500 ‘ലൈഫ്’ വീടുകളിൽ സൗരോർജ പ്ലാന്റുകൾ അനെർട്ട് സൗജന്യമായി സ്ഥാപിച്ചു നൽകുന്നു.
100 വീടുകളിൽ പാനലുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഡിസംബർ 31ന് മുൻപായി 500 വീടുകളിലും പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കും.
ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിലാണ് അനെർട്ട് സൗജന്യമായി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചു നല്കുന്നത്. സമൂഹത്തിൽ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്കും സൗരോർജ്ജത്തിന്റെ പ്രയോജനം ലഭിക്കണമെന്ന സർക്കാരിന്റെ ഇച്ഛാശക്തി ഉൾക്കൊണ്ടാണ് അനെർട്ട് ഈ പദ്ധതി ആവിഷ്കരിച്ചത്.
രണ്ടു കിലോ വാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റുകൾ സ്ഥാപിക്കാൻ 1,35,000 രൂപയാണ് ചെലവ് വരുന്നത്. ഇതിൽ 39,275 രൂപ കേന്ദ്ര സർക്കാർ വിഹിതവും 95,725 രൂപ സംസഥാന സർക്കാർ വിഹിതവുമാണ്. പ്ലാന്റുകൾ സ്ഥാപിക്കുക വഴി ലഭിക്കുന്ന വൈദ്യുതിയിൽ ഗുണഭോക്താവിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്നത് ഇലക്ട്രിസിറ്റി ബോർഡിന് നൽകാനാകുക വഴി ഒരു അധിക വരുമാനം ലഭിക്കും. ഒക്ടോബർ – സെപ്തംബർ വരെയുള്ള സൗര വർഷം അടിസ്ഥാനപ്പെടുത്തി അധികമായി വരുന്ന വൈദ്യുതിയാണ് ഇത്തരത്തിൽ നൽകാനാകുക. നിലവിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചതുപ്രകാരം യൂണിറ്റിന് 3.22 രൂപയാണ് ഉടമസ്ഥന് ലഭിക്കുക.
2 കിലോവാട്ട് പ്ലാന്റിന് 200 ചതുരശ്രയടി സ്ഥലമാണ് വീടുകളിൽ മാറ്റി വയ്ക്കേണ്ടത്. ലൈഫ് മിഷൻ ആണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നൽകുന്നത്.
ഈ മാതൃകയിൽ മറ്റ് സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ സൗജന്യമായി സൗരോർജ്ജ നിലയം സ്ഥാപിക്കാനുള്ള ബൃഹത് പദ്ധതി അനെർട്ട് ആവിഷ്കരിച്ചു വരുന്നു.