽ പിന്നീട് നല്ല രീതിയിൽ വൈദ്യുതി ബില്ലിൽ ലാഭം കിട്ടുമെന്നത് പദ്ധതിയുടെ പ്രസക്തി വർധിപ്പിക്കുന്നു.